ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഓസ്‌ട്രേലിയക്കെതിരെ അസാധാരണ റെക്കോര്‍ഡുള്ള രണ്ട് ഇന്ത്യന്‍ ബാറ്റര്‍മാര്‍; സാക്ഷാല്‍ സച്ചിനെയും കടത്തിവെട്ടുന്ന നേട്ടങ്ങള്‍; രോ-കോ സഖ്യത്തിന് ഏകദിന ടീമില്‍ തുടരണമെങ്കിലും ഈ പരമ്പര നിര്‍ണായകം; ഓസ്‌ട്രേലിയക്കാര്‍ക്ക് രോഹിത്തിന്റെയും കോലിയുടെയും കളി കാണാനുള്ള അവസാന അവസരമാണിതെന്ന് പാറ്റ് കമ്മിന്‍സ്

Update: 2025-10-15 11:04 GMT

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരെ അവരുടെ മണ്ണില്‍ ഏകദിനത്തില്‍ അസാധാരണ റെക്കോര്‍ഡുള്ള രണ്ട് ബാറ്റര്‍മാര്‍. രോഹിത് ശര്‍മയും വിരാട് കോലിയും. ഓസ്‌ട്രേലിയയില്‍ ഇരുവരുടേയും പരിചയസമ്പത്തുള്ള മറ്റൊരു താരം ടീമിലില്ല. ചാമ്പ്യന്‍സ്‌ട്രോഫിക്ക് ശേഷം തിരിച്ചുവരവ് നടത്തുന്ന രോ-കോ സഖ്യത്തിന് ഏകദിന ടീമില്‍ തുടരണമെങ്കിലും പരമ്പരയില്‍ തിളങ്ങിയെ മതിയാകു. രോഹിത് 19 മത്സരങ്ങളില്‍ നിന്ന് 990 റണ്‍സ്, നാല് സെഞ്ച്വറി. കോഹ്ലി 18 മത്സരങ്ങളില്‍ നിന്ന് 802 റണ്‍സ്, മൂന്ന് സെഞ്ച്വറികള്‍. സാക്ഷാല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്കും മുകളിലാണ് ഇരുവരുടേയും ഏകദിനത്തിലെ ഓസീസിനെതിരായ ഓസ്‌ട്രേലിയയിലെ നേട്ടങ്ങള്‍. ഓസീസിനെതിരെ ഏകദിനത്തിലെ രോഹിതിന്റെ ശരാശരി 57ഉം കോഹ്ലിയുടേത് 54-മാണ്. ഇരുവരുടേയും പ്രകടനം തന്നെയായിരിക്കും പരമ്പരയില്‍ ഏറെ നിര്‍ണായകമാകുക.

അതേ സമയം ഓസ്‌ട്രേലിയക്കാര്‍ക്ക് വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും കളി നേരിട്ടു കാണാനുള്ള അവസാന അവസരമായിരിക്കും വരാനിരിക്കുന്ന പരമ്പരയെന്ന് ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് പറയുന്നു. രാജ്യത്ത് ഇതിനകം തന്നെ വലിയ ആവേശം തുടങ്ങിക്കഴിഞ്ഞെന്നും കമ്മിന്‍സ് കൂട്ടിച്ചേര്‍ത്തു. അതേസമയം പരിക്കേറ്റതിനാല്‍ കമ്മിന്‍സ് പരമ്പര കളിക്കുന്നില്ല. ഇന്ത്യയ്‌ക്കെതിരേ കളിക്കാനാവാത്തത് വലിയ നഷ്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.

'വിരാടും രോഹിത്തും കഴിഞ്ഞ 15 വര്‍ഷമായി ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ്. ഓസ്ട്രേലിയക്കാര്‍ക്ക് അവര്‍ കളിക്കുന്നത് കാണാനുള്ള അവസാന അവസരമായിരിക്കാം ഇത്. അവര്‍ കളിക്കളത്തിലെ ചാമ്പ്യന്മാരാണ്. എപ്പോഴും അവര്‍ക്ക് വലിയ പിന്തുണ ലഭിക്കാറുണ്ട്. ഞങ്ങള്‍ അവര്‍ക്കെതിരെ കളിക്കുമ്പോഴെല്ലാം കാണികളുടെ ആരവം ഉച്ചത്തിലാകും.'- കമ്മിന്‍സ് ജിയോഹോട്ട്സ്റ്റാറിനോട് പറഞ്ഞു.

'ഇന്ത്യയ്ക്കെതിരായ വൈറ്റ് ബോള്‍ പരമ്പര നഷ്ടമാകുന്നത് ഖേദകരമാണ്. മത്സരം കാണാന്‍ വലിയ ജനക്കൂട്ടമുണ്ടാകും. ഓസ്ട്രേലിയയില്‍ ഇതിനകം തന്നെ വലിയ ആവേശം തുടങ്ങിക്കഴിഞ്ഞു.- അദ്ദേഹം പറഞ്ഞു. ' ഒരു കളി നഷ്ടപ്പെടുന്നത് എപ്പോഴും നിരാശാജനകമാണ്. എന്നാല്‍ ഇതുപോലൊരു വലിയ പരമ്പര നഷ്ടമാകുന്നത് കൂടുതല്‍ പ്രയാസമാണെന്നും കമ്മിന്‍സ് കൂട്ടിച്ചേര്‍ത്തു. ഇത് ജയിക്കാന്‍ ആഗ്രഹിക്കുന്ന മൂന്ന് മത്സരങ്ങളാണ്. എന്നാല്‍ വളര്‍ന്നുവരുന്ന യുവതാരങ്ങള്‍ക്ക്, പ്രത്യേകിച്ച് കഴിഞ്ഞ ലോകകപ്പിന്റെ ഭാഗമല്ലാതിരുന്നവര്‍ക്ക് അവസരം നല്‍കേണ്ടതുണ്ട്. 'അവരെ കളിപ്പിച്ച് അവര്‍ക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്ന് കാണുക,. ലോകകപ്പിനോട് അടുക്കുമ്പോള്‍ ഞങ്ങളുടെ 15 അംഗ സംഘത്തെ ഉറപ്പാക്കുക. ഞങ്ങള്‍ മികച്ച നിലയിലാണെന്ന് ഉറപ്പുവരുത്തുക എന്നതാണ് ലക്ഷ്യം.- കമ്മിന്‍സ് പറഞ്ഞു.

Tags:    

Similar News