വിന്‍ഡീസിന് എതിരായ രണ്ടാം ടെസ്റ്റിനായി ഇന്ത്യന്‍ ടീം ഡല്‍ഹിയില്‍; ഗില്ലിനും സംഘത്തിനും 'ഓപ്പണ്‍ എയര്‍ അത്താഴവിരുന്ന്' നടത്താന്‍ ഒരുങ്ങി ഗൗതം ഗംഭീര്‍; രോഹിത്തിനെ പുറത്താക്കിയതിന്റെ ആഘോഷമെന്ന് ആരാധകര്‍; സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍

Update: 2025-10-07 09:46 GMT

ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിനായി ഡല്‍ഹിയില്‍ എത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് സ്വന്തം വസതിയില്‍ അത്താഴ വിരുന്നൊരുക്കാന്‍ മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍. ഒക്ടോബര്‍ 10ന് ഡല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിനായി ഇന്ത്യന്‍ ടീമംഗങ്ങള്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ബുധനാഴ്ച രാത്രി ടീമംഗങ്ങളെയും സപ്പോര്‍ട്ട് സ്റ്റാഫുകളെയും ഗംഭീര്‍, തന്റെ വസതിയില്‍ അത്താഴവിരുന്നിനു ക്ഷണിച്ചത്. അതേ സമയം കടുത്ത വിമര്‍ശനമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. ഗില്ലിനും സംഘത്തിനും അത്താഴവിരുന്ന് നല്‍കുന്നത് രോഹിത്ത് ശര്‍മയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും പുറത്താക്കിയത് ആഘോഷിക്കാനാണെന്ന് ആരാധകര്‍ പരിഹസിക്കുന്നു.


വസതിയിലെ ഗാര്‍ഡന്‍ ഏരിയയില്‍ 'ഓപ്പണ്‍ എയര്‍ അത്താഴവിരുന്ന്' നടത്തണമെന്നാണ് ഗംഭീറിന്റെ ആഗ്രഹമെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇതിനായിട്ടുള്ള തയാറെടുപ്പുകളും നടത്തുന്നുണ്ട്. എന്നാല്‍ ഡല്‍ഹിയില്‍ മഴയ്ക്കു സാധ്യതയുണ്ടെന്നും അങ്ങനെ സംഭവിച്ചാല്‍ പരിപാടി റദ്ദാക്കിയേക്കുമെന്നും അവര്‍ പറഞ്ഞു.


ഇതിനിടെ, ടീമംഗങ്ങള്‍ക്ക് ഗംഭീര്‍ അത്താഴവിരുന്ന് നല്‍കുന്നെന്ന റിപ്പോര്‍ട്ടു വന്നതോടെ സമൂഹമാധ്യമങ്ങളില്‍ ട്രോളുകളും നിറയുന്നുണ്ട്. ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ രോഹിത് ശര്‍മയെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നു മാറ്റി, ശുഭ്മാന്‍ ഗില്ലിനെ നിയമിച്ചതുമായി ചേര്‍ത്തുവച്ചാണ് ട്രോളുകള്‍. ഗില്ലിനെ ക്യാപ്റ്റനാക്കിയതില്‍ ഗംഭീറിനെതിരെ വ്യാപക വിമര്‍ശനമുണ്ടായിരുന്നു. ഗംഭീറിന്റെ ഇടപെടല്‍ മൂലമാണ് രോഹിത്തിനെ മാറ്റിയതെന്നായിരുന്നു വിമര്‍ശനം.


ചാമ്പ്യന്‍സ് ട്രോഫി, ഏഷ്യാ കപ്പ് കിരീടം നേടിയപ്പോഴൊന്നും ടീം അംഗങ്ങള്‍ക്ക് അത്താഴവിരുന്ന് നല്‍കാതിരുന്ന ഗംഭീര്‍ രോഹിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റിയതിന് പിന്നാലെ പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ അത്താഴ വിരുന്ന് നല്‍കാന്‍ ഗംഭീര്‍ തെരഞ്ഞെടുത്ത സമയമാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് രോഹിത് ശര്‍മയെ ഒഴിവാക്കിയതിന് പിന്നില്‍ ഗംഭീറിന്റെയും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുടെയും കരങ്ങളുണ്ടെന്നാണ് രോഹിത് ആരാധകര്‍ ഇപ്പോഴും വിശ്വസിക്കുന്നത്. മഴയുടെ പേരില്‍ വിരുന്ന് റദ്ദാക്കുമെന്ന് പറയുന്നത് രോഹിത് ആരാധകരുടെ വിമര്‍ശനം ഭയന്നിട്ടാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.


ആദ്യ ടെസ്റ്റില്‍, വെസ്റ്റിന്‍ഡീസിനെ ഇന്നിങ്‌സിനും 140 റണ്‍സിനുമാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഇതോടെ രണ്ടു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 10നു ഇന്ത്യ മുന്നിലായി. ഒക്ടോബര്‍ 19നാണ് ഓസ്‌ട്രേലിയയ്ക്കെതിരായ ആദ്യ ഏകദിനം. മൂന്നു മത്സരങ്ങളാണ് ഏകദിന പരമ്പരയിലുള്ളത്. അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പര ഒക്ടോബര്‍ 29ന് ആരംഭിക്കും.

Similar News