ഒന്നാമനാകാന്‍ മുംബൈ - പഞ്ചാബ് പോരാട്ടം; ക്വാളിഫയര്‍ ഒന്ന് ലക്ഷ്യം; ടോസിലെ ഭാഗ്യം ശ്രേയസിന്; ഹാര്‍ദികും സംഘവും ആദ്യം ബാറ്റ് ചെയ്യും; അവസാന ലീഗ് മത്സരത്തില്‍ ജീവന്‍ മരണ പോരാട്ടത്തിന് ഇരുടീമുകളും

ഒന്നാമനാകാന്‍ മുംബൈ - പഞ്ചാബ് പോരാട്ടം; ക്വാളിഫയര്‍ ഒന്ന് ലക്ഷ്യം

Update: 2025-05-26 13:43 GMT

ജയ്പുര്‍: ഐപിഎലില്‍ പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് ലക്ഷ്യമിട്ട് പഞ്ചാബ് കിങ്‌സും മുംബൈ ഇന്ത്യന്‍സും നേര്‍ക്കുനേര്‍. നിര്‍ണായക മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് കിംഗ്‌സ് നായകന്‍ ശ്രേയസ് അയ്യര്‍ ബൗളിംഗ് തെരഞ്ഞെടുത്തു.കൈല്‍ ജാമീസനും വിജയകുമാര്‍ വൈശാഖും പഞ്ചാബ് പ്ലേയിങ് ഇലവനില്‍ തിരിച്ചെത്തി. പരുക്കിന്റെ പിടിയിലുള്ള യുസ്‌വേന്ദ്ര ചെഹല്‍ ഇന്നും കളിക്കില്ല. മുംബൈ ഇന്ത്യന്‍സില്‍ അശ്വനി കുമാര്‍ ഇംപാക്ട് സബ്ബായി കളിക്കും.

പ്ലേഓഫില്‍ സ്ഥാനമുറപ്പിച്ച ഇരു ടീമുകളുടെയും അവസാന ലീഗ് മത്സരമാണിത്. ഇന്നു ജയിക്കുന്ന ടീം ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് ഉറപ്പിച്ച് ഒന്നാം ക്വാളിഫയറിന് യോഗ്യത നേടും. തോല്‍ക്കുന്ന ടീം എലിമിനേറ്റര്‍ റൗണ്ടിലെ ജീവന്‍ മരണ പോരാട്ടത്തിനൊരുങ്ങണം. എന്നാല്‍ നെറ്റ് റണ്‍റേറ്റില്‍ ആദ്യ മൂന്ന് ടീമുകളെക്കാള്‍ ഏറെ മുന്നിലാണ് മുംബൈ ഇന്ത്യന്‍സ്. ശനിയാഴ്ച ഡല്‍ഹിക്കെതിരെ നടന്ന മത്സരത്തില്‍ തോല്‍വി വഴങ്ങിയതോടെയാണ് ഇന്നത്തെ മത്സരം പഞ്ചാബിനു നിര്‍ണായകമായത്.

ഐപിഎല്‍ 18-ാം സീസണിന്റെ ഗ്രൂപ്പ് ഘട്ടത്തിന് ഒരു ആന്റി ക്ലൈമാക്സ് കൂടിയുണ്ട്. 68 മത്സരങ്ങള്‍ക്കിടയില്‍ ഒരുതവണ പോലും നേര്‍ക്കുനേര്‍ വരാത്ത രണ്ട് ടീമുകളാണ് ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നത്. മുംബൈക്കിത് കേവലം മറ്റൊരു മത്സരം മാത്രമായിരിക്കണം. അവസാനം കളിച്ച എട്ട് മത്സരങ്ങളും അവര്‍ക്ക് നോക്കൗട്ടായിരുന്നു. അതില്‍ ഏഴും ജയിച്ചാണ് ഹാര്‍ദിക്കിന്റെ പട പ്ലേ ഓഫ് ഉറപ്പിച്ചത്. മറുവശത്ത് 17 വര്‍ഷത്തെ കാത്തിരിപ്പിന് അറുതികാണാനിറങ്ങിയതാണ് പഞ്ചാബ്. ഒരു പതിറ്റാണ്ടിന് ശേഷമുള്ള പ്ലേ ഓഫ് പ്രവേശനം. അതുകൊണ്ട് ആദ്യ രണ്ടിലെത്തുക എന്നത് തങ്ങളുടെ പ്രധാന ലക്ഷ്യമാണെന്ന് പഞ്ചാബ് താരങ്ങള്‍ ഉറക്കെ പറഞ്ഞിട്ടുണ്ട്. പക്ഷേ, അത് അത്ര എളുപ്പമാകില്ലെന്ന് പറയാതെ പറയുകയാണ് മുംബൈയുടെ വന്‍മരങ്ങള്‍ അണിനിരക്കുന്ന നിര.

