പരസ്യങ്ങളിലെ പുതിയ പോസ്റ്റര്‍ ബോയ്; ഗില്ലിനെ നായകനാക്കി ബിസിസിഐ ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖമാക്കിയെങ്കിലും ഏറ്റെടുക്കാതെ ആരാധകര്‍; മുംബൈയിലെ ശിവാജി പാര്‍ക്കില്‍ പരിശീലനത്തിന് ഇറങ്ങിയ രോഹിത്തിനെ കാണാന്‍ നൂറുകണക്കിന് ആരാധകര്‍; കാന്‍പുരില്‍ ഓസിസിനെതിരെ ഇന്ത്യ എ മത്സരത്തിലും നിറഞ്ഞ ഗാലറി; ഡല്‍ഹിയിലെ രണ്ടാം ടെസ്റ്റിലും സ്റ്റേഡിയം കാലി ആയതോടെ വിമര്‍ശനം

Update: 2025-10-10 16:35 GMT

അഹമ്മദാബാദ്: വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യദിനം പൂര്‍ണമായും കയ്യടക്കിയത് ഇന്ത്യന്‍ ബാറ്റര്‍മാരായിരുന്നു. യശസ്വി ജയ്‌സ്വാളിന്റെ സെഞ്ചുറിയും സായ് സുദര്‍ശന്റെ അര്‍ധ സെഞ്ചുറിയുമൊക്കെ ആദ്യ ദിനം ഇന്ത്യയ്ക്ക് കരുത്തായി. കളിയവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 318 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ആദ്യ ടെസ്റ്റില്‍ ആധികാരിക വിജയം സ്വന്തമാക്കിയ ഗില്ലും സംഘവും പരമ്പര തൂത്തുവാരാനുള്ള ഒരുക്കത്തിലാണ്. എന്നാല്‍ മൈതാനത്ത് തകര്‍പ്പന്‍ പ്രകടനമാണെങ്കിലും സ്റ്റേഡിയത്തില്‍ കാണികള്‍ തീരെ കുറവായത് ചര്‍ച്ചയാവുകയാണ്. ആദ്യ ടെസ്റ്റ് നടന്ന അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിലും ഇപ്പോഴിതാ ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലും ഒഴിഞ്ഞ ഗാലറികളാണ് കാണാനായത്. ഒട്ടുമിക്ക സീറ്റും കാലിയായി ആണ് കാണപ്പെട്ടത്. നാട്ടില്‍ നടന്ന ടെസ്റ്റ്മത്സരത്തില്‍ കാണികള്‍ കുറവായത് സാമൂഹികമാധ്യമങ്ങളില്‍ ആരാധകര്‍ ഉന്നയിക്കുന്നുണ്ട്. മുന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ പരിശീലനം കാണാന്‍ ഇതിനേക്കാള്‍ ആളുകള്‍ ഉണ്ടായിരുന്നുവെന്ന് പലരും പരിഹസിച്ചു.

നായകനാക്കി ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖമാക്കാന്‍ ബിസിസിഐ കൊണ്ടുപിടിച്ച് ശ്രമിക്കുമ്പോഴും ശുഭ്മാന്‍ ഗില്ലിന് വേണ്ടത്ര ആരാധക പിന്തുണ ലഭിക്കുന്നില്ല എന്നതിന്റെ തെളിവുകൂടിയാണ് ഒഴിഞ്ഞ ഗാലറി. ടെസ്റ്റ് ക്രിക്കറ്റില്‍ സച്ചിനും ഗാംഗുലിയും ദ്രാവിഡും ധോനിയും ഒക്കെ നിറഞ്ഞുനിന്ന കാലത്തും വിരാട് കോലിയും രോഹിത് ശര്‍മയും ഉള്‍പ്പെട്ട ഇന്ത്യന്‍ നിര വരെ കളിക്കാനിറങ്ങിയിരുന്ന കാലത്തും ഇത്രയും ശുഷ്‌കമായ ഗാലറി കണ്ടിരുന്നില്ല. പരസ്യങ്ങളില്‍ പുതിയ പോസ്റ്റര്‍ ബോയ് ആയി മിന്നുന്നുവെങ്കിലും ആരാധകരുടെ മനം കവരാന്‍ യുവതാരങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. ഹോം മത്സരങ്ങളില്‍ ഒഴിഞ്ഞ ഗാലറിയെ സാക്ഷിയാക്കി യുവതാരങ്ങള്‍ മിന്നുന്ന പ്രകടനം കാഴ്ച വച്ചിട്ടും കാണികളില്ലാത്തത് ചര്‍ച്ചയാകുന്നുണ്ട്. ഇതേ ഗ്രൗണ്ടിലാണ് അനില്‍ കുബ്ലെ പാക്കിസ്ഥാനെതിരെ പത്ത് വിക്കറ്റ് പ്രകടനം നടത്തിയതെന്നും ഓര്‍മിക്കേണ്ടതാണ്. അന്നൊക്കെ നിറഞ്ഞ ഗാലറി കയ്യടിയോടെ ആ മിന്നും പ്രകടനങ്ങല്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ ഇന്ന് ജയ്‌സ്വാള്‍ സെഞ്ചുറി തികയ്ക്കുമ്പോഴും സായ് സുദര്‍ശന്‍ അര്‍ധ സെഞ്ചുറി നേടി ടീമില്‍ സ്ഥാനം ഉറപ്പിക്കുമ്പോഴും പിന്തുണ നല്‍കാന്‍ സ്റ്റേഡിയത്തില്‍ ആരാധകര്‍ ഇല്ലാതിരുന്നത് ബിസിസിഐ ഇരുത്തി ചിന്തിക്കേണ്ട വിഷയമാണ്.

