ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ ഇംഗ്ലണ്ടിലോ? ബിസിസിഐയെ സന്നദ്ധത അറിയിച്ച് ഇസിബി; ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പ് മത്സരം പൂര്‍ത്തിയാക്കാമെന്നും നിര്‍ദേശം; സെപ്റ്റംബറില്‍ മത്സരം നടത്തുന്നതും പരിഗണനയില്‍; വിദേശതാരങ്ങളെ നാട്ടിലെത്തിക്കാന്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍

ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ ഇംഗ്ലണ്ടിലോ?

Update: 2025-05-10 07:39 GMT

ന്യൂഡല്‍ഹി: ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് മാറ്റിവെച്ച ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ ഇംഗ്ലണ്ടില്‍ നടത്താന്‍ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി) സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്. ഇക്കാര്യം ഇസിബി, ബിസിസിഐയെ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിര്‍ത്തിയിലെ ഇന്ത്യ പാക്ക് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഒരാഴ്ചത്തേക്ക് ഐപിഎല്‍ മല്‍സരങ്ങള്‍ നിര്‍ത്തിവച്ചത്. ഇനി നടക്കാനുള്ള 16 ഐപിഎല്‍ മല്‍സരങ്ങളെ പറ്റിയാണ് അനിശ്ചിതത്വം. സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഐപിഎല്‍ രാജ്യത്തിന് പുറത്തേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ ഐപിഎല്‍ ഇംഗ്ലണ്ടില്‍ നടന്നേക്കാം എന്നാണ് സൂചന.

സുരക്ഷാ ഭീഷണി കാരണം ഐപിഎല്‍ മത്സരങ്ങള്‍ ബിസിസിഐ ഒരാഴ്ചത്തേക്ക് മാറ്റിവെച്ചതായി അറിയിപ്പ് വന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് ഇസിബി ടൂര്‍ണമെന്റ് നടത്തിപ്പിന് സന്നദ്ധത അറിയിച്ച് രംഗത്തെത്തിയത്. വെള്ളിയാഴ്ച വൈകീട്ട് ഇംഗ്ലീഷ് മാധ്യമമായ ദ ക്രിക്കറ്ററാണ് ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. സംഘര്‍ഷം അയയുകയാണെങ്കില്‍ ഐപിഎല്‍ മല്‍സരം ഇന്ത്യയില്‍ തന്നെ നടത്താനാണ് ബിസിസിഐയുടെ താല്‍പര്യം. എന്നാല്‍ ആവശ്യമെങ്കില്‍ ഐപിഎല്ലിന് ആതിഥേയരാകാന്‍ തയ്യാറാണെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരിക്കുകയാണ്. കഴിയുന്നത് പോലെ ബിസിസിഐയെ സഹായിക്കാന്‍ തയ്യാറാണെന്ന് ഇസിബി ചീഫ് എക്‌സിക്യൂട്ടീവ് റിച്ചാര്‍ഡ് ഗൗള്‍ഡ് പറഞ്ഞതായി ഇംഗ്ലീഷ് മാധ്യമമായ മെയില്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.

മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കില്‍ വോണും ഐപിഎല്‍ ഇംഗ്ലണ്ടില്‍ നടത്താം എന്നൊരു നിര്‍ദ്ദേശം മുന്നോട്ട് വച്ചിട്ടുണ്ട്. ജൂണ്‍ 20 തിന് ആരംഭിക്കുന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് മുന്‍പ് ഐപിഎല്‍ പൂര്‍ത്തിയാക്കാം എന്നാണ് വോണിന്റെ നിര്‍ദ്ദേശം. കളിക്കാരുടെ സുരക്ഷ അടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ച് ഐപിഎല്‍ ഫ്രാഞ്ചൈസികളുമായി ചര്‍ച്ച നടത്തിയാണ് ഐപിഎല്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചത്. പിന്നാലെ എല്ലാ വിദേശ താരങ്ങളെയും നാട്ടിലേക്ക് എത്തിക്കാന്‍ ചാര്‍ട്ടേഡ് വിമാനങ്ങളും ക്രമീകരിച്ചിരുന്നു. അതേസമയം ഇനി മത്സരങ്ങള്‍ എന്ന് ആരംഭിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. 12 ലീഗ് മല്‍സരങ്ങളും നാല് പ്ലേ ഓഫ് മല്‍സരങ്ങളുമാണ് ഐപിഎല്ലില്‍ ബാക്കിയുള്ളത്.

ഇംഗ്ലണ്ടിലെ പത്ത് കളിക്കാരാണ് ഐപിഎല്ലില്‍ കളിക്കുന്നത്. ജോസ് ബട്ലര്‍, ജോഫ്ര ആര്‍ച്ചെര്‍, ജേക്കബ് ബെതെല്‍, ലിയാം ലിവിങ്സ്റ്റണ്‍ തുടങ്ങിയവര്‍ പട്ടികയില്‍ ഉള്‍പ്പെടും. പാറ്റ് കമ്മിന്‍സ്, മിച്ചെല്‍ സ്റ്റാര്‍ക്, ജോഷ് ഹാസെല്‍വുഡ്, ട്രാവിസ് ഹെഡ് തുടങ്ങിയ ഓസീസ് താരങ്ങളും മടങ്ങാനുള്ള ഒരുക്കത്തിലാണ്. എയ്ദന്‍ മാര്‍ക്രം, മാര്‍കോ ജാന്‍സെന്‍, ഹെന്റിച്ച് ക്ലാസെന്‍, ഡേവിഡ് മില്ലര്‍ തുടങ്ങിയ ദക്ഷിണാഫ്രിക്കന്‍ കളിക്കാരും ഐപിഎല്ലില്‍ കളിക്കുന്നുണ്ട്.

അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ ഐപിഎല്‍ ക്രിക്കറ്റ് ഒരാഴ്ചത്തേക്ക് നിര്‍ത്തിവെക്കുകയാണെന്ന് വെള്ളിയാഴ്ച വൈകീട്ടാണ് ബിസിസിഐ അറിയിച്ചത്. സെക്രട്ടറി ദേവജിത്ത് സെക്കിയയാണ് തീരുമാനം അറിയിച്ചത്. ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് സുരക്ഷാഭീഷണിയുള്ള സാഹചര്യത്തിലാണ് മത്സരങ്ങള്‍ മാറ്റിവെക്കുന്നത്. ഐപിഎല്‍ ചരിത്രത്തില്‍ രണ്ടാം തവണയാണ് ടൂര്‍ണമെന്റിനിടെ മത്സരങ്ങള്‍ നിര്‍ത്തിവെക്കുന്നത്. മുന്‍പ് 2021-ല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ഇടയ്ക്ക് നിര്‍ത്തിവെച്ചത്.

കഴിഞ്ഞദിവസം ധരംശാലയില്‍നടന്ന പഞ്ചാബ് കിങ്‌സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം ഇടയ്ക്കുെവച്ച് ഉപേക്ഷിച്ചിരുന്നു. പാക്കിസ്ഥാന്‍ ഡ്രോണ്‍ ആക്രമണം ശക്തമാക്കിയതിനെ തുടര്‍ന്നുള്ള സുരക്ഷാഭീക്ഷണിയെ തുടര്‍ന്നാണ് മത്സരം നിര്‍ത്തിയതും കളിക്കാരെയും കാണികളെയും സ്റ്റേഡിയത്തില്‍നിന്നു മാറ്റിയതും. ഇതിന്റെ തുടര്‍ച്ചയായി വെള്ളിയാഴ്ച രാവിലെനടന്ന ഐപിഎല്‍ ഗവേണിങ് ബോഡി യോഗത്തിനുശേഷമാണ് മത്സരങ്ങള്‍ നിര്‍ത്തിവെക്കാനുള്ള തീരുമാനമെടുത്തത്.

2021-ല്‍ കോവിഡ് വ്യാപനത്തോടെ ഐപിഎല്‍ മേയ് നാലിന് നിര്‍ത്തിവെച്ചിരുന്നു. പിന്നീട് സെപ്റ്റംബറില്‍ യുഎഇയിലാണ് ബാക്കി മത്സരങ്ങള്‍ നടത്തിയത്. ഇത്തവണയും സെപ്റ്റംബറില്‍ ബാക്കി മത്സരങ്ങള്‍ നടത്താനാണ് സാധ്യത. ഒരാഴ്ചയ്ക്കുശേഷം മത്സരങ്ങള്‍ നടത്താന്‍ കഴിയുന്ന അവസ്ഥയാണെങ്കില്‍ കുറച്ചുമത്സരങ്ങളെങ്കിലും പൂര്‍ത്തിയാക്കാനാകും ശ്രമം. സംഘര്‍ഷത്തിന് അയവ് വന്നില്ലെങ്കില്‍ സെപ്റ്റംബറിലാകും അവശേഷിക്കുന്ന 16 മത്സരങ്ങളും നടക്കുന്നത്.

ജൂണ്‍ 20-നാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം ആരംഭിക്കുന്നത്. ഇതിനു മുന്‍പ് ഇന്ത്യയുടെ എ ടീം ഇംഗ്ലണ്ടിലേക്കു പോകുന്നുണ്ട്. ഇംഗ്ലണ്ട് പര്യടനത്തിലെ അവസാന ടെസ്റ്റ് ജൂലായ് 31-നാണ്. ഇതിനു ശേഷം ഓഗസ്റ്റില്‍ ബംഗ്ലാദേശില്‍ പര്യടനമുണ്ട്. ഓഗസ്റ്റ് 31-ന് ട്വന്റി-20 മത്സരത്തോടെ പര്യടനം അവസാനിക്കും. അതിനുശേഷം സെപ്റ്റംബറില്‍ ഏഷ്യാകപ്പ് മത്സരങ്ങളുണ്ട്. എന്നാല്‍, ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെയടിസ്ഥാനത്തില്‍ ഏഷ്യാകപ്പ് നടക്കാനുള്ള സാധ്യത വിരളമാണ്. അതുകൊണ്ടുതന്നെ സെപ്റ്റംബറിലാകും ബാക്കി മത്സരങ്ങള്‍.

2021-ല്‍ സംഭവിച്ചത്

കോവിഡ് വ്യാപനം ശക്തമായതോടെ 2021-ലെ ഐപിഎല്‍ മത്സരങ്ങള്‍ ഇടയ്ക്കുവെച്ച് നിര്‍ത്തിയിരുന്നു. എട്ട് ടീമുകളാണ് അന്ന് ലീഗില്‍ പങ്കെടുത്തിരുന്നത്. മൊത്തം 60 മത്സരങ്ങളാണുണ്ടായിരുന്നത്. മേയ് രണ്ടിന് 29-ാം മത്സരം പൂര്‍ത്തിയായതിനുശേഷമാണ് ലീഗ് നിര്‍ത്തിവെക്കുന്നത്. പിന്നീട് സെപ്റ്റംബര്‍ 19-ന് യുഎഇയിലാണ് മത്സരങ്ങള്‍ പുനരാരംഭിച്ചത്. 19-നായിരുന്നു ആദ്യ മത്സരം. ഫൈനലടക്കം 31 കളികള്‍ ഇവിടെ നടന്നു. ദുബായ്, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്. ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് കപ്പുയര്‍ത്തി.

Tags:    

Similar News