വാംഖഡെയില്‍ പേസ് കൊടുങ്കാറ്റായി ബുമ്രയും ബോള്‍ട്ടും; പുരാനെയും പന്തിനെയും കറക്കി വീഴ്ത്തി വില്‍ ജാക്സ്; ലക്നൗവിനെ 54 റണ്‍സിന് കീഴടക്കി മുംബൈ; തുടര്‍ച്ചയായ അഞ്ചാം ജയത്തോടെ പോയിന്റ് പട്ടികയില്‍ രണ്ടാമത്

ലക്നൗവിനെ 54 റണ്‍സിന് കീഴടക്കി മുംബൈ

Update: 2025-04-27 14:20 GMT

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആറാം ജയത്തോടെ മുംബൈ ഇന്ത്യന്‍സ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. തുടര്‍ച്ചയായി അഞ്ചു വിജയങ്ങള്‍ സ്വന്തമാക്കിയ മുംബൈ 10 മത്സരങ്ങളില്‍നിന്ന് 12 പോയിന്റുമായാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറിയത്. മുംബൈ ഉയര്‍ത്തിയ 216 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് 20 ഓവറില്‍ 161 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. മുംബൈ ഇന്ത്യന്‍സിന് 54 റണ്‍സ് വിജയം. 22 പന്തില്‍ 35 റണ്‍സെടുത്ത ആയുഷ് ബദോനിയാണ് ലക്‌നൗവിന്റെ ടോപ് സ്‌കോറര്‍. മിച്ചല്‍ മാര്‍ഷ് (24 പന്തില്‍ 34), നിക്കോളാസ് പുരാന്‍ (15 പന്തില്‍ 27), ഡേവിഡ് മില്ലര്‍ (16 പന്തില്‍ 24) എന്നിവരും ബാറ്റിങ്ങില്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തു. ജസ്പ്രിത് ബുമ്ര നാല് വിക്കറ്റ് വീഴ്ത്തി. ട്രന്റ് ബോള്‍ട്ടിന് രണ്ട് വിക്കറ്റുണ്ട്. വില്‍ ജാക്സ് രണ്ട് പേരെ പുറത്താക്കി. നേരത്തെ റ്യാന്‍ റിക്കിള്‍ട്ടണ്‍ (32 പന്തില്‍ 58), സൂര്യകുമാര്‍ യാദവ് (28 പന്തില്‍ 54) എന്നിവരുടെ ഇന്നിംഗ്സുകളാണ് മുംബൈക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. പരിക്ക് മാറി മടങ്ങിയെത്തിയ പേസര്‍ മായങ്ക് യാദവ് ലക്നൗവിനായി രണ്ട് വിക്കറ്റ് വീഴ്ത്തി.

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ലക്‌നൗവിന് എയ്ഡന്‍ മാര്‍ക്രമിനെ തുടക്കത്തിലെ നഷ്ടമായി. ഒന്‍പതു റണ്‍സെടുത്ത ദക്ഷിണാഫ്രിക്കന്‍ ഓപ്പണറെ ജസ്പ്രീത് ബുമ്ര പുറത്താക്കി. മിച്ചല്‍ മാര്‍ഷിനൊപ്പം നിക്കോളാസ് പുരാനും ചേര്‍ന്നതോടെ ലക്‌നൗ സ്‌കോറിങ്ങിനു വേഗം കൂടി. പുരാന്‍ വില്‍ ജാക്‌സിന്റെ പന്തില്‍ പുറത്തായപ്പോള്‍, ക്യാപ്റ്റന്‍ ഋഷഭ് പന്ത് നാലു റണ്‍സ് മാത്രമെടുത്തു മടങ്ങി. രണ്ടു ബോളുകള്‍ മാത്രം നേരിട്ട ഋഷഭിനെയും വില്‍ ജാക്‌സാണു മടക്കിയത്. ലക്‌നൗ പത്തു മത്സരങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ ആറാം തവണയാണ് ഋഷഭ് പന്ത് രണ്ടക്കം കടക്കാതെ പുറത്താകുന്നത്.

ടീം തോല്‍വിക്കും വിജയത്തിനും ഇടയില്‍ നില്‍ക്കുമ്പോള്‍ മികച്ച ഒരു ഇന്നിങ്‌സിലൂടെ ടീമിനെ കരകയറ്റാനുള്ള അവസരമാണ് ഋഷഭ് പന്ത് കളഞ്ഞുകുളിച്ചത്. സ്‌കോര്‍ 110 ല്‍ നില്‍ക്കെ ഓപ്പണര്‍ മിച്ചല്‍ മാര്‍ഷിന്റെ പുറത്താകല്‍ ലക്‌നൗവിനു തിരിച്ചടിയായി. എന്നാല്‍ പകരക്കാരനായി ഇറങ്ങിയ ഡേവിഡ് മില്ലറും ആയുഷ് ബദോനിയും തകര്‍ത്തടിച്ചതോടെ ലക്‌നൗവിനു വിജയ പ്രതീക്ഷയുണ്ടായിരുന്നു. 135 ല്‍ ബദോനിയെയും 141 ല്‍ ഡേവിഡ് മില്ലറെയും പുറത്താക്കി, മുംബൈ കളിയിലേക്കു തിരിച്ചെത്തി. ലക്‌നൗ വാലറ്റം ബാറ്റിങ്ങില്‍ ഒന്നും ചെയ്യാനാകാതെ പോയതോടെ മുംബൈയ്ക്ക് സീസണിലെ ആറാം വിജയം. നാലോവറില്‍ 22 റണ്‍സ് വഴങ്ങിയ ജസ്പ്രീത് ബുമ്ര മുംബൈയ്ക്കായി നാലു വിക്കറ്റുകള്‍ വീഴ്ത്തി. ട്രെന്റ് ബോള്‍ട്ട് മൂന്നു വിക്കറ്റുകളും വില്‍ ജാക്‌സ് രണ്ടു വിക്കറ്റും സ്വന്തമാക്കി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത മുംബൈ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സെടുത്തു. റയാന്‍ റിക്കിള്‍ട്ടനും സൂര്യകുമാര്‍ യാദവും അര്‍ധ സെഞ്ചറി നേടി. 32 പന്തുകള്‍ നേരിട്ട റിക്കിള്‍ട്ടന്‍ 58 റണ്‍സും, 28 പന്തുകളില്‍നിന്ന് സൂര്യ 54 റണ്‍സുമെടുത്തു പുറത്തായി. വില്‍ ജാക്‌സ് (21 പന്തില്‍ 29), കോര്‍ബിന്‍ ബോഷ് (10 പന്തില്‍ 20), നമന്‍ ധിര്‍ (11 പന്തില്‍ 25) എന്നിവരാണ് മുംബൈയുടെ മറ്റു സ്‌കോറര്‍മാര്‍.

