ഇവരെങ്ങനെ വിജയിക്കുന്നു? ഇംഗ്ലണ്ടിനെ തകര്‍ത്തെറിഞ്ഞു ആദ്യ ഏകദിനം വിജയിച്ച ഇന്ത്യന്‍ ടീമിനെ പുകഴ്ത്തി ബിബിസി വാര്‍ത്ത സംഘവും; ക്രിക്കറ്റിന്റെ പുലിമടയിലെത്തി വീറുകാട്ടിയ പെണ്ണുങ്ങളുടെ കഥ പറയുമ്പോള്‍ ബിബിസിക്ക് പോലും രോമാഞ്ചം നിറയുന്ന റിപ്പോര്‍ട്ടിങ് ശൈലി; കോമണ്‍വെല്‍ത്തില്‍ ഡല്‍ഹിയില്‍ ചെന്നപ്പോള്‍ കണ്ട കാഴ്ചയല്ല ഇന്ത്യന്‍ ക്രിക്കറ്റ് ടീം ബിബിസി സംഘത്തെ പഠിപ്പിക്കുന്നത്
ലണ്ടന്‍: ബുധനാഴ്ച സൗത്താംപ്ടണിലെ റോസ് ബൗള്‍ സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ട് വനിതാ ടീം ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോറിനെ പിന്തുടരുമ്പോള്‍ ഒരിക്കല്‍ പോലും ഇന്ത്യന്‍ വനിതാ സംഘം പതറിയിരുന്നില്ല. വുമണ്‍ ഇന്‍ ബ്ലൂ എന്ന ചുരുക്കപ്പേരില്‍ കാലങ്ങളായി അറിയപ്പെടുന്ന ഇന്ത്യന്‍ പെണ്‍നിര അനായാസ വിജയം എന്ന് മനസ്സില്‍ കരുതിയ ഇംഗ്ലണ്ടിനെ നാലു വിക്കറ്റിന് ചുരുട്ടി കൂട്ടുമ്പോള്‍ ടീമിലെ ഒരാളുടെ എങ്കിലും മികവില്‍ അല്ല വിജയം നെഞ്ചോട് ചേര്‍ത്തത് പകരം ഓരോ കളിക്കാരിയുടെയും സംഭാവനകള്‍ ചേര്‍ത്ത് വച്ചാണ് എന്നതായിരുന്നു ശ്രദ്ധ നേടിയത്. സാമ്രാജ്യ ശക്തിയായി ബ്രിട്ടന്‍ ഇന്ത്യന്‍ മണ്ണില്‍ കാലുറപ്പിക്കുന്നതിനും എത്രയോ കാലം മുന്നേ ഇംഗ്ലീഷ് മണ്ണില്‍ ക്രിക്കറ്റുണ്ട്, അതും വനിതാ ക്രിക്കറ്റ് പോലും എന്നതൊന്നും തെല്ലും അലോസരപ്പെടാതെയാണ് ഹര്‍മന്‍ പ്രീത് കൗറിന്റെ നേതൃത്വത്തില്‍ ഉള്ള ടീം ഇന്ത്യക്കായി വിജയം ഒരുക്കിയത്. ഇപ്പോള്‍ ആ വിജയത്തെ വാനോളം പുകഴ്ത്തി ഇതെങ്ങനെ സാധിക്കുന്നു എന്ന് ചോദിക്കുന്നത് സാക്ഷാല്‍ ബിബിസി തന്നെ.
