ഡല്‍ഹിയോട് ആവശ്യപ്പെട്ടത് ട്രിസ്റ്റന്‍ സ്റ്റബ്‌സിനെയും സമീര്‍ റിസ്വിയെയും; കൊല്‍ക്കത്തയോട് സുനില്‍ നരെയ്‌നെയും വരുണ്‍ ചക്രവര്‍ത്തിയെയും; ഒടുവില്‍ ജഡേജയും സാം കറനും സഞ്ജുവിന്റെ പകരക്കാരായി രാജസ്ഥാനിലേക്ക്; മലയാളി താരത്തെ ജന്മദിന ആശംസകള്‍ നേര്‍ന്ന് വരവേറ്റ് ചെന്നൈ; ടീമിന്റെ ഭാഗമായാല്‍ ലഭിക്കുക കോടികള്‍
ചെന്നൈ: സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ തട്ടകത്തിലേക്ക് എത്തുമെന്ന് ഏറെക്കുറെ ഉറപ്പായതോടെ ട്രേഡ് ഡീല്‍ വഴി താരത്തിന്റെ കൂടുമാറ്റം സംബന്ധിച്ച പ്രഖ്യാപനം എപ്പോള്‍ ഉണ്ടാകുമെന്ന കാത്തിരിപ്പിലാണ് ആരാധകര്‍. സഞ്ജുവിന് പകരം രവീന്ദ്ര ജഡേജയേയും സാം കറനേയും സിഎസ്‌കെ, രാജസ്ഥാന് കൈമാറുമെന്നാണ് വിവരം. മൂന്ന് താരങ്ങളും ഈ ഓഫര്‍ അംഗീകരിച്ചതായും വൈകാതെ തന്നെ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സഞ്ജുവിന്റെ 31ാം ജന്മദിനത്തില്‍ മലയാളി താരത്തിന് ജന്മദിനാശംസ അറിയിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സും ആശംസ റീല്‍ പങ്കുവച്ചിരുന്നു.
കൈമാറ്റത്തില്‍ ഉള്‍പ്പെട്ട മൂന്നു താരങ്ങളുടെയും സമ്മതപത്രം ലഭിച്ചതായാണ് വിവരം. ഇക്കാര്യം ബിസിസിഐയെയും ഐപിഎല്‍ ഗവേണിങ് കൗണ്‍സിലിനെയും അറിയിക്കണം. വിദേശതാരം കൂടി ഉള്‍പ്പെടെ കൈമാറ്റമാണെങ്കില്‍ ആ രാജ്യത്തെ ക്രിക്കറ്റ് ബോര്‍ഡും പ്രക്രിയയുടെ ഭാഗമാകേണ്ടി വരും. സാം കറന്റെ കാര്യത്തില്‍ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെ ഇടപെടല്‍ ആവശ്യമാണ്. ഈ നടപടികള്‍ക്കുള്ള കാലതാമസമാണ് ഔദ്യോഗിക പ്രഖ്യാപനം വൈകാന്‍ കാരണമെന്നാണ് സൂചന.
സാമ്പത്തികമായും നേട്ടം
സൂപ്പര്‍ കിങ്സിലേക്ക് മാറിയാല്‍ സഞ്ജുവിന് എത്ര രൂപ ലഭിച്ചേക്കുമെന്ന ചര്‍ച്ചകളും സജീവമാണ്. 2025 ഐപിഎല്ലില്‍ ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തിയ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ തുക നേടിയ താരങ്ങളില്‍ ഒരാള്‍ സഞ്ജുവായിരുന്നു. 18 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് കഴിഞ്ഞ സീസണില്‍ താരത്തെ നിലനിര്‍ത്തിയത്. കഴിഞ്ഞ സീസണ്‍ അവസാനിച്ചതിനു പിന്നാലെ തന്നെ ടീമില്‍ നിന്ന് റിലീസ് ചെയ്യാന്‍ സഞ്ജു രാജസ്ഥാന്‍ ഫ്രാഞ്ചൈസിയോട് അഭ്യര്‍ഥിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അടുത്ത സീസണില്‍ സിഎസ്‌കെയ്ക്കായി കളിക്കുകയാണെങ്കില്‍ സഞ്ജുവിന് ഫ്രാഞ്ചൈസി 18 കോടി രൂപ നല്‍കേണ്ടിവരും. ഇത്തവണ നിലനിര്‍ത്തുന്ന താരങ്ങളെ പ്രഖ്യാപിക്കേണ്ട അവസാന തീയതി നവംബര്‍ 15 ആണ്.
എന്നാല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമായപ്പോള്‍ ലഭിച്ചതിനേക്കാള്‍ തുക സഞ്ജുവിന് സൂപ്പര്‍ കിങ്സില്‍ നിന്നുകൊണ്ട് നേടാന്‍ സാധിക്കുമെന്നാണ് ബിസിനസ് രംഗത്തെ വിദഗ്ധര്‍ പറയുന്നത്. രാജസ്ഥാനേക്കാള്‍ ബ്രാന്‍ഡ് മൂല്യമുള്ള ടീമാണ് ചെന്നൈ. അതിനാല്‍ തന്നെ വിവിധ ബ്രാന്‍ഡുകളുമായുള്ള സഹകരണത്തില്‍ രാജസ്ഥാനില്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ തുക ഇവിടെ സഞ്ജുവിന് ലഭിക്കും.