രണ്ട് സിക്‌സുകള്‍ പറത്തി മികച്ച തുടക്കം നേടിയ ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ വിക്കറ്റാണ് മുംബൈ ഇന്ത്യന്‍സിന് ആദ്യം നഷ്ടമായത്. 5 പന്തില്‍ 12 റണ്‍സെടുത്ത രോഹിത്തിനെ പരിക്ക് മാറി മടങ്ങിയെത്തിയ അതിവേഗക്കാരന്‍ മായങ്ക് യാദവ് പുറത്താക്കുകയായിരുന്നു. എങ്കിലും തകര്‍ത്തടിച്ച സഹ ഓപ്പണര്‍ റയാന്‍ റിക്കിള്‍ട്ടണ്‍ മുംബൈയെ പവര്‍പ്ലേയില്‍ 66-1 എന്ന ശക്തമായ നിലയിലെത്തിച്ചു. 32 പന്തുകളില്‍ ആറ് ഫോറും നാല് സിക്‌സറുകളും സഹിതം 58 റണ്‍സെടുത്ത റിക്കിള്‍ട്ടണെ 9-ാം ഓവറില്‍ സ്പിന്നര്‍ ദിഗ്വേഷ് രാത്തി പുറത്താക്കി.

വണ്‍ഡൗണ്‍ ബാറ്റര്‍ വില്‍ ജാക്‌സിനെ 12-ാം ഓവറിലെ മൂന്നാം പന്തില്‍ പ്രിന്‍സ് യാദവ് ബൗണ്‍ഡാക്കുകയും ചെയ്തപ്പോള്‍ മുംബൈ സ്‌കോര്‍ 116-3. നേരിട്ട 21 പന്തുകളില്‍ 29 റണ്‍സാണ് ജാക്‌സിന്റെ സമ്പാദ്യം. 13-ാം ഓവറില്‍ രവി ബിഷ്‌ണോയിയുടെ കറങ്ങും പന്തില്‍ മടങ്ങിയ തിലക് വര്‍മ്മ അഞ്ച് ബോളുകളില്‍ ആറ് റണ്‍സിലൊതുങ്ങി. താളം കണ്ടെത്തിയ സൂര്യകുമാര്‍ യാദവും ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും ക്രീസില്‍ നില്‍ക്കേ മുംബൈ ഇന്ത്യന്‍സ് 15 ഓവറില്‍ 157-4 എന്ന സ്‌കോറിലായിരുന്നു. തൊട്ടടുത്ത ഓവറില്‍ ഹാര്‍ദിക്കിനെ മായങ്ക് യാദവ് ബൗള്‍ഡാക്കി.

ഹാര്‍ദിക് ഏഴ് പന്തില്‍ അഞ്ച് റണ്‍സേ നേടിയുള്ളൂ. എങ്കിലും അടി തുടര്‍ന്ന സ്‌കൈ 27 പന്തുകളില്‍ ഫിഫ്റ്റി കണ്ടെത്തി. 18-ാം ഓവറില്‍ സിക്സര്‍ പറത്തി ഫിഫ്റ്റി തികച്ച സൂര്യയെ തൊട്ടടുത്ത പന്തില്‍ ആവേഷ് ഖാന്‍, മിച്ചല്‍ മാര്‍ഷിന്റെ കൈകളെത്തിച്ചു. 28 ബോളുകളില്‍ 54 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്. അവസാന ഓവറുകളില്‍ നമാന്‍ ധിര്‍- കോര്‍ബിന്‍ ബോഷ് സഖ്യം നടത്തിയ വെടിക്കെട്ട് മുംബൈയെ 200 കടത്തി. ധിര്‍ 11 പന്തില്‍ 25* ഉം, ബോഷ് 10 പന്തില്‍ 20 ഉം റണ്‍സ് വീതം നേടി. ധിര്‍ രണ്ട് വീതം ഫോറും സിക്‌സും പറത്തി. ലക്നൗ നിലയില്‍ മായങ്കിന് പുറമെ ആവേഷും രണ്ട് പേരെ പുറത്താക്കി.

Tags:    

Similar News