ധരംശാലയിലെ മത്സരത്തിനിടെ ആശങ്കയായി അതിര്‍ത്തിയിലെ സംഘര്‍ഷം; ഐപിഎല്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാനൊരുങ്ങി; വെടിനിര്‍ത്തല്‍ അറിഞ്ഞത് വിമാനത്തില്‍ കയറിയ ശേഷം; വിദേശ താരങ്ങളെ പിന്തിരിപ്പിച്ച് പോണ്ടിംഗിന്റെ ഇടപെടല്‍; പഞ്ചാബിന്റെ രക്ഷകനായി വീണ്ടും പരിശീലകന്‍
പഞ്ചാബിന്റെ രക്ഷകനായി വീണ്ടും പരിശീലകന്‍
ചണ്ഡീഗഡ്: വെടിനിര്‍ത്തലിന് പിന്നാലെ ഐപിഎല്‍ മത്സരങ്ങള്‍ പുനരാരംഭിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പഞ്ചാബ് കിംഗ്‌സിന്റെ രക്ഷകനായി റിക്കി പോണ്ടിംഗിന്റെ നിര്‍ണായക ഇടപെടലിന്റെ വാര്‍ത്തയാണ് പുറത്തുവരുന്നത്. അതിര്‍ത്തിയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാന്‍ വിമാനത്തില്‍ കയറിയ വിദേശ താരങ്ങളെ വെടിനിര്‍ത്തല്‍ വിവരം അറിഞ്ഞ് തിരിച്ചിറക്കിയ പോണ്ടിംഗിന്റെ ഇടപെടലാണ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.
ധരംശാലയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന് എതിരായ മത്സരം പുരോഗമിക്കുന്നതിനിടെയായിരുന്നു അതിര്‍ത്തിയിലെ ഇന്ത്യ പാക്കിസ്ഥാന്‍ സംഘര്‍ഷത്തിന്റെയും ഡ്രോണ്‍ ആക്രമണത്തിന്റെയും വാര്‍ത്തകള്‍ വന്നത്. ഫ്‌ലഡ് ലൈറ്റുകള്‍ അണഞ്ഞതോടെ മത്സരം നിര്‍ത്തി സുരക്ഷിത സ്ഥാനത്തേക്ക് താരങ്ങള്‍ മാറുകയും ചെയ്തിരുന്നു. പിന്നാലെ ഐപിഎല്‍ മാറ്റിവച്ചതായും അറിയിപ്പുവന്നു. ഇതോടെ വിദേശതാരങ്ങള്‍ നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുകയായിരുന്നു.
അതിനിടെ അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ഓസ്‌ട്രേലിയയിലേക്കുള്ള യാത്ര റിക്കി പോണ്ടിംഗും സംഘവും ഉപേക്ഷിച്ചത്. ഇന്ത്യ-പാക് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതോടെ അസിസ്റ്റന്റ് കോച്ച് ബ്രാഡ് ഹാഡിനൊപ്പം ഓസ്‌ട്രേലിയയിലേക്ക് മടങ്ങാന്‍ പോണ്ടിംഗ് വിമാനത്തില്‍ കയറിയിരുന്നു. വിമാനം പുറപ്പെടുന്നതിന് തൊട്ടുമുന്‍പ് വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന്റെ വാര്‍ത്ത അറിഞ്ഞതോടെ പോണ്ടിംഗ്, ഹാഡിനൊപ്പം മടക്കയാത്ര വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
പഞ്ചാബ് കിംഗ്‌സ് സിഇഒ സതീഷ് മേനോനാണ് ഇക്കാര്യം അറിയിച്ചത്. പോണ്ടിംഗിന് മാത്രമെ അത്തരമൊരു തീരുമാനമെടുക്കാന്‍ കഴിയുമായിരുന്നുള്ളുവെന്നും അദ്ദേഹത്തിന്റെ ധൈര്യമാണ് ടീം അംഗങ്ങള്‍ നാട്ടിലേക്ക് പോകുന്നത് തടഞ്ഞതെന്നും സതീഷ് മേനോന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. പഞ്ചാബിന്റെ ഓസീസ് താരങ്ങളായ മാര്‍ക്കസ് സ്റ്റോയിനിസ്, ജോഷ് ഇംഗ്ലിസ്, സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ് തുടങ്ങിയവര്‍ പോണ്ടിംഗിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് നാട്ടിലേക്കുളള യാത്ര റദ്ദാക്കി. ദക്ഷിണാഫ്രിക്കന്‍ താരം മാര്‍കോ യാന്‍സന്‍ മാത്രമാണ് നാട്ടിലേക്ക് മടങ്ങിയ പഞ്ചാബിന്റെ വിദേശതാരം.
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ പഞ്ചാബ് കിംഗ്‌സിന്റെ മത്സരം ധരംശാലയില്‍ പുരോഗമിക്കുന്നതിനിടെയാണ് അതിര്‍ത്തി സംഘര്‍ഷത്തെത്തുടര്‍ന്ന് സ്റ്റേഡിയത്തിലെ ഫ്‌ലഡ് ലൈറ്റുകള്‍ നിര്‍ത്തിവെക്കുകയും കാണികളെ സ്റ്റേഡിയത്തില്‍ നിന്ന് ഒഴിപ്പിക്കുകയും ചെയ്തത്. ഈ സമയം 10 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെന്ന മികച്ച നിലയിലായിരുന്നു പഞ്ചാബ്. ജയിച്ചിരുന്നെങ്കില്‍ പഞ്ചാബിന് പോയന്റ് പട്ടികയിലെ ഒന്നാം സ്ഥാനവും പ്ലേ ഓഫും ഉറപ്പിക്കാമായിരുന്നു.
നിര്‍ത്തിവെച്ച മത്സരം വീണ്ടും നടത്തുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പഞ്ചാബിന്റെ ഹോം മത്സരങ്ങളുടെ വേദി ധരംശാലയില്‍ നിന്ന് നിഷ്പക്ഷ ഗ്രൗണ്ടിലേക്ക് മാറ്റാനും സാധ്യതയുണ്ട്. 11 കളികളില്‍ 15 പോയന്റുള്ള പഞ്ചാബ് പ്ലേ ഓഫിന് തൊട്ടടുത്താണ്. അവശേഷിക്കുന്ന മൂന്ന് കളികളില്‍ ഒരെണ്ണം ജയിച്ചാല്‍ പഞ്ചാബിന് പ്ലേ ഓഫ് ഉറപ്പിക്കാം. ഡല്‍ഹിക്കെതരായ മത്സരം കഴിഞ്ഞാല്‍ മുംബൈയും രാജസ്ഥാനുമാണ് അവസാന രണ്ട് മത്സരങ്ങളില്‍ പഞ്ചാബിന്റെ എതിരാളികള്‍.