ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ അശ്വിനെ വീഴ്ത്തി; മോശം പ്രകടനത്തിന്റെ പേരില്‍ രോഹിത്തിനെ ഉന്നമിട്ടു; 'ക്യാപ്റ്റന്‍ മോഹം' വേരോടെ പിഴുതത് വിരാട് കോലിയുടെ ടെസ്റ്റ് കരിയര്‍; ഒപ്പം കളിച്ച സീനിയേഴ്‌സിനെ പുകച്ച് പുറത്തുചാടിച്ചത് ഗംഭീറിന്റെ മാസ്റ്റര്‍ പ്ലാനോ? സോഷ്യല്‍ മീഡിയ ഇന്ത്യന്‍ പരിശീലകനെതിരെ വിമര്‍ശനം; ഇംഗ്ലണ്ട് പര്യടനം നിര്‍ണായകം

സോഷ്യല്‍ മീഡിയ ഇന്ത്യന്‍ പരിശീലകനെതിരെ

Update: 2025-05-12 13:05 GMT

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും ഒരാഴ്ചയ്ക്കിടെ റെഡ് ബോള്‍ ഗെയിമില്‍ ടീമിന്റെ നെടുംതൂണുകളായ രണ്ടു ഇതിഹാസ താരങ്ങളെയാണ് ഇന്ത്യക്കു നഷ്ടമായിരിക്കുന്നത്. ഇന്ത്യന്‍ നായകനും ക്ലാസ് ബാറ്ററുമായ രോഹിത് ശര്‍മയും റണ്‍മെഷീന്‍ വിരാട് കോലിയുമാണ് വെറും ആറു ദിവസത്തിനിടെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ സ്പിന്‍ ഇതിഹാസതാരം ആര്‍ അശ്വിന്‍ വിടപറഞ്ഞിരുന്നു. ഇതോടെ ഒരുപതിറ്റാണ്ടിലേറെക്കാലും ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ മുഖങ്ങളായിരുന്ന മൂന്ന് സീനിയര്‍ താരങ്ങള്‍ പടിയിറങ്ങിയിരിക്കുകയാണ്

ഈ മാസം ആറിനായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ രോഹിത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം. ഇന്ത്യന്‍ ടീമിന്റെ ഇംഗ്ലണ്ട് പര്യടനം അടുത്ത മാസം ആരംഭിക്കാനിരിക്കെ ഹിറ്റ്മാന്റെ അപ്രതീക്ഷിത വിരമിക്കല്‍ എല്ലാവരെയും ഞെട്ടിക്കുകയും ചെയ്തു. അപ്രതീക്ഷിതമായി ഇപ്പോഴിതാ കോലിയും ടെസ്റ്റ് മതിയാക്കി ആരാധകര്‍ക്കും ഇന്ത്യന്‍ ക്രിക്കറ്റിനും മറ്റൊരു ഷോക്ക് കൂടി നല്‍കിയിരിക്കുകയാണ്. തലമുറമാറ്റമെന്ന് ആലങ്കാരികമായി പറയാമെങ്കിലും ഇവരുടെ പകരക്കാരെ കണ്ടെത്തുക എന്നത് ഇന്ത്യന്‍ ക്രിക്കറ്റിന് വെല്ലുവിളിയാണ്. മാത്രമല്ല, ഇന്ത്യയുടെ അടുത്ത പര്യടനം ഇംഗ്ലണ്ടിലാണ് എന്നതും ശ്രദ്ധേയാമാണ്.

മൂന്ന് സീനിയര്‍ താരങ്ങളുടെ പടിയിറക്കം ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ഇടയില്‍ ചര്‍ച്ചയാകുകയാണ്. പെട്ടന്നുള്ള ഇവരുടെ തീരുമാനത്തിന് പിന്നില്‍ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ കടുപ്പമേറിയ തീരുമാനങ്ങളാണെന്ന വാദമാണ് ഉയരുന്നത്. വെറും ആറു ദിവസത്തിനിടെ ടെസ്റ്റില്‍ നിന്നും 'രോ കോ' അപ്രത്യക്ഷമായതിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചിരിക്കുകയാണ് ആരാധകര്‍.

