'താരങ്ങള്‍ കയ്യില്ലാത്ത ടീഷര്‍ട്ടുകള്‍ ധരിക്കരുത്; സ്ലീവ്‌ലെസ് ടീഷര്‍ട്ടുകള്‍ ധരിച്ചാല്‍ ആദ്യം താക്കീത്; ആവര്‍ത്തിച്ചാല്‍ പിഴ; കുടുംബാംഗങ്ങള്‍ ഡ്രസിങ് റൂമുകളില്‍ കയറണ്ട'; ഐപിഎല്‍ സീസണിന് മുമ്പെ നിയമം കടുപ്പിച്ച് ബിസിസിഐ; ഫ്രാഞ്ചൈസികളെ അറിയിച്ചു
ഐപിഎല്ലിന് മുമ്പെ അച്ചടക്കം കര്‍ശനമാക്കി ബിസിസിഐ
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025 സീസണിനു മുന്നോടിയായി താരങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം കടുപ്പിച്ച് ബിസിസിഐ. താരങ്ങള്‍ ഒരു ബസ്സില്‍ തന്നെ യാത്ര ചെയ്യണമെന്നും, കുടുംബാംഗങ്ങള്‍ ടീമുകളുടെ ഡ്രസിങ് റൂമുകളില്‍ കയറുന്നതു വിലക്കണമെന്നും ബിസിസിഐ വിവിധ ഫ്രാഞ്ചൈസികളെ അറിയിച്ചു. അടുത്ത സീസണില്‍ താരങ്ങള്‍ കയ്യില്ലാത്ത ടീഷര്‍ട്ടുകള്‍ ധരിക്കരുതെന്നും നിര്‍ദേശമുണ്ട്. പ്രഫഷനല്‍ അന്തരീക്ഷം നിലനിര്‍ത്താനാണ് ഇതെന്നാണു വിശദീകരണം.
താരങ്ങളുടെ കുടുംബവും സുഹൃത്തുക്കളും ഹോട്ടലില്‍നിന്നു സ്റ്റേഡിയങ്ങളിലേക്കു പോകാന്‍ വേറെ വാഹനം ഉപയോഗിക്കേണ്ടിവരും. മത്സരങ്ങള്‍ക്കു തൊട്ടുമുന്‍പ് ഗ്രൗണ്ടില്‍വച്ച് താരങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കുന്നതും ഇനി നടക്കില്ല. മത്സരങ്ങള്‍ക്കിടെ കുറഞ്ഞത് രണ്ടോവറുകളെങ്കിലും താരങ്ങള്‍ വിക്കറ്റ് വേട്ടക്കാര്‍ക്കും റണ്‍വേട്ടക്കാര്‍ക്കുമുള്ള പര്‍പ്പിള്‍, ഓറഞ്ച് ക്യാപ്പുകള്‍ ധരിക്കണമെന്നും നിര്‍ദേശമുണ്ട്.
താരങ്ങള്‍ സ്ലീവ്‌ലെസ് ടീഷര്‍ട്ടുകള്‍ ധരിച്ചാല്‍ ആദ്യം താക്കീതു നല്‍കും. തെറ്റ് വീണ്ടും ആവര്‍ത്തിച്ചാല്‍ പിഴ ശിക്ഷയും ചുമത്താനാണു തീരുമാനം. ഐപിഎല്ലിലെ ടീമുകളുടെ മാനേജര്‍മാരുമായി ബിസിസിഐ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് നടപ്പാക്കേണ്ട നിര്‍ദേശങ്ങള്‍ എന്തൊക്കെയെന്നു വിശദീകരിച്ചത്. പരിശീലനത്തിനായും താരങ്ങള്‍ ടീം ബസില്‍ തന്നെ യാത്ര ചെയ്യണമെന്നും ആവശ്യമെങ്കില്‍ രണ്ടു ബാച്ചുകളായി താരങ്ങള്‍ക്കു വരാമെന്നുമാണു ബിസിസിഐയുടെ നിലപാട്. പരിശീലന ദിവസങ്ങളിലും താരങ്ങളുടെ കുടുംബത്തിന് ഡ്രസിങ് റൂമില്‍ പ്രവേശനമുണ്ടാകില്ല.
മാര്‍ച്ച് 22നാണ് ഐപിഎല്‍ 2025 സീസണിനു തുടക്കമാകുന്നത്. മാര്‍ച്ച് 20ന് മുംബൈയില്‍ ടീം ക്യാപ്റ്റന്‍മാര്‍ ഒത്തുചേരും. സാധാരണയായി ഉദ്ഘാടന മത്സരം നടക്കുന്ന നഗരത്തിലാണ് ക്യാപ്റ്റന്‍മാരുടെ യോഗവും ചേരാറുള്ളത്. ഇത്തവണ അതും മാറി. കൊല്‍ക്കത്തയില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലാണ് ഐപിഎല്‍ ഉദ്ഘാടന മത്സരം.