വൈഭവ് സൂര്യവംശി വരവറിയിച്ചു; ഓപ്പണിംഗ് സ്ഥാനം പോയി; ഇംപാക്ട് പ്ലെയറായി ഒതുക്കി; 'നായകന്‍' രാജസ്ഥാന്‍ റോയല്‍സ് വിടാന്‍ കാരണങ്ങള്‍ നിരവധി; എല്ലാ അഭ്യൂഹങ്ങള്‍ക്കും ഒടുവില്‍ വിരാമമിട്ട് സഞ്ജു സാംസണ്‍

എല്ലാ അഭ്യൂഹങ്ങള്‍ക്കും ഒടുവില്‍ വിരാമമിട്ട് സഞ്ജു സാംസണ്‍

Update: 2025-08-09 16:24 GMT

മുംബൈ: അടുത്ത ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണില്‍ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മഞ്ഞ ജെഴ്‌സിയില്‍ അരങ്ങേറുമോ? അതോ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നയിക്കുമോ? ഏത് ടീമിലാകും മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കളിക്കുക, അതോ രാജസ്ഥാന്‍ റോയല്‍സില്‍ തുടരുമോ? രാജസ്ഥാനിലാണെങ്കില്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് ഉണ്ടാകുമോ? ഒട്ടേറെ ചോദ്യങ്ങളാണ് ക്രിക്കറ്റ് പ്രേമികളുടെ ഇപ്പോഴത്തെ പ്രധാനചര്‍ച്ചാ വിഷയങ്ങളിലൊന്ന്. ടീം വിടാനുള്ള ആഗ്രഹം സഞ്ജു പ്രകടിപ്പിച്ചെന്ന് ക്രിക്കറ്റ് വെബ്സൈറ്റുകളായ ക്രിക്ക് ഇന്‍ഫോയും ക്രിക്ക് ബസ്സും വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, രാജസ്ഥാന്‍ റോയല്‍സ് ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടുമില്ല. സഞ്ജുവാകട്ടെ, വിഷയത്തില്‍ നിന്നൊഴിഞ്ഞ് ഏഷ്യകപ്പിനായുള്ള മുന്നൊരുക്കത്തിലുമാണ്.

രാജസ്ഥാന്‍ റോയല്‍സുമായി സഞ്ജുവിന് വൈകാരിക ബന്ധമുണ്ടെങ്കിലും ക്യാപ്റ്റനായും ഓപ്പണറായും സ്ഥാനം സുരക്ഷിതമല്ലാത്തതാണ് ടീം വിടാന്‍ പ്രേരിപ്പിക്കുന്ന ഘടകമെന്നാണ് പുറത്തുവന്ന വിവരം. കൗമാരതാരം വൈഭവ് സൂര്യവംശിയുടെ ഉയര്‍ച്ചയാണ് ഓപ്പണറുടെ റോളില്‍ ഭീഷണിയുയര്‍ത്തുന്നത്. യശസ്വി ജയ്സ്വാളാണ് മറ്റൊരു ഓപ്പണര്‍. ഇരുവരും കഴിഞ്ഞ സീസണില്‍ ക്ലിക്കായതോടെ, ഇതുമാറ്റാന്‍ പരിശീലകനായ രാഹുല്‍ ദ്രാവിഡും മാനേജ്മെന്റും തയ്യാറാകില്ല. ഇന്ത്യന്‍ ടീമില്‍ ഓപ്പണറായി കളിക്കുന്ന സഞ്ജുവിന് താത്പര്യം ഓപ്പണര്‍ റോളാണ്. സഞ്ജുവിന്റെ ശൈലിക്കിണങ്ങുന്നതും ഈ റോളാണ്.