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരാട് കോലിയുടയും രോഹിത് ശര്‍മയുടെയും പെട്ടെന്നുള്ള വിരമിക്കലിനു കാരണക്കാരന്‍ ഇന്ത്യന്‍ ടീമിന്റെ മുഖ്യ കോച്ച് ഗൗതം ഗംഭീറാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ആരാഘകര്‍ ആരോപിക്കുന്നത്. ഗംഭീറിനെക്കൂടാതെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറിനെതിരേയും ചിലര്‍ ആഞ്ഞടിക്കുന്നുണ്ട്.

ഇന്ത്യന്‍ ക്രിക്കറ്റിനെ തകര്‍ക്കാനുള്ള എല്ലാ ശ്രമങ്ങളും ഗൗതം ഗംഭീറും അജിത് അഗാര്‍ക്കറും നടത്തുന്നുണ്ട്. രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും പെട്ടെന്നുള്ള വിരമിക്കലിനു പിന്നില്‍ രണ്ടു പേര്‍ക്കും നിര്‍ണായക പങ്കുണ്ടെന്നുറപ്പാണ്. ഇംഗ്ലണ്ടിനെതിരായ വളരെ പ്രധാനപ്പെട്ട ടെസ്റ്റ് പരമ്പര വരാനിരിക്കെ രോഹിത്തും കോലിയുമില്ലെങ്കില്‍ ഇന്ത്യ തകരുമെന്നും ആരാധകര്‍ മുന്നിറിയിപ്പ് നല്‍കുന്നു.

രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും ഒരുമിച്ചുള്ള വിരമിക്കലില്‍ പ്രധാന കുറ്റക്കാരന്‍ മുഖ്യ കോച്ച് ഗൗതം ഗംഭീറാണ്. ടീമിനു മേല്‍ തന്റെ നിയന്ത്രണം പൂര്‍ണമായി കൊണ്ടു വരികയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഇതിനു വേണ്ടിയാണ് ടീമിന്റെ നെടുതൂണുകളായ രോക്കോയെ ഗംഭീര്‍ ഒതുക്കിയത്. ഇനി ടെസ്റ്റ് ടീമിലേക്കു പരിഗിക്കില്ലെന്നു ഇരുവരെയും ഗംഭീര്‍ അറിയിച്ചു കാണാം. ഇതാണ് വിരമിക്കലിനു പിന്നിലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

ഇതിന് തെളിവായി ചുണ്ടിക്കാണിക്കുന്നത് ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെയുള്ള ആര്‍ അശ്വിന്റെ വിരമിക്കല്‍ തീരുമാനമാണ്. ടെസ്റ്റ് പരമ്പരയില്‍ രണ്ട് മത്സരങ്ങള്‍ ശേഷിക്കെ അശ്വിന്‍ പെട്ടന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. പരമ്പരയില്‍ ടീമില്‍ ഇടംലഭിക്കാതെ വന്നതോടെയായിരുന്നു അശ്വിന്റെ തീരുമാനം. എന്നാല്‍ നായകന്‍ രോഹിത് ശര്‍മയുടെ അഭാവത്തിലായിരുന്നു അശ്വിന് ടീമില്‍ ഇടം നഷ്ടമായത്. അടുത്ത മത്സരത്തില്‍ വീണ്ടും തഴയപ്പെടുമെന്ന് ബോധ്യമായതോടെ വിരമിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനത്തിന് പിന്നിലും ഗംഭീറിന്റെ കാര്‍ക്കശ്യമായിരുന്നു. ഓസിസ് പര്യടനത്തില്‍ ഇന്ത്യ പരമ്പര കൈവിട്ടതോടെ കുറ്റം മുഴുവന്‍ സീനിയര്‍ താരങ്ങളുടെ തലയിലായി. പിന്നാലെ രോഹിതും കോലിയും വിരമിക്കലിന് നിര്‍ബന്ധിതരാവുകയായിരുന്നു. ഒരു വിരമിക്കല്‍ ടെസ്റ്റ് മത്സരത്തിന് കാത്തുനില്‍ക്കാതെയാണ് ഒരു പതിറ്റാണ്ടിലേറെക്കാലം ഇന്ത്യന്‍ ടീമിനെ മുന്നില്‍ നിന്നു നയിച്ച ഇരുവരും പടിയിറങ്ങുന്നത്.

