കേരളത്തില്‍ താമസിച്ച് ചെന്നൈയിലേക്ക് വരുന്നതിനെക്കുറിച്ചാണ് ചോദിക്കുന്നതെന്ന് അശ്വിന്‍; പൊട്ടിച്ചിരിച്ച് സഞ്ജു സാംസണ്‍; മലയാളി താരത്തിനായി സിഎസ്‌കെ വലവിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ വൈറലായി കുട്ടി സ്റ്റോറീസിന്റെ വീഡിയോ; സഞ്ജുവിനെ സിഎസ്‌കെ പൊക്കിയാല്‍ നിരാശരാവുക കെകെആര്‍ എന്ന് മുന്‍ ഇന്ത്യന്‍ താരം

സഞ്ജുവിനെ സിഎസ്‌കെ പൊക്കിയാല്‍ നിരാശരാവുക കെകെആര്‍ എന്ന് മുന്‍ ഇന്ത്യന്‍ താരം

Update: 2025-08-09 15:09 GMT

ചെന്നൈ: സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് ടീം വിട്ട് ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ ചേക്കേറാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ക്കിടെ മുന്‍ ഇന്ത്യന്‍ താരം ആര്‍ അശ്വിന്റെ യുട്യൂബ് ചാനല്‍ പുറത്തുവിട്ട വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. അശ്വിന്റെ യുട്യൂബ് ചാനലിലെ കുട്ടി സ്റ്റോറീസ് സീരീസിലാണ് സഞ്ജു അതിഥിയായി എത്തുന്നത്. അശ്വിന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വിടാന്‍ താല്‍പര്യപ്പെടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ഇടെയാണ് പുതിയ വീഡിയോ.

വീഡിയോയുടെ ഭാഗമായി പുറത്തിറക്കിയ പ്രമോ വീഡിയോയില്‍ അശ്വിന്‍ സഞ്ജുവിനോട് ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക് വരാന്‍ പോകുന്നുവെന്ന കാര്യത്തെക്കുറിച്ചാണ് ചോദിക്കുന്നത്. കേരളത്തില്‍ താമസിച്ച് ചെന്നൈയിലേക്ക് വരുന്നതിനെക്കുറിച്ചാണ് താന്‍ നേരിട്ട് ചോദിക്കാന്‍ പോകുന്നതെന്ന് അശ്വിന്‍ വീഡിയോയില്‍ പറയുമ്പോള്‍ ചിരിയാണ് സഞ്ജുവിന്റെ മറുപടി.

സഞ്ജു സാംസണെ ട്രേഡിലൂടെ വിട്ടുകൊടുക്കണമെങ്കില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ രണ്ട് താരങ്ങളെ പകരം കൈമാറണമെന്ന് രാജസ്ഥാന്‍ റോയല്‍സ് ഉപാധിവെച്ചതായി ഇന്നലെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ചെന്നൈയുടെ ഏതൊക്കെ താരങ്ങളെയാണ് രാജസ്ഥാന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ഐപിഎല്‍ സീസണ് മുമ്പ് 18 കോടിക്ക് സഞ്ജുവിനെ അടുത്ത മൂന്ന് സീസണിലേക്ക് നിലനിര്‍ത്തിയ രാജസ്ഥാന് അടുത്ത രണ്ട് സീസണുകളില്‍ കൂടി മലയാളി താരത്തെ ടീമില്‍ കളിപ്പിക്കാം.

കഴിഞ്ഞ ഐപിഎല്‍ സീസണ്‍ അവസാനിച്ചതിന് പിന്നാലെ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പരിശീലകനായ സ്റ്റീഫന്‍ ഫ്‌ലെമിംഗുമായി അമേരിക്കയിലെ മേജര്‍ ലീഗ് ക്രിക്കറ്റിനിടെ കൂടിക്കാഴ്ച നടത്തിയിരുന്നു. എം എസ് ധോണിയുടെ പകരക്കാരനായി വിക്കറ്റ് കീപ്പറെ തേടുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് സഞ്ജുവിനെ സ്വന്തമാക്കിയാല്‍ മലയാളി ആരാധകരുടെ കൂടുതല്‍ പിന്തുണയും ഉറപ്പിക്കാനാവും. ചെന്നൈക്കൊപ്പം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സഞ്ജുവിനായി ശക്തമായി രംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ചെന്നൈയിലേക്കുളള പോക്ക് സഞ്ജുവിന് എളുപ്പമാകുമോ എന്ന് കണ്ടറിയണം. കാരണം, മൂന്ന് തവണ കിരീടം നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സഞ്ജുവിന് പിന്നാലെയുണ്ട്. അതിനെ കുറിച്ചാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര പറയുന്നത്. അദ്ദേഹത്തിന്റെ വിശദീകരണം... ''സഞ്ജുവിനെ ലഭിക്കാതിരുന്നാല്‍ ഏറ്റവും കൂടുതല്‍ നിരാശപ്പെടുന്നത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ആയിരിക്കും. കാരണം, കൊല്‍ക്കത്തയ്ക്ക് ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററില്ല.'' ചോപ്ര പറഞ്ഞു.

''രണ്ടാമത്, സഞ്ജുവിന്റെ ക്യാപ്റ്റന്‍സി. ഒരു ക്യാപ്റ്റനെ ലഭിച്ചാല്‍ എന്താണ് തെറ്റ്? അജിന്‍ക്യ രഹാനെ നന്നായി നയിച്ചുവെന്നും അതോടൊപ്പം റണ്‍സ് നേടിയിട്ടുണ്ടെന്നും ഞാന്‍ നിഷേധിക്കുന്നില്ല. എന്നിരുന്നാലും, രഹാനെ കളിക്കുമ്പോള്‍ അവരുടെ ബാറ്റിംഗ് ഓര്‍ഡറില്‍ പ്രശ്നമുണ്ടാവുന്നുണ്ട്. അവര്‍ക്ക് വേണമെങ്കില്‍, വെങ്കിടേഷ് അയ്യരെ ഒഴിവാക്കി 24 കോടി രൂപ നേടിയെടുക്കാം. അപ്പോള്‍ അവര്‍ക്ക് ടീമില്‍ ഒരു മാറ്റമുണ്ടാക്കാന്‍ കഴിയും.'' ചോപ്ര വ്യക്തമാക്കി.

2021 ജനുവരിയിലാണ് സ്റ്റീവ് സ്മിത്തിന്റെ പിന്‍ഗാമിയായി സഞ്ജു രാജസ്ഥാന്‍ റോയല്‍സ് നായകനാവുന്നത്. ആദ്യ സീസണില്‍ തിളങ്ങാനായില്ലെങ്കിലും 2022ല്‍ രാജസ്ഥാനെ ഫൈനലിലെത്തിക്കാന്‍ സഞ്ജുവിനായി. 11 സീസണുകളിലായി രാജസ്ഥാനുവേണ്ടി ഏറ്റവും കൂടുതല്‍ മത്സരം കളിക്കുകയും(155) ഏറ്റവും കൂടുതല്‍ റണ്‍സടിക്കുകയും(4219) ചെയ്ത സഞ്ജു രാജസ്ഥാനെ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍(67) നയിക്കുകയും ജയിക്കുകയും(33) ചെയ്ത നായകനുമാണ്.

Tags:    

Similar News