ആദ്യം ഡല്‍ഹിയെത്തി
സഞ്ജുവിനായി ആദ്യം താല്‍പര്യമറിയിച്ച് രംഗത്തെത്തിയത് ഡല്‍ഹി ക്യപിറ്റല്‍സാണ്. സഞ്ജുവിന് പകരം ദക്ഷിണാഫ്രിക്കന്‍ താരം ട്രിസ്റ്റന്‍ സ്റ്റബ്‌സ്, ആഭ്യന്തര താരം സമീര്‍ റിസ്വി എന്നിവരെ വിട്ടുതരണമെന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനോട് രാജസ്ഥാന്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഒരാളെ മാത്രമേ വിട്ടുതരൂ എന്ന് ഡല്‍ഹി നിലപാടെടുത്തതോടെ രാജസ്ഥാന്‍ പിന്‍വാങ്ങി.
ക്യാപ്റ്റന്‍സി വാഗ്ദാനം ചെയ്ത് കൊല്‍ക്കത്ത
ക്യാപ്റ്റന്‍സി ഉള്‍പ്പെടെ വാഗ്ദാനം ചെയ്താണ് സഞ്ജുവിനെ കൊല്‍ക്കത്ത സമീപിച്ചത്. എന്നാല്‍ സഞ്ജുവിനു പകരം സ്പിന്നര്‍മാരായ സുനില്‍ നരെയ്ന്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവരെ വേണമെന്ന് രാജസ്ഥാന്‍ ആവശ്യപ്പെട്ടു. ഇതു സാധ്യമല്ലെന്നും യുവതാരങ്ങളായ അംഗ്ക്രിഷ് രഘുവംശി, രമണ്‍ദീപ് സിങ് എന്നിവരെ തരാമെന്നും കൊല്‍ക്കത്ത നിലപാടെടുത്തു. രാജസ്ഥാന്‍ ഇത് അംഗീകരിച്ചില്ല.
പഞ്ചാബും മോഹിച്ചു
സഞ്ജുവിനെ ടീമിലെത്തിക്കാന്‍ അണിയറയില്‍ നിശ്ശബ്ദമായി ചരടുവലി നടത്തിയ ടീമാണ് പഞ്ചാബ് കിങ്‌സ്. ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയ്‌നിസിനെയാണ് സഞ്ജുവിന് പകരം പഞ്ചാബ് ഓഫര്‍ ചെയ്തത്. എന്നാല്‍ 11 കോടി രൂപ വേതനം പറ്റുന്ന സ്റ്റോയ്‌നിസിനു പകരം 18 കോടി വേതനമുള്ള സഞ്ജുവിനെ നല്‍കുന്നത് നഷ്ടമാണെന്നു ചൂണ്ടിക്കാട്ടി രാജസ്ഥാന്‍ ഈ ഡീല്‍ തള്ളി.
ഒടുവില്‍ ചെന്നൈ
സഞ്ജുവിനായി ഏറ്റവും അവസാനം രംഗത്തെത്തിയ ടീമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. രവീന്ദ്ര ജഡേജ, ഡിയേവാള്‍ഡ് ബ്രെവിസ് എന്നിവരെയാണ് സഞ്ജുവിനു പകരം രാജസ്ഥാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ജഡേജയെ തരാമെന്നും ബ്രെവിസിനു പകരം സാം കറനെ നല്‍കാമെന്നുമാണ് ചെന്നൈയുടെ നിലപാട്. കറനെ വേണ്ടെന്നും ശിവം ദുബെ, മതീഷ പതിരാന എന്നിവരില്‍ ഒരാളെ പകരം നല്‍കണമെന്നും രാജസ്ഥാന്‍ ആവശ്യപ്പെട്ടതായാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍.
2012-ല്‍ 18-ാം വയസില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലൂടെയാണ് സഞ്ജു ഐപിഎല്‍ കരിയര്‍ ആരംഭിക്കുന്നത്. എന്നാല്‍ ആ സീസണില്‍ ഒരു മത്സരം പോലും കളിക്കാന്‍ അവസരം ലഭിച്ചില്ല. അടുത്ത വര്‍ഷം രാജസ്ഥാന്‍ റോയല്‍സിലെത്തി. പിന്നീട് മൂന്ന് സീസണുകള്‍ രാജസ്ഥാനില്‍ തുടര്‍ന്ന സഞ്ജു, 2016-ല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് (ഇപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ്) ടീമിലെത്തി. 2016, 2017 സീസണുകളില്‍ ഡല്‍ഹിയില്‍ തുടര്‍ന്ന സഞ്ജു 2018-ല്‍ രാജസ്ഥാനിലേക്ക് തിരിച്ചെത്തുകയായിരുന്നു. പിന്നാലെ ടീമിലെ സ്ഥിരാംഗമായ സഞ്ജു, 2021-ല്‍ ക്യാപ്റ്റനുമായി.