ടെസ്റ്റ് കാണാന്‍ ആളില്ലെങ്കിലും അടുത്തിടെ കാന്‍പുരില്‍ വെച്ച് നടന്ന ഇന്ത്യ എ മത്സരത്തില്‍ നിറഞ്ഞ ഗാലറികളാണ് കാണാനായത്. ഓസ്ട്രേലിയന്‍ എ ടീമിനെതിരായ മൂന്നാം അനൗദ്യോഗിക ഏകദിനക്രിക്കറ്റ് മത്സരത്തിലാണ് കാണികള്‍ ഇരച്ചെത്തിയത്. 24,000 പേരാണ് കളികാണാനെത്തിയത്. അതായത് ലോകക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങള്‍ അണിനിരന്ന മത്സരത്തേക്കാള്‍ എ ടീമിന്റെ പോരിനാണ് ആളുകളെത്തിയത്. ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല കാന്‍പുരില്‍ കളി കാണാനെത്തിയവരെ പ്രശംസിക്കുകയും ചെയ്തിരുന്നു.

മുംബൈയിലെ ശിവാജി പാര്‍ക്കിലാണ് വെള്ളിയാഴ്ച രോഹിത് ശര്‍മ പരിശീലനം നടത്തിയത്. രോഹിത്തിന്റെ ബാറ്റിങ് പരിശീലനം കാണാന്‍ ഒട്ടേറെപ്പേരെത്തുകയും ചെയ്തു. നൂറുകണക്കിന് ആളുകള്‍ തടിച്ചുകൂടി നില്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ചിലര്‍ രോഹിത്തിന്റെ ഷോട്ടുകള്‍ ഫോണില്‍ പകര്‍ത്തി. മുന്‍ ഇന്ത്യന്‍ അസിസ്റ്റന്‍ കോച്ച് അഭിഷേക് നായരും കൊല്‍ക്കത്ത താരം ആങ്ക്രിഷ് രഘുവംശിയും മൈതാനത്തുണ്ടായിരുന്നു. പരിശീലനം കഴിഞ്ഞ് മടങ്ങാനിരുന്ന രോഹിത്തിനെ കാത്ത് നൂറു കണക്കിന് ആരാധകരാണ് ശിവാജി പാര്‍ക്കിന് പുറത്ത് കാത്തു നിന്നിരുന്നത്. ഇന്ത്യന്‍ ടീമിന്റെ മുന്‍ സഹപരിശീലകന്‍ കൂടിയായ അഭിഷേക് നായരാണ് രോഹിത്തിന് മുമ്പ് ഗ്രൗണ്ടിന് പുറത്തെത്തിച്ചത്.

പുറത്തെ ആരാധകകൂട്ടം കണ്ട അഭിഷേക് നായര്‍ നമ്മളെല്ലാം രോഹിത്തിന്റെ ആരാധകരാണെന്നും പക്ഷേ അദ്ദേഹത്തിന് കാറിന് അടുത്തേക്ക് പോകാന്‍ സുരക്ഷിതമായി വഴി ഒരുക്കണമെന്നും ആരും അദ്ദേഹത്തെ പിടിച്ചു തള്ളരുതെന്നും ആരാധകരോട് അഭ്യര്‍ത്ഥിച്ചു. ഇതിന് പിന്നാലെ രോഹിത് സുരക്ഷാ ഉദ്യോഗസ്ഥരുടെ അകടമ്പടിയോടെ രോഹിത് എത്തിയപ്പോഴാകാട്ടെ ആള്‍ക്കൂട്ടം രോഹിത്തിനെ കാണാനായി തിക്കിത്തിരക്കിയെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ പണിപ്പെട്ട് രോഹിത്തിനെ വാഹനത്തിന് അടുത്തെത്തിച്ചു.

ഈ വര്‍ഷം ആദ്യം ചാമ്പ്യന്‍സ് ട്രോഫിയിലാണ് രോഹിത് ഇന്ത്യക്കായി അവസാനമായി കളിച്ചത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ കിരീടം നേടിയ ഇന്ത്യന്‍ ടീമിന്റെ നായകനായ രോഹിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റിയാണ് അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ശുഭ്മാന്‍ ഗില്ലിനെ ഏകദിന ടീം ക്യാപ്റ്റനാക്കിയത്. അടുത്തിടെ ശരീരഭാരം 10 കിലോ കുറച്ച് രോഹിത് കൂടുതല്‍ ഫിറ്റായതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും വൈറലായിരുന്നു.

അതേ സമയം ഏഷ്യാകപ്പ് കലാശപ്പോരിന് തൊട്ടുപിന്നാലെ ടെസ്റ്റ് പരമ്പര നടത്തുന്നത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. നേരത്തേ അഹമ്മദാബാദില്‍ ടെസ്റ്റ് മത്സരം നടത്തുന്നതില്‍ പലരും എതിര്‍പ്പ് ഉന്നയിച്ചിരുന്നു. വൈറ്റ് ബോള്‍ ക്രിക്കറ്റിന് അനുയോജ്യമായ സ്റ്റേഡിയങ്ങളില്‍ റെഡ്‌ബോള്‍ ക്രിക്കറ്റ് നടത്തരുതെന്നാണ് ഒട്ടുമിക്ക ആരാധകരും ചൂണ്ടിക്കാട്ടുന്നത്. മറ്റുവേദികളില്‍ ടെസ്റ്റ് സംഘടിപ്പിക്കണമെന്നാണ് ഒട്ടുമിക്ക ആരാധകരുടെയും നിര്‍ദേശം.

Similar News