കാലം ബിബിസിയെക്കൊണ്ടും പറയിപ്പിക്കുകയാണോ ഇന്ത്യന്‍ നേട്ടങ്ങള്‍
ഒരുപക്ഷെ കാലം ഒരുക്കിയ ഒരു പ്രതികാരം കൂടിയായി ഇപ്പോള്‍ ഈ വിജയത്തെ വിശേഷിപ്പിക്കുന്നതിലും തെറ്റുപറയാനാകില്ല. ഒന്നര പതിറ്റാണ്ട് മുന്‍പ് ഡല്‍ഹിയില്‍ കോമണ്‍വെല്‍ത് ഗെയിംസ് നടക്കുമ്പോള്‍ ഗെയിംസ് വില്ലേജില്‍ പണിത പാലം തകര്‍ന്നത് മുതല്‍ ഡല്‍ഹിക്ക് പുറത്തെ ചേരികളുടെ കാഴ്ചകള്‍ വരെയാണ് ബിബിസി അടക്കമുള്ള ബ്രിട്ടീഷ് മാധ്യമങ്ങള്‍ ഗെയിംസിന് പകരം വാര്‍ത്തയാക്കിയത്. ഈ മാധ്യമ സംഘം സ്പോര്‍ട്സ് റിപ്പോര്‍ട്ട് ചെയാനാണോ ഡല്‍ഹിയില്‍ എത്തിയത് അതോ ഇന്ത്യയുടെ ഗ്രാമങ്ങളിലെ ദാരിദ്ര്യം പകര്‍ത്താന്‍ വേണ്ടിയാണോ ഡല്‍ഹിയില്‍ എത്തിയത് എന്ന കടുത്ത വിമര്‍ശം പോലും ഒടുവില്‍ മാധ്യമ സംഘത്തിന് നേരിടേണ്ടി വന്നു. സോഷ്യല്‍ മീഡിയ സജീവമായിക്കൊണ്ടിരുന്ന കാലം കൂടി ആയതിനാല്‍ ഇന്ത്യന്‍ ഭാഗത്തു നിന്നും ബ്രിട്ടീഷ് മാധ്യമങ്ങള്‍ക്ക് എതിരെ ശക്തമായ ചെറുത്തു നില്‍പ് അന്ന് ഉണ്ടായിട്ടു പോലും ഇന്ത്യയിലെ കാഴ്ചകളില്‍ തന്നെയാണ് സ്പോര്‍ട്സിനെക്കാള്‍ തങ്ങള്‍ക്ക് താല്പര്യം എന്ന നിലപാടില്‍ തന്നെ ആയിരുന്നു ബിബിസി അടക്കമുള്ള വാര്‍ത്ത സംഘം.
ഇപ്പോള്‍ അതേ ബിബിസി തന്നെയാണ് കായിക രംഗത്ത് കരുത്തു കാട്ടുന്ന ഇന്ത്യന്‍ ടീമിനെ വാനോളം പുകഴ്ത്താന്‍ തയാറാകുന്നത്. അതും തങ്ങളുടെ മണ്ണില്‍ എത്തി സ്വന്തം ടീമിനെ തോല്‍പ്പിക്കുന്ന കാഴ്ച കാണേണ്ടി വന്ന നിസ്സഹായതയില്‍ ആണെന്നത് ഓരോ ഇന്ത്യന്‍ പൗരനും ആവേശം നല്‍കുന്ന കാഴ്ച കൂടിയായി മാറുകയാണ്. മൂന്നു ഏകദിന മത്സരങ്ങള്‍ക്ക് എത്തിയ ഇന്ത്യന്‍ സംഘം ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെ തറ പറ്റിച്ചപ്പോള്‍ കാഴ്ചക്കാരായി ബിബിസിയുടെ വന്‍ വാര്‍ത്ത സംഘവും സൗത്താംപ്ടണ്‍ റോസ് ബൗള്‍ സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്നതും കാലത്തിന്റെ വികൃതിയായി കാണേണ്ടി വരും. വനിതകള്‍ക്കു വേണ്ടിയുള്ള ലോക കായിക മത്സരങ്ങളില്‍ ക്രിക്കറ്റ് നേടുന്ന അപ്രമാദിത്വത്തില്‍ ഇന്ത്യന്‍ ടീം കരുത്തു കാട്ടി ലോകത്തെ ഏതു ടീമിനെയും വിറപ്പിക്കുന്ന ശക്തിയായി മാറിയതാണ് ബിബിസിയെയും ഇപ്പോള്‍ അത്ഭുതപ്പെടുത്തുന്നത്. ഇത് മറച്ചു വയ്കാതെയുള്ള റിപ്പോര്‍ട്ടിങ് ശൈലിയാണ് ഇപ്പോള്‍ ബിബിസി സ്വീകരിച്ചിരിക്കുന്നതും.