ക്യാപ്റ്റന്‍ സ്ഥാനത്തിനും ഭീഷണിയുണ്ട്. 2022-ല്‍ ടീമിനെ ഫൈനലിലേക്ക് നയിച്ചതാണ് ക്യാപ്റ്റന്‍സിയിലെ മികച്ച പ്രകടനം. പുതിയ ക്യാപ്റ്റനെ പരീക്ഷിക്കാന്‍ മാനേജ്മെന്റിന് താത്പര്യമുണ്ട്. അങ്ങനെയെങ്കില്‍ റിയാന്‍ പരാഗിനോ, യശസ്വി ജയ്സ്വാളിനോ നറുക്ക് വീഴും. രാഹുല്‍ ദ്രാവിഡ് പരിശീലകനായതോടെ, ക്യാപ്റ്റന്‍സിയില്‍ സഞ്ജുവിന് കാര്യമായ സ്വാതന്ത്ര്യം ലഭിക്കുന്നുമില്ല. ഇതൊക്കെ പുതിയ ടീമില്‍ ഇടംപിടിക്കാനുള്ള നീക്കത്തിന് പിന്നിലെന്നായിരുന്നു പ്രചരിച്ച വാര്‍ത്തകള്‍. എന്നാല്‍ സഞ്ജു രാജസ്ഥാന്‍ റോയല്‍സ് വിടുമോ എന്ന ചോദ്യത്തിന് ഒടുവില്‍ ഉത്തരം വന്നിരിക്കുന്നു.

എല്ലാ സംശയങ്ങള്‍ക്കും കൃത്യമായ മറുപടിയുമായി സഞ്ജു തന്നെ നേരിട്ട് രംഗത്തെത്തിയത്. ഇന്ത്യന്‍ ടീമിലെ സഹതാരവും ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച തന്ത്രജ്ഞരിലൊരാളുമായ രവിചന്ദ്രന്‍ അശ്വിന്റെ 'കുട്ടി സ്റ്റോറീസ്' എന്ന യൂട്യൂബ് സംവാദ പരമ്പരയിലായിരുന്നു സഞ്ജുവിന്റെ നിര്‍ണ്ണായകമായ വെളിപ്പെടുത്തല്‍. കേവലമൊരു അഭിമുഖത്തിനപ്പുറം, രാജസ്ഥാന്‍ റോയല്‍സ് എന്ന ഫ്രാഞ്ചൈസിയുമായുള്ള തന്റെ ആത്മബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

'രാജസ്ഥാന്‍ റോയല്‍സ് എനിക്ക് എന്റെ ലോകം തന്നെയാണ്,' സഞ്ജു സംഭാഷണത്തിനിടെ പ്രസ്താവിച്ചു. 'കേരളത്തിലെ ഒരു ഗ്രാമീണ പശ്ചാത്തലത്തില്‍ നിന്നും, തന്റെ കഴിവുകള്‍ ലോകത്തിന് മുന്നില്‍ പ്രകടിപ്പിക്കാന്‍ ഒരു വേദി സ്വപ്നം കണ്ട ഒരു ചെറുപ്പക്കാരനായിരുന്നു ഞാന്‍. ആ ഘട്ടത്തില്‍, രാഹുല്‍ ദ്രാവിഡിനെയും മനോജ് ബദാലെയെയും പോലുള്ളവര്‍ എനിക്ക് ആ വേദി ഒരുക്കിത്തന്നു. എന്റെ പ്രതിഭ എന്താണെന്ന് ലോകത്തെ കാണിക്കാന്‍ അവര്‍ അവസരം നല്‍കി.'

തന്റെ കരിയറിന്റെ എല്ലാ ഘട്ടങ്ങളിലും ഫ്രാഞ്ചൈസി തന്നില്‍ അര്‍പ്പിച്ച അചഞ്ചലമായ വിശ്വാസത്തെക്കുറിച്ചും സഞ്ജു എടുത്തുപറഞ്ഞു. രാജസ്ഥാന്‍ റോയല്‍സുമായുള്ള തന്റെ യാത്ര അവിസ്മരണീയമായിരുന്നുവെന്നും, അത്തരമൊരു ഫ്രാഞ്ചൈസിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ താന്‍ അങ്ങേയറ്റം കൃതജ്ഞനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ പ്രസ്താവനയിലൂടെ, ടീം വിടുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളയുകയാണ് സഞ്ജു ചെയ്തത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഫ്രാഞ്ചൈസിയോടുള്ള കൂറും ആഴത്തിലുള്ള വൈകാരിക അടുപ്പവും അടിവരയിടുന്നതായിരുന്നു.

2022ല്‍ രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലിലേക്ക് നയിക്കാന്‍ കഴിഞ്ഞു. ടീമിനെ രണ്ടുതവണ പ്ലേ ഓഫില്‍ എത്തിച്ച ആദ്യ നായകനാണ്. ടീമിന് ഏറ്റവും കൂടുതല്‍ ജയം നേടിക്കൊടുത്ത ക്യാപ്റ്റനും സഞ്ജുവാണ്.

Tags:    

Similar News