ബിസിസിഐ അധികൃതരുമായി കൂടിക്കാഴ്ച നടത്താന്‍ ശ്രമിച്ചിട്ടും നടന്നില്ല; വിരമിക്കല്‍ തീരുമാനം അറിയിക്കാന്‍ വിരാട് കോലി ഫോണില്‍ വിളിച്ചത് മൂന്ന് പേരെ; പിന്നാലെ സാമൂഹിക മാധ്യമങ്ങളിലൂടെ വിരമിക്കല്‍ പ്രഖ്യാപനം
വിരമിക്കല്‍ തീരുമാനം അറിയിക്കാന്‍ വിരാട് കോലി ഫോണില്‍ വിളിച്ചത് മൂന്ന് പേരെ
മുംബൈ: ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാനിരിക്കെ അപ്രതീക്ഷിതമായാണ് സൂപ്പര്‍ താരം വിരാട് കോലി വിരമിക്കല്‍ പ്രഖ്യാപിച്ചത്. തന്റെ 14 വര്‍ഷത്തെ ടെസ്റ്റ് കരിയറിന് വിരാമമിട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെയായിരുന്നു വിരമിക്കല്‍ പ്രഖ്യാപനം. ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് കോലിയുടെ പ്രഖ്യാപനമെത്തിയത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കണമെന്നും വിരമിക്കല്‍ തീരുമാനം പുനരാലോചിക്കണമെന്നും ബിസിസിഐ അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും അതിന് വഴങ്ങാതെയാണ് കോലി വിരമിക്കല്‍ പ്രഖ്യാപിച്ചത്.
വിരമിക്കല്‍ പ്രഖ്യാപനത്തിന് മുമ്പ് ബിസിസിഐ അധികൃതരുമായി കൂടിക്കാഴ്ച നടത്താന്‍ ശ്രമിച്ചെന്നും എന്നാല്‍ അത് നടന്നില്ലെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ബിസിസിഐ അധികൃതരെ കോലി കാണാന്‍ ശ്രമിച്ചിരുന്നതായും എന്നാല്‍ അത് സാധിച്ചില്ലെന്നും ക്രിക്ക് ബസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഐസിസി ചെയര്‍മാനും മുന്‍ ബിസിസിഐ സെക്രട്ടറിയുമായ ജയ് ഷാ, ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല എന്നിവരുമായാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. പക്ഷേ പാകിസ്താനെതിരായ സൈനികനടപടികള്‍ കാരണം കൂടിക്കാഴ്ച നടന്നില്ലെന്നുമാണ് ക്രിക്ക് ബസിന്റെ റിപ്പോര്‍ട്ട്.
ക്രിക്ബസ്സിന്റെ റിപ്പോര്‍ട്ട് പ്രകാരം കോലി വിരമിക്കല്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയോട് ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. രവി ശാസ്ത്രി കോലിയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നയാളാണ്. ശാസ്ത്രി ഇന്ത്യയുടെ പരിശീലകനായിരുന്നപ്പോള്‍ കോലി ഇന്ത്യയെ നയിച്ചിട്ടുണ്ട്. പരിശീലകനായും നായകനായും ഇരുവരും മികച്ച നിലയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുള്ളതാണ്. വിരാട് കോലി വിരമിക്കല്‍ പ്രഖ്യാപനത്തിന് മുമ്പ് രവി ശാസ്ത്രിയെ ഫോണില്‍ ബന്ധപ്പെട്ടുവെന്നും ശാസ്ത്രിക്ക് പുറമെ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍, ഐസിസി ചെയര്‍മാനും മുന്‍ ബിസിസിഐ സെക്രട്ടറിയുമായ ജയ് ഷാ എന്നിവരെയാണ് കോലി ഫോണില്‍ ബന്ധപ്പെട്ടതെന്നും അതിനുശേഷമാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ വിരമിക്കല്‍ പ്രഖ്യാപിച്ചതെന്നും ക്രിക് ബസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
തിങ്കളാഴ്ച സാമൂഹിക മാധ്യമങ്ങളിലൂടെയാണ് കോലി വിരമിക്കല്‍ വിവരം പ്രഖ്യാപിച്ചത്. ഇത് എളുപ്പമല്ലെന്നും ടെസ്റ്റ് ക്രിക്കറ്റ് താന്‍ പ്രതീക്ഷിച്ചതിലേറെ തനിക്ക് തിരിച്ചുതന്നെന്നും കോലി പോസ്റ്റില്‍ പറഞ്ഞു. മുന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്ക് പിന്നാലെയാണ് കോലിയും ടെസ്റ്റ് ക്രിക്കറ്റിന്റെ പടിയിറങ്ങുന്നത്.
2011-ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയായിരുന്നു ടെസ്റ്റില്‍ കോലിയുടെ അരങ്ങേറ്റം. ഈ വര്‍ഷം ഓസ്ട്രേലിയക്കെതിരേ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലാണ് അവസാനമായി കളിച്ചത്. ടെസ്റ്റില്‍ 14 സീസണുകളിലായി ഇന്ത്യന്‍ കുപ്പായമണിയുന്ന കോലി 123 ടെസ്റ്റുകളില്‍ കളിച്ചു. 9230 റണ്‍സ് നേടിയിട്ടുണ്ട്. 68 ടെസ്റ്റുകളില്‍ ടീമിനെ നയിച്ചു. 40 ജയം നേടി. ഇന്ത്യയെ കൂടുതല്‍ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ്. ക്യാപ്റ്റനായിരിക്കുന്ന കാലത്ത് ബാറ്ററായും തിളങ്ങി. ഏഴ് ഇരട്ടസെഞ്ചുറികളും കോലിയുടെ അക്കൗണ്ടിലുണ്ട്. ടി20 ലോകകപ്പ് വിജയത്തിനുശേഷം ട്വന്റി-20 ക്രിക്കറ്റില്‍നിന്ന് കോലി വിരമിച്ചിരുന്നു. ഇനി ഏകദിനത്തില്‍ മാത്രമാണ് താരത്തെ കാണാനാവുക.