ഇപ്പോഴത്തെ ഫോം അന്നും തുടരാന്‍ ഇരുവര്‍ക്കും കഴിയുമോ? ലോകകപ്പ് കളിക്കാനുള്ള മികവ് 2027 ആകുമ്പോഴും ഇരുവര്‍ക്കും ഉണ്ടാകുമോ? സിലക്ഷന്‍ കമ്മിറ്റിയെ സംബന്ധിച്ച് വലിയൊരു തലവേദന; രോഹിതും കോലിയും ഏകദിന ലോകകപ്പ് കളിക്കാന്‍ സാധ്യതയില്ലെന്ന് ഗാവസ്‌കര്‍
രോഹിതും കോലിയും ഏകദിന ലോകകപ്പ് കളിക്കാന്‍ സാധ്യതയില്ലെന്ന് ഗാവസ്‌കര്‍
ന്യൂഡല്‍ഹി: ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിക്കാനിരിക്കെ ടെസ്റ്റില്‍നിന്നും വിരമിച്ച വിരാട് കോലിയും രോഹിത് ശര്‍മയും ലക്ഷ്യമിടുന്നത് 2027ലെ ഏകദിന ലോകകപ്പാണെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇന്ത്യയുടെ സീനിയര്‍ താരങ്ങളായ ഇരുവരും ലോകകപ്പില്‍ കളിക്കില്ലെന്ന പ്രഖ്യാപനവുമായി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ നായകനും ബാറ്റിങ് ഇതിഹാസവുമായ സുനില്‍ ഗാവസ്‌കര്‍.
പ്രായവും ഫോമും ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ പരിഗണിച്ചാണ്, ഇരുവരും ലോകകപ്പ് കളിച്ചേക്കില്ലെന്ന ഗാവസ്‌കറിന്റെ പരാമര്‍ശം. അടുത്തിടെ പാക്കിസ്ഥാനിലും യുഎഇയിലുമായി നടന്ന ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ കിരീടം ചൂടിയിരുന്നു. എന്നാല്‍, 2027 ലോകകപ്പ് ആകുമ്പോഴേയ്ക്കും രോഹിത്തിന് 40 വയസ്സാകും, കോലിക്ക് 38 വയസും.
കഴിഞ്ഞ മൂന്നു വര്‍ഷമായി തുടരുന്ന ഫോം ഇനിയും തുടരാനാകുമോ എന്നതാണ് പ്രധാനമെന്ന് ഗാവസ്‌കര്‍ ചൂണ്ടിക്കാട്ടി. ''ഏകദിനത്തില്‍ ഐതിഹാസികമായ കരിയറിന് ഉടമകളാണ് രണ്ടുപേരും. നിലവിലെ സാഹചര്യത്തില്‍ സിലക്ഷന്‍ കമ്മിറ്റി ലക്ഷ്യമിടുന്നത് 2027ലെ ഏകദിന ലോകകപ്പ് ആയിരിക്കും. ലോകകപ്പ് കളിക്കാനുള്ള മികവ് 2027 ആകുമ്പോഴും ഇരുവര്‍ക്കും ഉണ്ടാകുമോ എന്നത് തീര്‍ച്ചയായും സിലക്ടര്‍മാര്‍ കണക്കിലെടുക്കും' ഗാവസ്‌കര്‍ പറഞ്ഞു.
''ഇപ്പോഴത്തെ ഫോം അന്നും തുടരാന്‍ ഇരുവര്‍ക്കും കഴിയുമോ എന്നതും പ്രധാനമാണ്. സിലക്ഷന്‍ കമ്മിറ്റിയെ സംബന്ധിച്ച് വലിയൊരു തലവേദനയാകും ഇക്കാര്യത്തിലുള്ള തീരുമാനം. അവര്‍ക്കു കഴിയും എന്നാണ് സിലക്ഷന്‍ കമ്മിറ്റിക്കു തോന്നുന്നതെങ്കില്‍ ലോകകപ്പ് കളിക്കാന്‍ അവരുണ്ടാകും' ഗാവസ്‌കര്‍ പറഞ്ഞു.
അതേസമയം, ഇരുവരും ലോകകപ്പ് ടീമില്‍ ഉണ്ടാകില്ലെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് ഗാവസ്‌കര്‍ വ്യക്തമാക്കി. ''അവര്‍ ടീമിലുണ്ടാകുമെന്ന് വ്യക്തിപരമായി എനിക്കു തോന്നുന്നില്ല. ഇക്കാര്യത്തില്‍ എന്റെ നിലപാട് സത്യസന്ധമാണ്. പക്ഷേ, അടുത്ത വര്‍ഷം ആകുമ്പോഴേയ്ക്കും ഇരുവരും കരിയറിലെ ഏറ്റവും മികച്ച ഫോമിലേക്ക് ഉയരില്ലെന്ന് ആരു കണ്ടു? ഇരുവരും തുടര്‍ച്ചയായി സെഞ്ചറികള്‍ നേടിക്കഴിഞ്ഞാല്‍ ദൈവം വിചാരിച്ചാലും അവരെ പുറത്തിരുത്താനാകില്ലല്ലോ' ഗാവസ്‌കര്‍ പറഞ്ഞു.
ടെസ്റ്റ് ക്രിക്കറ്റിലെ കയറ്റിറക്കങ്ങള്‍ക്കിടയിലും കോലിയും രോഹിത്തും കാര്യമായ വെല്ലുവിളിയില്ലാതെ മുന്നേറുന്ന ഫോര്‍മാറ്റാണ് ഏകദിനം. ഏകദിന ക്രിക്കറ്റില്‍ കൂടുതല്‍ സെഞ്ചറികളെന്ന നേട്ടത്തില്‍ കോലി സച്ചിന്‍ തെന്‍ഡുല്‍ക്കറെ മറികടന്ന് ഒന്നാമതെത്തിയത് (51) കഴിഞ്ഞ ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനിടെയാണ്. ഏകദിനത്തില്‍ 14,181 റണ്‍സുമായി മൂന്നാമതുള്ള കോലിക്ക് ഇനി കീഴടക്കാനുള്ളത് സച്ചിന്റെയും (18,426) കുമാര്‍ സംഗക്കാരയുടെയും (14,234) നേട്ടങ്ങള്‍ മാത്രം. ടെസ്റ്റ് ക്രിക്കറ്റില്‍ 10,000 റണ്‍സെന്ന നേട്ടം ത്യജിച്ച കോലിയുടെ യാത്ര ഇനി 2027ലെ ഏകദിന ലോകകപ്പ് കിരീടം എന്ന ലക്ഷ്യത്തിനുവേണ്ടിയാകുമെന്ന അഭ്യൂഹം ശക്തമാണ്.