ഋഷഭ് പന്തിനെ ലോറസ് അവാര്‍ഡിന് നാമനിര്‍ദേശം ചെയ്തു! 'കംബാക്ക് ഓഫ് ദ ഇയര്‍' കാറ്റഗറിയില്‍; സച്ചിന് ശേഷം ലോറസ് അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യപ്പെടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം

ഋഷഭ് പന്തിനെ ലോറസ് അവാര്‍ഡിന് നാമനിര്‍ദേശം ചെയ്തു

Update: 2025-03-03 13:53 GMT

മഡ്രിഡ്: പ്രശസ്തമായ ലോറസ് വേള്‍ഡ് കംബാക്ക് പുരസ്‌കാരത്തിനുള്ള ചുരുക്കപട്ടികയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്ത്. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടും രണ്ടു വര്‍ഷത്തെ ചികിത്സക്കും വിശ്രമത്തിനുശേഷം ക്രിക്കറ്റ് മൈതാനത്തേക്ക് ആത്മവിശ്വാസത്തോടെ മടങ്ങിയെത്തിയതാണ് താരത്തിന് ചുരുക്ക പട്ടികയില്‍ ഇടംനേടികൊടുത്തത്. പന്തിനൊപ്പം അഞ്ചു അന്താരാഷ്ട്ര പ്രശസ്ത കായിക താരങ്ങളും പട്ടികയിലുണ്ട്.

ബ്രസീല്‍ ജിംനാസ്റ്റിക് താരം റബേക ആന്ദ്രാഡെ, യു.എസ് നീന്തല്‍ താരം കേലെബ് ഡ്രെസ്സല്‍, സ്വിറ്റ്‌സര്‍ലന്‍ഡ് സ്‌കൈയിങ് ലാറ ഗട്ട്-ബെഹറാമി, സ്‌പെയിന്‍ മോട്ടോര്‍ സൈക്ലിങ് താരം മാര്‍ക് മാര്‍ക്വേസ്, ഓസ്‌ട്രേലിയന്‍ നീന്തല്‍ താരം അരിയാര്‍നെ ടിറ്റ്മസ് എന്നിവരാണ് പട്ടികയിലുള്ള മറ്റു താരങ്ങള്‍. ലോറസ് വേള്‍ഡ് സ്‌പോര്‍ട്ട് പുരസ്‌കാരത്തിന്റെ സില്‍വര്‍ ജൂബിലി വര്‍ഷമാണ് ഇത്തവണ. ഏപ്രില്‍ 21ന് മഡ്രിഡിലാണ് വ്യത്യസ്ത വിഭാഗങ്ങളിലെ പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിക്കുന്നത്.

സച്ചിന് ശേഷം ലോറസ് അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യപ്പെടുന്ന രണ്ടാമത്തെ ക്രിക്കറ്ററാണ് പന്ത്. 2022 ഡിസംബറില്‍ കാറപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ പന്ത് അടുത്തകാലത്താണ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത്. ഏപ്രില്‍ 21ന് മാഡ്രിഡില്‍ വെച്ചാണ് അവാര്‍ഡ് ദാന ചടങ്ങ് നടക്കുക. ഡല്‍ഹിയില്‍ നിന്ന് ജന്മനാടായ റൂര്‍ക്കിലേക്ക് വാഹനമോടിക്കുന്നതിനിടെ പന്തിന് കാറപകടത്തില്‍ പരിക്കേല്‍ക്കുന്നത്. നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ കാര്‍ കത്തിയെങ്കിലും പന്തിനെ വഴിയാത്രക്കരിലൊരാള്‍ രക്ഷപ്പെടുത്തുകയായിരുന്നു. താരത്തിന്റെ ക്രിക്കറ്റ് കരിയര്‍ ഏറെക്കുറെ അവസാനിച്ചെന്ന് ഏവരും ഉറപ്പിച്ചിരിക്കെയാണ് പരിക്കില്‍നിന്ന് മുക്തനായി വീണ്ടും മത്സര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത്.

താരത്തെ ഡെറാഡൂണിലെ ഒരു ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം പന്തിനെ വിമാനമാര്‍ഗം മുംബൈയിലേക്ക് കൊണ്ടുപോയി. അവിടെ അദ്ദേഹം ബിസിസിഐയുടെ സ്പെഷ്യലിസ്റ്റ് കണ്‍സള്‍ട്ടന്റിന്റെ പരിചരണത്തിലായിരുന്നു. വലതു കാല്‍മുട്ടിലെ മൂന്ന് ലിഗമെന്റുകളിലും ശസ്ത്രക്രിയ ചെയ്യേണ്ടിവന്നു. ശേഷം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ തന്റെ പുനരധിവാസം നടത്തി. കഴിഞ്ഞ വര്‍ഷം ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ നടന്ന മത്സരത്തില്‍ തന്റെ ഐപിഎല്‍ ഫ്രാഞ്ചൈസിയായ ഡല്‍ഹി ക്യാപിറ്റല്‍സിനായി കളിച്ചുകൊണ്ട് 27കാരന്‍ തിരിച്ചുവരവ് പ്രഖ്യാപിച്ചു. പിന്നീട് ടെസ്റ്റ് ക്രിക്കറ്റിലേക്ക് വിജയകരമായ തിരിച്ചുവരവ് നടത്തി, വാഹനാപകടത്തിന് ശേഷമുള്ള തന്റെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ സെഞ്ച്വറി നേടി. പന്തിന്റെ പ്രകടനം ഇന്ത്യയെ 280 റണ്‍സിന്റെ വിജയം നേടാന്‍ സഹായിച്ചിരുന്നു. 635 ദിവസത്തെ ഇടവേളക്കുശേഷം ബംഗ്ലാദേശിനെതിരെ ടെസ്റ്റ് കളിക്കാനിറങ്ങിയ താരം സെഞ്ച്വറി നേടിയാണ് തന്റെ രണ്ടാംവരവറിയിച്ചത്.

Similar News