ഗൗതം ഗംഭീര്‍ നിങ്ങളോടു ഒരിക്കലും പൊറുക്കില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയെ വലിയ പ്രതിസന്ധിയിലേക്കാണ് നിങ്ങള്‍ തള്ളിയിട്ടിരിക്കുന്നത്. നിങ്ങള്‍ കാരണം മൂന്നു സീനിയര്‍ കളിക്കാരാണ് ടെസ്റ്റ് മതിയാക്കിയത്. ആദ്യം ആര്‍ അശ്വിന്‍. ഇപ്പോള്‍ രോഹിത് ശര്‍മയിലും വിരാട് കോലിയിലും എത്തി നില്‍ക്കുകയാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ അനുഭവ സമ്പത്തിന് ഒന്നും പകരമാവില്ല. അടുത്ത ഇംഗ്ലണ്ട് പര്യനത്തില്‍ ഇന്ത്യന്‍ ടീം തകര്‍ന്നടിയുമെന്നും ആരാധകര്‍ കുറിക്കുന്നു.

രോഹിത് ശര്‍മയുടെ വിരമിക്കലിനു കാരണക്കാരന്‍ ഗൗതം ഗംഭീറാണ്. ഇപ്പോഴിതാ വിരാട് കോലിയുടെയും വിരമിക്കലിനു അദ്ദേഹം കാരണക്കാരനായിരിക്കുന്നു. ടെസ്റ്റ് ടീമില്‍ നിന്നും പുറത്താക്കുമെന്ന ഗംഭീറിന്റെ ഭീഷണിയാണ് രോക്കോയുടെ വിരമിക്കലിനു കാരണം. ടെസ്റ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റിനു മഹത്തായ സംഭാവനകള്‍ നല്‍കിയിട്ടും ഇവര്‍ക്കു അര്‍ഹിച്ചൊരു യാത്രയയപ്പ് പോലും നല്‍കാന്‍ ഗംഭീര്‍ തയ്യാറായില്ലെന്നും ആരാധകര്‍ വിമര്‍ശിച്ചു.

കാരണം മോശം പ്രകടനം മാത്രമോ?

ഈ വര്‍ഷം ഓസ്ട്രേലിയയില്‍ അഞ്ചു ടെസ്റ്റുകളുടെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലാണ് ഇന്ത്യക്കു വേണ്ടി വിരാട് കോലി അവസാനമായി കളിച്ചത്. ഈ പരമ്പയില്‍ വളരെ പരിതാപകരമായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. ഒമ്പതു ഇന്നിങ്സുകളില്‍ നിന്നും 23.75 ശരാശരിയില്‍ വെറും 190 റണ്‍സ് മാത്രമേ കോലിക്കു സ്‌കോര്‍ ചെയ്യാനായുള്ളൂ. ഒരു സെഞ്ച്വറി അദ്ദേഹം സ്വന്തം പേരില്‍ കുറിച്ചെങ്കിലും ബാക്കിയുള്ള ഇന്നിങ്സുകളിലെല്ലാം വന്‍ പരാജയമായി മാറി.

ഓഫ്സ്റ്റംപിന് പുറത്തുകൂടി പോവുന്ന ബോളുകളില്‍ പുറത്താവുകയെന്ന പതിവ് ഈ പരമ്പരയില്‍ കോലി ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയും ചെയ്തു. ഒമ്പതു ഇന്നിങ്സുകളില്‍ എട്ടിലും അദ്ദേഹം ഇതേ രീതിയിലാണ് പുറത്തായത്. ഈ പരമ്പരയിലെ മോശം പ്രകടനമാണ് ഇപ്പോള്‍ ടെസ്റ്റ് മതിയാക്കാന്‍ കോലിയെ പ്രേരിപ്പിച്ചതെന്നാണ് സൂചനകള്‍. ഒപ്പം ക്യാപ്പറ്റന്‍സി മോഹം ഗംഭീര്‍ എതിര്‍ത്തതും കാരണമായിട്ടുണ്ടാകാം.