തന്റെ പിതാവിന്റെ പോക്കറ്റ് കാലിയാക്കി ക്രിക്കറ്റ് പരിശീലനം നടത്തിയ മുന്‍ ഇന്ത്യന്‍ ക്യാപ്ടന്‍ മിഥാലി രാജിന്റെ അനുഭവം അടക്കം ഓര്‍മ്മിപ്പിച്ചാണ് ബിബിസി ഇന്ത്യന്‍ ടീമിന്റെ ആരാധകരായി ഒരു ദിവസത്തേക്ക് എങ്കിലും മാറിയിരിക്കുന്നത്. പണ്ടൊക്കെ നയാ പൈസ ഇന്ത്യയില്‍ വനിതാ ക്രിക്കറ്റര്‍മാര്‍ക്ക് ലഭിക്കില്ലായിരുന്നു എന്നും ആവശ്യമായ ബാറ്റും ബോളും പാഡും ഒക്കെ സ്വന്തം പണം മുടക്കി വാങ്ങണമായിരുന്നു എന്ന മിഥാലിയുടെ വാക്കുകളും ബിബിസി കടമെടുക്കുന്നുണ്ട്. എന്തിനേറെ വനിതാ താരങ്ങള്‍ പരിശീലനം പോലും സ്വന്തം ചിലവില്‍ നടത്തേണ്ടിയിരുന്ന ഒരു കാലം ഇന്ത്യയില്‍ ഉണ്ടായിരുന്നു എന്നുമാണ് മിഥാലിയുടെ വാക്കുകള്‍ ഉപയോഗിച്ച് ഇന്ത്യന്‍ ക്രിക്കറ്റിന്റെ മാറ്റം ബിബിസി വരച്ചിടുന്നത്. പലപ്പോഴും മത്സരത്തിനു ഒരാഴ്ച മുന്‍പ് മാത്രമാണ് ടര്‍ഫില്‍ പരിശീലനത്തിന് പോലും അവസരം കിട്ടിയിരുന്നത്. പുരുഷന്മാര്‍ക്ക് വേണ്ടി മാത്രമുള്ള കായിക ഇനം എന്ന നിലയില്‍ മിടുക്കരായി വളരാന്‍ കഴിവും പ്രതിഭയുമുള്ള വനിതകളെ പോലും സ്വന്തം കുടുംബം ക്രിക്കറ്റില്‍ നിന്നും വിലക്കിയ കാലവും ഇന്ത്യയില്‍ ഉണ്ടായിരുന്നു എന്നും മിഥാലി ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ബിസിസിഐ ഇന്ത്യന്‍ വനിതാ ക്രിക്കറ്റിനെ ഏറ്റെടുക്കുന്നതോടെ കാര്യങ്ങള്‍ മാറി മറിയുക ആയിരുന്നു എന്നാണ് മിഥാലി രാജ് ബിബിസിയോട് പറയുന്നത്.
ഇപ്പോള്‍ നാഷണല്‍ ക്രിക്കറ്റ് അക്കദമിയുടെ ഏറ്റവും മികച്ച പരിശീലകരും ഫിസിയോകളും ഒക്കെയാണ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെയും പരിപാലിക്കുന്നത്. അതിന്റെ മാറ്റം ടീമിലും വ്യക്തമാണ്. മാത്രമല്ല മിക്ക താരങ്ങളും ഇന്ത്യന്‍ റയില്‍വേ നല്‍കുന്ന ജോലി കൊണ്ട് മികച്ച ശമ്പളം വാങ്ങുന്നവരുമാണ്. പത്തു വര്‍ഷം മുന്‍പ് തനിക്ക് 33 വയസുള്ളപ്പോള്‍ ബിസിസിഐ വനിതാ താരങ്ങള്‍ക്ക് കരാറുമായി രംഗത്ത് വന്നത് വമ്പന്‍ മാറ്റങ്ങളാണ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റില്‍ സൃഷ്ടിച്ചത് എന്നാണ് മിഥാലിക്ക് പറയാനുള്ളത്. മികച്ച സമ്പത്തില്ലാത്ത ഒരു കുടുംബത്തില്‍ നിന്നും എത്തുന്ന കായിക താരത്തിന് ഒരു പ്രായം കഴിയുമ്പോള്‍ എങ്കിലും താന്‍ എങ്ങനെയാണു സമ്പാദിക്കാന്‍ തുടങ്ങുക എന്ന് ചിന്തിക്കേണ്ടി വരുമെന്ന് മിഥാലി പറയുന്നതും സ്വന്തം ജീവിതാനുഭവത്തില്‍ നിന്നും തന്നെയാണ്. ഈ ചിന്തയിലേക്കാണ് ബിസിസിഐയുടെ കരാര്‍ ദേശീയ ടീമിനെ തേടിയെത്തുന്നതും അതിലൂടെ കളിക്കാരുടെ ആത്മവിശ്വാസം വളര്‍ന്നതും അവരുടെ പ്രതിഭ പുറത്തു എത്തുന്നതും.
