ചിരവൈരികളുടെ പോരാട്ടമായിട്ടും ടിക്കറ്റ് വില്‍പ്പനയ്ക്ക് പഴയ ആവേശമില്ല; ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം ഒരുവിഭാഗം ആരാധകരും ഏറ്റെടുത്തതോടെ വന്‍ വിവാദം; ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തില്‍ നിന്ന് അകലം പാലിച്ച് ബിസിസിഐ; ജയ് ഷാ അടക്കം പ്രമുഖര്‍ 'ഒളിവില്‍'; ആരാധകര്‍ കടുത്ത അതൃപ്തിയില്‍
ബിസിസിഐ പ്രതിനിധികള്‍ സ്റ്റേഡിയത്തില്‍ എത്തില്ല?
ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന്റെ ആവേശം ചോര്‍ത്തി വിവാദങ്ങളും ബഹിഷ്‌കരണ ഭീഷണിയും. ലോകത്ത് എവിടെ നടന്നാലും ഇരു രാജ്യങ്ങളും തമ്മിലുള്ള പോരാട്ടം കാണാന്‍ എപ്പോഴും വലിയ തിക്കും തിരക്കുമുണ്ടാകുന്ന കാഴ്ച കൗതുകമുണര്‍ത്താറുണ്ട്. എന്നാല്‍ ഇത്തവണത്തെ ഏഷ്യകപ്പില്‍ സ്ഥിതി അല്‍പ്പം വ്യത്യസ്തമായിട്ടാണ് കാണുന്നത്. മത്സരത്തിന്റെ ടിക്കറ്റു വില്‍പ്പനയും കുറവാണെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.
ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യ - പാക് മത്സരത്തിന്റെ ടിക്കറ്റുകള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ വിറ്റുപോയപ്പോള്‍ ഇത്തവണത്തെ ടിക്കറ്റ് വില്‍പ്പനയും സാവധാനത്തിലാണ്. ബിസിസിഐ മത്സരവുമായി മുന്നോട്ട് പോകുന്നതില്‍ ആരാധകരും അതൃപ്തരാണ്. പലരും ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ നടത്തിയിട്ടുണ്ട്. മത്സരവുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ചെയര്‍മാന്‍ ജയ് ഷായോ ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയോ അടക്കമുള്ളവര്‍ ഇന്ന് ദുബായില്‍ നടക്കാനിരിക്കുന്ന ഇന്ത്യ-പാക് മത്സരം നേരില്‍ കാണാന്‍ സാദ്ധ്യതയില്ലെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് കൊണ്ട് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിവാദങ്ങളും പ്രതിഷേധങ്ങളും മുറുകിയതോടെ ബിസിസിഐ നേതൃത്വവും ഉള്‍വലിഞ്ഞതായാണ് വിവരം. മത്സരം കാണാന്‍ ബിസിസിഐ പ്രതിനിധികള്‍ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ എത്തില്ലെന്ന് റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാനെതിരായ മത്സരം ബഹിഷ്‌കരിക്കണമെന്ന ആഹ്വാനങ്ങള്‍ക്കിടെയാണ് ബിസിസിഐ നീക്കമെന്നാണ് ദൈനിക് ജാഗ്രണ്‍ അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങള്‍ രൂക്ഷമായതിന് പിന്നാലെയാണ് ഏഷ്യാ കപ്പ് മത്സരങ്ങള്‍ യുഎഇയിലേക്ക് മാറ്റിയത്. ഇതിനിടെ വിവിധ സംഘടനകള്‍ ഇന്ന് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. മത്സരം ബഹിഷ്‌കരിക്കാനും ബിഗ് സ്‌ക്രീനില്‍ കളി പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നുമാണ് ഭീഷണി.
ഇന്ത്യ- പാക് മത്സരത്തിനായി മുതിര്‍ന്ന ബിസിസിഐ പ്രതിനിധികളാരും ദുബായില്‍ എത്തിയിട്ടില്ലെന്ന് ദൈനിക് ജാഗ്രണിന്റെ വാര്‍ത്തയില്‍ പറയുന്നു. ബിസിസിഐ സെക്രട്ടറി ദേവജിത് സെയ്ക്യ, ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍, ട്രഷറര്‍ പ്രഭ്തേജ് ഭാട്യ, ജോയിന്റ് സെക്രട്ടറി രോഹന്‍ ദേശായി എന്നിവര്‍ മത്സരം നേരിട്ട് വീക്ഷിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നാണ് സ്ഥിരീകരിക്കാത്ത വിവരങ്ങള്‍. അതേസമയം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ മെമ്പര്‍ കൂടിയായതിനാല്‍ ആക്ടിംഗ് ബിസിസിഐ പ്രസിഡന്റ് രാജീവ് ശുക്ല ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം വീക്ഷിച്ചേക്കും. അമേരിക്കയിലായതിനാല്‍ ഐസിസി ചെയര്‍മാന്‍ ജയ് ഷായും മത്സരം വീക്ഷിക്കാനുണ്ടാവില്ല. മള്‍ട്ടി-നേഷന്‍ ഇവന്റായതിനാലാണ് പാകിസ്ഥാനെതിരായ മത്സരത്തിനിറങ്ങാന്‍ ടീം ഇന്ത്യക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത് എന്നും ദൈനിക് ജാഗ്രണിന്റെ വാര്‍ത്തയില്‍ വിശദീകരിക്കുന്നു.
ഇന്ത്യ-പാക് അങ്കം ഇന്ന് രാത്രി
ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി എട്ട് മണിക്കാണ് ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരം നടക്കേണ്ടത്. സൂര്യകുമാര്‍ യാദവാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. ഏഷ്യാ കപ്പില്‍ ആദ്യ മത്സരം ജയിച്ച ശേഷമാണ് ഇരു ടീമുകളും മുഖാമുഖം വരുന്നത്. ഇന്ത്യ ആദ്യ മത്സരത്തില്‍ യുഎഇയെ തോല്‍പിച്ചപ്പോള്‍ പാകിസ്ഥാന്‍ ഒമാനെ പരാജയപ്പെടുത്തി. രാഷ്ട്രീയ വിവാദങ്ങള്‍ക്ക് നടുവില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുമ്പോള്‍ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ന് തീപാറും പോരാട്ടമുറപ്പാണ്. പാകിസ്ഥാനെതിരെ ട്വന്റി 20യിലെ നേര്‍ക്കുനേര്‍ ബലാബലത്തില്‍ ടീം ഇന്ത്യക്ക് വ്യക്തമായ മുന്‍തൂക്കമുണ്ട്. കളിച്ച 13 മത്സരങ്ങളില്‍ പത്തിലും ജയം ടീം ഇന്ത്യക്കൊപ്പമായിരുന്നു.