കഴിഞ്ഞ ബോര്‍ഡര്‍ ഗവാസര്‍ ട്രോഫി ഓസ്ട്രേലിയയില്‍ തന്റെ അവസാന റെഡ് ബോള്‍ പരമ്പരയായിരിക്കുമെന്നു കോലി നേരത്തേ വ്യക്തമാക്കുകയും ചെയ്തിരുന്നു. അദ്ദേഹം ടെസ്റ്റില്‍ നിന്നും വിരമിച്ചാല്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് അതു നികത്താനാവാത്ത നഷ്ടം തന്നെയായിരിക്കും. കാരണം കോലിയുടെ പകരക്കാരനെ കണ്ടെത്തുകയെന്നത് ഇന്ത്യക്കു ഏറെ ദുഷ്‌കരമാവുമെന്നതില്‍ സംശയമില്ല.

രോഹിതിന് സംഭവിച്ചത്

ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയ്ക്കു മുമ്പ് തന്നെ രോഹിത് ശര്‍മയെ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനത്തു നിന്നും പുറത്താക്കുമെന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബിസിസിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇതു കഴിഞ്ഞ് അധികം വൈകാതെ തന്നെയാണ് ടെസ്റ്റില്‍ നിന്നും വിരമിക്കുകയാണെന്ന രോഹിത്തിന്റെ പ്രഖ്യാപനം വന്നത്.

രോഹിത് ശര്‍മയുടെ ടെസ്റ്റ് കരിയറെടുത്താല്‍ മധ്യനിര ബാറ്ററായിട്ടാണ് അദ്ദേഹം തുടങ്ങിയത്. ആറ്, ഏഴ് പൊസിഷനുകളിലാണ് ഹിറ്റ്മാന്‍ കളിച്ചുകൊണ്ടിരുന്നത്. പക്ഷെ ബാറ്റിങില്‍ സ്ഥിരത പുലര്‍ത്താന്‍ സാധിക്കാതെ വന്നതോടെ അദ്ദേഹത്തിനു ടീമില്‍ സ്ഥാനമുറപ്പിക്കാനും കഴിഞ്ഞില്ല. 2019ല്‍ സൗത്താഫ്രിക്കയുമായുള്ള ടെസ്റ്റ് പരമ്പരയിലാണ് രോഹിത്തിന് ആദ്യമായി ഓപ്പണിങിലേക്കു പ്രൊമോഷന്‍ ലഭിച്ചത്.

മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും മുന്‍ പരിശീലകനായ രവി ശാസ്ത്രിയുമാണ് അന്നു ഇത്തരമൊരു പരീക്ഷണം നടത്തിയത്. ഇതു വലിയ വിജയമായി മാറുകയും ചെയ്തു. ഓപ്പണിങ് റോളില്‍ കിടിലന്‍ പ്രകടനമാണ് ആദ്യ പരമ്പരയില്‍ തന്നെ രോഹിത് കാഴ്ചവച്ചത്. പിന്നീട് അദ്ദേഹത്തിനു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. നാട്ടിലും പുറത്തുമെല്ലാം പല ഗംഭീര ഇന്നിങ്സുകളും കളിക്കാന്‍ രോഹിത്തിനു സാധിച്ചു. കോലി നായകസ്ഥാനം ഒഴിഞ്ഞപ്പോള്‍ രോഹിത് സ്വാഭാവികമായി ക്യാപ്റ്റന്‍ സ്ഥാനത്തുമെത്തി.

ഈ വര്‍ഷം ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലാണ് അദ്ദേഹം അവസാനമായി കളിച്ചത്. പക്ഷെ ബാറ്റിങില്‍ രോഹിത് വന്‍ ഫ്ളോപ്പായി മാറിയിരുന്നു. അതിനു മുമ്പ് ന്യൂസിലാന്‍ഡുമായി നാട്ടില്‍ ടെസ്റ്റ് പരമ്പരയിലും അദ്ദേഹത്തിനു ബാറ്റിങി തിളങ്ങാനായില്ല.

Similar News