ഇംഗ്ലണ്ടിനെ ലോര്‍ഡ്‌സില്‍ ലോക കപ്പില്‍ നേരിട്ടത് വമ്പന്‍ വഴിത്തിരിവ്, പ്രതിഫലം 15 ല്‍ നിന്നും 50 ലക്ഷത്തിലേക്ക്
2017ല്‍ ലണ്ടനില്‍ ലോഡ്‌സ് സ്റ്റേഡിയത്തില്‍ ലോക കപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ നേരിടാന്‍ ഇന്ത്യന്‍ ടീം എത്തിയത് ഇന്ത്യയിലെ വനിതാ ക്രിക്കറ്റിന്റെ തലവര മാറ്റി വരച്ചു എന്ന നിരീക്ഷണമാണ് ഇപ്പോള്‍ മിഥാലിയിലൂടെ ബിബിസി നടത്തുന്നത്. ടെലിവിഷനില്‍ തത്സമയ സംപ്രേക്ഷണത്തിനു ഇത്രയും കാലം വനിതാ ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കേണ്ടി വന്നു എന്നതും പ്രധാനമാണ്. ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ കണക്കുകള്‍ പ്രകാരം ആ കളി കണ്ടത് ലോകമെങ്ങും നൂറു മില്യണ്‍ ജനങ്ങളാണ്. ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും വനിതാ ക്രിക്കറ്റില്‍ എത്തിക്കാന്‍ സഹായകമായത് ആ വര്‍ഷത്തെ ലോകകപ്പാണ്. ഇന്ത്യന്‍ ടീം ആ മത്സരത്തില്‍ തോറ്റെങ്കിലും, ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റുപോയ ആ കളി ഇന്ത്യയില്‍ ലൈവ് ആയി കണ്ടത് 19.53 മില്യണ്‍ ജനങ്ങള്‍ ആണെന്ന് ബാര്‍ക് റേറ്റിങ് തന്നെ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. അന്ന് വരെ ഇന്ത്യയില്‍ ഏതെങ്കിലും വനിതാ കായിക ഇനം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ കാഴ്ചക്കാരെയാണ് ആ മത്സരം നേടിയെടുത്തത്. റിയോ ഒളിമ്പിക്സില്‍ ഇന്ത്യന്‍ തരാം പിവി സിന്ധു മത്സരിച്ച ബാഡ്മിന്റണ്‍ ഫൈനലിനേക്കാള്‍ ആരാധകരാണ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റിനായി ടിവിക്ക് മുന്നില്‍ എത്തിയത്. ലണ്ടനിലെ മത്സരത്തിന് ശേഷം ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം 15 ലക്ഷത്തില്‍ നിന്നും വമ്പന്‍ കുതിപ്പ് നടത്തി 50 ലക്ഷത്തിലേക്ക് എത്തിയതും ആരെയും അമ്പരപ്പിച്ച കാഴ്ച കൂടിയാണ്.
വീണ്ടും ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന് കുതിപ്പ് നല്‍കി സ്റ്റാര്‍ സ്പോര്‍ട്സ് 2020 ല്‍ ടി 20 ലോകകപ്പ് അഞ്ചു വ്യത്യസ്ത ഭാഷകളില്‍ സംപ്രേക്ഷണം ചെയ്താണ് ഇന്ത്യന്‍ മനസുകളില്‍ ലക്ഷകണക്കിന് ആരാധകരെ സ്വന്തമാക്കിയത്. അന്നത്തെ ഇന്ത്യയും ആസ്‌ട്രേലിയയും തമ്മിലുള്ള ഫൈനല്‍ മത്സരവും 9.02 മില്യണ്‍ ആളുകളിലേക്കാണ് എത്തിച്ചേര്‍ന്നത്. ഫൈനല്‍ മത്സരങ്ങളിലേക്ക് ഒരു ലക്ഷം കാണികള്‍ വരെ ഒഴുകി എത്തിയതോടെ 2022 ല്‍ ബിസിസിഐ മത്സരങ്ങളുടെ ഫീസ് തുക പുരുഷ ക്രിക്കറ്റിനൊപ്പം തന്നെ വനിതകള്‍ക്കും ഏര്‍പ്പെടുത്തിയപ്പോള്‍ ടീമിന്റെയും താരങ്ങളുടെയും പ്രശസ്തിയും വിപണി മൂല്യവും കുതിച്ചുയരുക ആയിരുന്നു. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് പ്രൗഡിയുടെയും പ്രതാപത്തിന്റെയും അവസാന വാക്കായി മാറുവാന്‍ പിന്നെ കാത്തിരിപ്പ് പോലും വേണ്ടിവന്നില്ല എന്നാണ് സമീപകാല ചരിത്ര സത്യം.