സ്‌ക്വാഡ് ഡെപ്ത് തട്ടിച്ചുനോക്കിയാല്‍ മുംബൈക്ക് തുല്യമല്ല സീസണിലാരുമെന്ന് പറയാനാകും. ഫോമിലല്ലാത്ത താരങ്ങളെ അവരുടെ പട്ടികയില്‍ കാണാനാകില്ല. മിച്ചല്‍ സാന്റനറിന്റെ വരവ് ബൗളിംഗ് നിരയെ ഒരുപടി മേലേക്കുയര്‍ത്തി. പേസ്-സ്പിന്‍ വെല്‍ ബാലന്‍സ്ഡായി കാണാം. അതും അതിസമ്മര്‍ദമുള്ള മത്സരത്തിലായിരുന്നു മുംബൈയുടെ പ്രകടനം.

ഹാര്‍ദിക്ക് പാണ്ഡ്യ എന്ന ലോകോത്തര ഓള്‍ റൗണ്ടര്‍ക്ക് ബാറ്റുകൊണ്ടും പന്തുകൊണ്ടും കാര്യമായ സഹായം ടീമിന് നല്‍കേണ്ടി വരുന്നില്ല എന്നിടത്ത് തന്നെ തെളിയുന്നു മുംബൈ എത്രത്തോളം അപകടകരമായ ടീമാണെന്ന്. മറുവശത്ത് പരിപൂര്‍ണമായും ബാറ്റിംഗ് നിരയെ ആശ്രയിച്ചിരിക്കുന്ന ടീമാണ് പഞ്ചാബ്. പ്രിയാന്‍ഷ് ആര്യ മുതല്‍ മാര്‍ക്കസ് സ്റ്റോയിനിസ് വരെ. എട്ടാം നമ്പര്‍ വരെ കാര്യങ്ങള്‍ ഭദ്രമാണ്. 488 റണ്‍സുമായി നായകന്‍ ശ്രേയസ് അയ്യരും 486 റണ്‍സുമായി പ്രഭ്സിമ്രന്‍ സിങ്ങുമാണ് പഞ്ചാബിന്റെ ഡബിള്‍ എഞ്ചിന്‍.

ശശാങ്ക് സിങ്ങും സ്റ്റോയിനിസും ഫിനിഷര്‍മാരുടെ ചുമതല കൃത്യമായി നിര്‍വഹിക്കുന്നവര്‍. ബാറ്റിങ്ങിലെ ഈ സന്തുലിത പഞ്ചാബിന്റെ ബൗളിങ്ങിലില്ലെന്ന് പറയേണ്ടി വരും. സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പഞ്ചാബ് ബൗളര്‍മാര്‍ 200 റണ്‍സിലധികം വഴങ്ങി. 16 വിക്കറ്റ് നേടിയ അര്‍ഷദീപ് മാത്രമാണ് പഞ്ചാബിന്റെ വിശ്വാസം കാത്ത ബൗളര്‍. മാര്‍ക്കൊ യാന്‍സണും യുസുവേന്ദ്ര ചഹലും 14 വിക്കറ്റ് വീതം പിഴുതിട്ടുണ്ടെങ്കിലും റണ്‍വിട്ടുകൊടുക്കുന്നതില്‍ മടിയില്ലാത്തവരാണ്. ചഹലിന്റെ അഭാവത്തില്‍ വന്ന ഹര്‍പ്രീത് ബ്രാര്‍ ശ്രേയസിന് ആത്മവിശ്വാസം നല്‍കുന്നതാണ്.

പക്ഷേ, ഇതേ മൈതാനത്ത് 200 റണ്‍സിലധികം സ്‌കോര്‍ ചെയ്യുകയും രാജസ്ഥാന്‍ റോയല്‍സിനെ 117 റണ്‍സിന് എറിഞ്ഞിടുകയും ചെയ്ത ടീമാണ് മുംബൈ. അതുകൊണ്ട്, മുംബൈയുടെ ബൗളിങ് അറ്റാക്കിനെ എങ്ങനെ നേരിടുമെന്നതിനെ ആശ്രയിച്ചിരിക്കും പഞ്ചാബിന്റെ ടോപ് ടു പ്രതീക്ഷകളെന്ന് പറയേണ്ടി വരും. 13 മത്സരങ്ങളില്‍ നിന്ന് എട്ട് ജയമാണ് ഇരുടീമുകള്‍ക്കുമുള്ളത്.

Tags:    

Similar News