'ഏഷ്യാകപ്പില്‍ ചാമ്പ്യന്മാരായാല്‍ അയാളില്‍ നിന്നും ഇന്ത്യ കപ്പ് സ്വീകരിക്കില്ല'; വീണ്ടും ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനവുമായി സൂര്യകുമാര്‍ യാദവ്; എസിസി ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്‌വി പാക്ക് മന്ത്രിസഭയിലെ അംഗം; ഇന്ത്യയുടെ ബഹിഷ്‌കരണ ഭീഷണിയില്‍ നടുങ്ങി പിസിബി

ഇന്ത്യയുടെ ബഹിഷ്‌കരണ ഭീഷണിയില്‍ നടുങ്ങി പിസിബി

Update: 2025-09-17 10:36 GMT

ദുബായ്: ഏഷ്യ കപ്പില്‍ ഇത്തവണ ഇന്ത്യന്‍ ടീം ചാംപ്യന്‍മാരായാല്‍ പാകിസ്ഥാന്‍കാരനായ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വിയില്‍ നിന്നും കിരീടം സ്വീകരിക്കില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. ഈ സന്ദേശം എസിസിക്കും കൈമാറിയിട്ടുണ്ടെന്നും താരം അറിയിച്ചു.

ഏഷ്യാകപ്പിലെ ഇന്ത്യ പാക്കിസ്ഥാന്‍ ഹസ്തദാന വിവാദം തുടരുന്നതിനിടെയാണ് സൂര്യകുമാര്‍ യാദവ് വീണ്ടും ഞെട്ടിച്ചത്. ഇന്ത്യ ഏഷ്യാകപ്പ് വിജയിക്കുകയാണെങ്കില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാനായ മൊഹ്‌സിന്‍ നഖ്‌വിയില്‍നിന്ന് ട്രോഫി സ്വീകരിക്കുന്നതിനു ബുദ്ധിമുട്ടുണ്ടെന്ന് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് എസിസിയെ അറിയിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തലവനും പാക്കിസ്ഥാന്‍ സര്‍ക്കാരിലെ മന്ത്രിയുമാണ് മൊഹ്‌സിന്‍ നഖ്‌വി. ഈ സാഹചര്യത്തിലാണ് സൂര്യകുമാര്‍ യാദവ് എതിര്‍പ്പു പ്രകടിപ്പിച്ചതെന്നാണു വിവരം. ടൂര്‍ണമെന്റിലെ രണ്ടു മത്സരങ്ങളും വിജയിച്ച ഇന്ത്യ നേരത്തേ തന്നെ സൂപ്പര്‍ ഫോറില്‍ കടന്നിരുന്നു. ഏഷ്യാകപ്പില്‍ സൂപ്പര്‍ ഫോര്‍ ഉറപ്പിക്കുന്ന ആദ്യ ടീമാണ് ഇന്ത്യ. നിലവിലെ ഫോം വച്ച് ഇന്ത്യ ചാംപ്യന്‍മാരാകാനും സാധ്യതയുണ്ട്. സൂര്യകുമാര്‍ യാദവിന്റെ ആവശ്യം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഇതുവരെ പരിഗണിച്ചിട്ടില്ല.

ടൂര്‍ണമെന്റിന് ഇടയില്‍ പിന്നീട് കളിക്കളത്തില്‍ വച്ച് മറ്റുള്ളവര്‍ക്ക് നാണക്കേട് ഉണ്ടാകാതിരിക്കാന്‍ അത്തരം തീരുമാനങ്ങള്‍ മുന്‍കൂട്ടി എടുക്കണമെന്നാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അംഗങ്ങളും ആഗ്രഹിക്കുന്നതെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. മൈതാനത്ത് വച്ച് പെട്ടെന്ന് കൈ കൊടുക്കരുതെന്ന ഇന്ത്യന്‍ ടീമിന്റെ തീരുമാനത്തില്‍ നഖ്വി അസ്വസ്ഥനായിരുന്നു എന്ന് എസിസി വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. മുന്‍കൂട്ടി തീരുമാനിച്ചത് ആയിരുന്നുവെങ്കില്‍ അദ്ദേഹം ആ പ്രോട്ടോക്കോളിനോട് യോജിക്കുമായിരുന്നു എന്നും പിസിബി വൃത്തങ്ങളും ചൂണ്ടിക്കാട്ടുന്നുണ്ട്.

ഇന്ത്യ പാക്കിസ്ഥാന്‍ മത്സരത്തിനു പിന്നാലെ മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ മാറ്റിനിര്‍ത്തണമെന്ന പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ആവശ്യം ഒടുവില്‍ എസിസി അംഗീകരിച്ചിരുന്നു. മത്സരത്തിന്റെ ടോസിനു മുന്‍പ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമായി ഹസ്തദാനം നടത്തരുതെന്ന് പാക്ക് ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയോട് മാച്ച് റഫറി ആവശ്യപ്പെട്ടതായാണു പിസിബിയുടെ ആരോപണം. ഇത് സ്‌പോര്‍ട്‌സ്മാന്‍ഷിപ്പിന് എതിരാണെന്നും മാച്ച് റഫറി പക്ഷപാതം കാണിച്ചെന്നും ആരോപിച്ചാണ് പിസിബി പരാതി നല്‍കിയത്.

സിംബാബ്‌വെയില്‍ നിന്നുള്ള അറുപത്തിയൊന്‍പതുകാരന്‍ പൈക്‌റോഫ്റ്റ് ഐസിസി എലീറ്റ് പാനലിലുള്ള മാച്ച് റഫറിയാണ്. പാക്കിസ്ഥാന്റെ ആവശ്യപ്രകാരം ആന്‍ഡി പൈക്രോഫ്റ്റിനെ യുഎഇയ്‌ക്കെതിരായ മത്സരത്തിന്റെ മാച്ച് റഫറി സ്ഥാനത്തുനിന്നും മാറ്റുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. റിച്ചി റിച്ചഡ്‌സനാണു മത്സരത്തില്‍ മാച്ച് റഫറിയാകുക. ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അതേസമയം ആന്‍ഡി പൈക്രോഫ്റ്റ് ഏഷ്യാകപ്പിലെ മറ്റു മത്സരങ്ങള്‍ നിയന്ത്രിക്കും. വിവാദത്തില്‍ ഒത്തുതീര്‍പ്പിനായി ഒമാന്‍, യുഎഇ ക്രിക്കറ്റ് ബോര്‍ഡുകളും ഇടപെട്ടതായാണു പുറത്തുവരുന്ന വിവരം.

Tags:    

Similar News