വീണ്ടും കുതിപ്പിന് ശരവേഗം നല്‍കിയാണ് ഏറെ നാളായി കാത്തിരുന്ന വനിതാ ഐപിഎല്‍ 2023 ല്‍ കടന്നെത്തുന്നത്. അഞ്ചു ടീമുകള്‍ക്ക് വേണ്ടി അതിശയിപ്പിക്കും വിധം 465 മില്യണ്‍ പൗണ്ടാണ് സ്‌പോണ്‍സര്‍മാര്‍ വാരിയെറിഞ്ഞത്. മാധ്യമ സംപ്രേക്ഷണം പോലും 96 മില്യണ്‍ പൗണ്ടിന് വിറ്റുപോയത് തലക്കെട്ടുകള്‍ക്ക് പോലും പ്രതീക്ഷിക്കാവുന്നതിലും വലുതായിരുന്നു. റോയല്‍ ചലഞ്ചേസ്സ് ബാംഗ്ലൂരിന് വേണ്ടി സ്മൃതി മന്ദനാ എന്ന കളിക്കാരി മൂന്നര കോടി രൂപയ്ക്ക് കരാര്‍ ചെയ്യപ്പെട്ടത് ക്രിക്കറ്റ് ആരാധകര്‍ വാ പൊളിച്ചാണ് കേട്ടിരുന്നത്. ആദ്യ ഐപിഎല്‍ കഴിയുമ്പോള്‍ ബിസിസിഐ വരുമാനം 3.9 ശതമാനം കൂടിയതും കോടികളുടെ മണിക്കിലുക്കമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തു സൃഷ്ടിച്ചത്. ഇതോടെ ലേലത്തില്‍ വന്‍തുക കരാര്‍ ചെയ്യപ്പെടാന്‍ സാധ്യതയുള്ള 90 താരങ്ങളിലേക്ക് 30 പേര്‍ ഇന്ത്യന്‍ മണ്ണ് തേടി വിദേശങ്ങളില്‍ നിന്നും പറന്നിറങ്ങിയതും വനിതാ ക്രിക്കറ്റിന്റെ കാലം ആരും പ്രവചിക്കാത്ത നിലയിലേക്ക് എത്തിക്കാന്‍ കൂടി കാരണമായി. ഇപ്പോള്‍ 36 ടീമുകളിലായി 540 പെണ്‍കുട്ടികള്‍ ജൂനിയര്‍ ടീമുകള്‍ക്ക് വേണ്ടി കളിക്കുന്നതും പണം എണ്ണിവാങ്ങി തന്നെയാണ്. ഇതെല്ലം ഇന്ത്യയില്‍ വനിതാ ക്രിക്കറ്റിന്റെ ഭാവി എന്തെന്ന ചോദ്യത്തിന് പോലും പ്രസക്തി ഇല്ലാതാക്കുകയാണ്. നന്നായി കളിച്ചില്ലെങ്കില്‍ ടീമില്‍ കയറാന്‍ പ്രതിഭ നിറഞ്ഞവര്‍ കാത്തിരിക്കുന്നു എന്ന അവസ്ഥ പുരുഷ ടീമിനെ പോലെ വനിതാ ടീമിലും ദൃശ്യമാണ്. ക്രിക്കറ്റ് കളി എന്നതിനൊപ്പം പ്രൊഫഷനായി മാറിക്കഴിഞ്ഞു എന്നതാണ് ഇന്ത്യയില്‍ ഉണ്ടായ ഏറ്റവും വലിയ മാറ്റാമെന്നും മിഥാലി രാജ് നിരീക്ഷിക്കുന്നു.