ഏഷ്യാകപ്പില്‍ ഓപ്പണറാകുമോ അതോ മിഡില്‍ ഓര്‍ഡറില്‍ കളിക്കുമോ എന്ന് ആരാധകര്‍; മറുപടി നല്‍കാതെ സഞ്ജു; മലയാളി താരത്തിനായി ദുബായിലും ആരാധകക്കൂട്ടം; കാഴ്ചക്കാരനായി ഗില്‍; പ്രോത്സാഹിപ്പിച്ച് ക്യാപ്റ്റന്‍ സൂര്യ

Update: 2025-09-07 07:27 GMT

ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റിലെ മത്സരങ്ങള്‍ ആരംഭിക്കുന്നതിനായി കാത്തിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആരാധകര്‍. ദുബായിലെത്തിയ ഇന്ത്യന്‍ ടീം കഠിനമായ പരിശീലനത്തിലാണ്. അതിനിടെ മലയാളി താരം സഞ്ജു സാംസണിനായി ആരാധകരില്‍ ചിലര്‍ ആര്‍ത്തുവിളിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. പരിശീലനത്തിന് ശേഷം മടങ്ങുമ്പോള്‍ സഞ്ജു സാംസണു വേണ്ടി കാത്തുനില്‍ക്കുകയായിരുന്നു ആരാധകര്‍.

ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, തിലക് വര്‍മ, സഞ്ജു സാംസണ്‍ എന്നിവര്‍ മടങ്ങുന്നതിനിടെയാണ് പരിശീലനം കാണാനെത്തിയ ആരാധകര്‍ സഞ്ജുവിന്റെ പേര് ആര്‍ത്തുവിളിച്ചത്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ചിരിച്ചുകൊണ്ട് ആരാധകരെ പ്രോത്സാഹിപ്പിക്കുന്നതും വിഡിയോയിലുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ഇന്ത്യന്‍ ടീമിന്റെ പരിശീലനം കാണാനെത്തിയ ആരാധകരില്‍ ചിലര്‍ക്കൊപ്പം സെല്‍ഫിയെടുത്ത സഞ്ജു, ഓട്ടോഗ്രാഫും നല്‍കിയാണ് ടീം ബസിലേക്ക് കയറിയത്. ഏഷ്യാകപ്പില്‍ ഓപ്പണറാകുമോ അതോ മിഡില്‍ ഓര്‍ഡറില്‍ കളിക്കുമോയെന്ന് ആരാധകരില്‍ ചിലര്‍ സഞ്ജുവിനോടു ചോദിക്കുന്നുണ്ട്. എന്നാല്‍ ചോദ്യങ്ങള്‍ക്കു സഞ്ജു മറുപടി നല്‍കിയില്ല.

ട്വന്റി20യില്‍ ഓപ്പണറായി ഗംഭീര പ്രകടനമാണു നടത്തിയതെങ്കിലും വൈസ് ക്യാപ്റ്റനായി ശുഭ്മന്‍ ഗില്‍ ടീമിലെത്തിയതോടെ, സഞ്ജുവിന്റെ ബാറ്റിങ് പൊസിഷന്‍ ഏതെന്നു വ്യക്തമല്ല. ശുഭ്മന്‍ ഗില്‍ കളിക്കാതിരുന്നതു കൊണ്ടാണ് സഞ്ജു ഓപ്പണറായതെന്നും ഓപ്പണര്‍മാരെ യുഎഇയില്‍ എത്തി പരിശീലനം തുടങ്ങിയ ശേഷമാകും തീരുമാനിക്കുകയെന്നുമാണ് സിലക്ടര്‍ അജിത് അഗാര്‍ക്കര്‍ ടീം സിലക്ഷന്റെ സമയത്തു പറഞ്ഞത്.

ഓപ്പണിങ്ങില്‍ ശുഭ്മന്‍ ഗില്‍ അഭിഷേക് ശര്‍മ സഖ്യത്തെ ബിസിസിഐ പരീക്ഷിച്ചു നോക്കാനാണു സാധ്യത. ഓപ്പണര്‍ സ്ഥാനം ലഭിച്ചില്ലെങ്കില്‍ ബാറ്റിങ് ക്രമത്തില്‍ സഞ്ജു താഴേക്ക് ഇറങ്ങേണ്ടിവരും. ഓപ്പണിങ് സ്ഥാനത്തിനു പുറമേ, വണ്‍ഡൗണായും ഫിനിഷര്‍ ആയും സഞ്ജുവിനെ ടീമില്‍ ഉപയോഗിക്കാന്‍ സാധിക്കും. ഏഷ്യാകപ്പ് ടീമിലെ പ്രധാന വിക്കറ്റ് കീപ്പറാണ് സഞ്ജു സാംസണ്‍.

Similar News