ലാഹോറില്‍ കളി മുടക്കി വീണ്ടും മഴ; ഓസ്ട്രേലിയ ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍; അഫ്ഗാനിസ്ഥാന് ഇനിയും സാധ്യത; ദക്ഷിണാഫ്രിക്ക-ഇംഗ്ലണ്ട് മത്സരഫലം നിര്‍ണായകം
ഓസ്ട്രേലിയ ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍
ലാഹോര്‍: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ലോകചാമ്പ്യന്‍മാരായ ഓസ്ട്രേലിയ സെമിയില്‍ പ്രവേശിച്ചു. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരം മഴ കാരണം ഉപേക്ഷിച്ചതോടെയാണ് ഓസീസിന്റെ സെമി പ്രവേശനം ഔദ്യോഗികമായത്. 274 റണ്‍സ് വിജയലക്ഷ്യം പിന്തുടരുകയായിരുന്ന ഓസ്ട്രേലിയ 12.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 109 റണ്‍സ് എന്ന അതിശക്തമായ നിലയില്‍ നില്‍ക്കുമ്പോള്‍ മഴ എത്തുകയായിരുന്നു. പിന്നീട് കളി പുനരാരംഭിക്കാന്‍ സാധിച്ചില്ല.
ഗ്രൗണ്ട് മത്സരയോഗ്യമല്ലാത്ത രീതിയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെയാണ് ഉപേക്ഷിക്കാന്‍ തീരുമാനമായത്. മാത്യു ഷോര്‍ട്ട് 20(15) മാത്രമാണ് ഓസീസ് നിരയില്‍ പുറത്തായത്. ഒമ്പത് ഫോറും ഒരു സിക്സും സഹിതം 40 പന്തില്‍ 55 റണ്‍സുമായി ട്രാവിസ് ഹെഡും ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തും 19(22) ആയിരുന്നു ക്രീസില്‍. ടൂര്‍ണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച ഓസ്ട്രേലിയയുടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചിരുന്നു. മൂന്ന് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റാണ് ഓസീസിന്റെ സമ്പാദ്യം.ഗ്രൂപ്പില്‍ നാളെ നടക്കുന്ന ദക്ഷിണാഫ്രിക്ക - ഇംഗ്ലണ്ട് മത്സരത്തിന്റെ ഫലത്തെ ആശ്രയിച്ചാകും ഈ ഗ്രൂപ്പില്‍ നിന്നുള്ള രണ്ടാമത്തെ സെമിഫൈനലിസ്റ്റുകളെ തീരുമാനിക്കുക.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാനിസ്താന്‍ 274 റണ്‍സാണെടുത്തത്. സെദിഖുള്ള അതാല്‍, അസ്മത്തുള്ള ഒമര്‍സായി എന്നിവര്രുടെ അര്‍ധസെഞ്ചുറി പ്രകടനത്തിന്റെ ബലത്തിലാണ് ടീം 274 റണ്‍സിലെത്തിയത്. മറുപടി ബാറ്റിങ്ങില്‍ ശക്തമായി തുടങ്ങിയ ഓസീസ് 109-1 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് മഴയെത്തിയത്. പിന്നീട് മത്സരം തുടരാനായില്ല. ഗ്രൂപ്പ് ബി യില്‍ ദക്ഷിണാഫ്രിക്കയ്ക്കും അഫ്ഗാനും സെമി സാധ്യത നിലനില്‍ക്കുന്നുണ്ട്.
ഗ്രൂപ്പിലെ ദക്ഷിണാഫ്രിക്ക-ഇംഗ്ലണ്ട് മത്സരം നിര്‍ണായകമാണ്. ജയിച്ചാല്‍ ദക്ഷിണാഫ്രിക്ക സെമിയിലെത്തും. അതേസമയം ഇംഗ്ലണ്ട് വിജയിച്ചാല്‍ അഫ്ഗാന് സാധ്യതയുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കും അഫ്ഗാനും മൂന്ന് പോയന്റാകും. മികച്ച നെറ്റ് റണ്‍റേറ്റുള്ള ടീം സെമി ടിക്കറ്റെടുക്കും. തോല്‍ക്കുകയാണെങ്കില്‍ പോലും നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ദക്ഷിണാഫ്രിക്ക സെമിയിലെത്താന്‍ സാദ്ധ്യത കൂടുതലാണ്. നെഗറ്റീവ് റണ്‍റേറ്റ് ആണ് അഫ്ഗാന് മുന്നിലുള്ള വില്ലന്‍.