'ഇന്ത്യ തന്ന സ്‌നേഹത്തിന് നന്ദി'; ഐപിഎല്‍ അവസാനിപ്പിച്ചതായി ഗ്ലെന്‍ മാക്സ്വെല്‍; ഓസിസ് താരം പാക്ക് ലീഗിലേക്ക്? ഐപിഎല്‍ താരലേലത്തില്‍ രണ്ടു കോടി അടിസ്ഥാന വിലയുള്ള രണ്ടു ഇന്ത്യന്‍ താരങ്ങള്‍ മാത്രം; 77 ഒഴിവിലേക്ക് 1355 താരങ്ങള്‍; അബുദാബിയില്‍ മിനി ലേലം 16ന്

Update: 2025-12-02 12:32 GMT

മുംബൈ: ഐപിഎല്ലില്‍ കളി അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെല്‍. ഈ മാസം 16ന് അബുദാബിയില്‍ നടക്കുന്ന ഐ പി എല്‍ ലേലത്തിനായി രജിസ്റ്റര്‍ ചെയ്ത താരങ്ങളുടെ വിവരങ്ങള്‍ പുറത്തു വന്നതിന് തൊട്ടുപിന്നാലെയാണ് ഓസീസ് താരത്തിന്റെ പ്രഖ്യാപനം. ഒരു ക്രിക്കറ്റര്‍, വ്യക്തി എന്ന നിലയില്‍ ഐ പി എല്‍ തന്നെ രൂപപ്പെടുത്തുന്നതില്‍ ഒരുപാട് പങ്കുവഹിച്ചതായി താരം പറഞ്ഞു.

'മറക്കാനാവാത്ത നിരവധി ഓര്‍മകള്‍ സമ്മാനിച്ച ഐ.പി.എല്‍ സീസണുകള്‍ക്കുശേഷം, ഈ വര്‍ഷത്തെ ലേലത്തില്‍ എന്റെ പേര് ഉള്‍പ്പെടുത്തേണ്ടെന്ന് തീരുമാനിച്ചു. ഇതൊരു വലിയ തീരുമാനമാണ്, ഈ ലീഗ് എനിക്ക് നല്‍കിയതിനെല്ലാം വളരെയധികം കടപ്പെട്ടിരിക്കുന്നു' -മാക്സ്വെല്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഒരു ക്രിക്കറ്ററായും വ്യക്തിയായും തന്നെ രൂപപ്പെടുത്തുന്നതിന് സഹായിച്ചത് ഐ.പി.എല്ലാണ്. ലോകോത്തര താരങ്ങള്‍ക്കൊപ്പം കളിക്കാന്‍ അവസരം ലഭിച്ചതിലും മികച്ച ടീമുകളെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞതിലും സമാനതകളില്ലാത്ത അഭിനിവേശമുള്ള ആരാധകര്‍ക്ക് മുന്നില്‍ കളിക്കാനായതിലും ഭാഗ്യവാനാണ്. ഇന്ത്യ തന്ന ഊര്‍ജവും ഓര്‍മകളും വെല്ലുവിളികളും എന്നും കൂടെയുണ്ടാകും. നിങ്ങളുടെ ഇതുവരെയുള്ള പിന്തുണക്ക് നന്ദി, വീണ്ടും കാണാമെന്ന് പ്രതീക്ഷിക്കുന്നതായും 37കാരനായ മാക്സ്വെല്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ സീസണില്‍ 4.2 കോടി രൂപക്ക് പഞ്ചാബ് കിങ്‌സില്‍ കളിച്ച മാക്‌സ്‌വെല്ലിനെ ഇത്തവണ ടീം നിലനിര്‍ത്തിയിരുന്നില്ല. കഴിഞ്ഞ രണ്ട് സീസണുകളിലായി താരത്തിന്റെ പ്രകടനം മോശമായിരുന്നു. ഐ പി എല്ലില്‍ 141 മത്സരങ്ങളില്‍നിന്നായി 2,819 റണ്‍സാണ് താരം നേടിയത്. 155നു മേലെയാണ് സ്‌ട്രൈക്ക് റേറ്റ്. ഐ പി എല്‍ കരിയറിയില്‍ പഞ്ചാബ് കിങ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ടീമുകള്‍ക്കുവേണ്ടിയാണ് ഏറെയും കളിച്ചത്. മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി കാപിറ്റല്‍സ് ടീമുകള്‍ക്കുവേണ്ടിയും കളിച്ചിട്ടുണ്ട്.

2019ന് ശേഷം ഇതാദ്യമായാണ് മാക്‌സ്‌വെല്‍ ഐപിഎലില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. മിനി ലേലത്തിനുള്ളവരുടെ പട്ടികയില്‍ നിന്ന് മാക്‌സ്‌വെലിന്റെ പേര് കാണാതായപ്പോഴേ ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ താരത്തിന് ശോഭിക്കാനായിരുന്നില്ല. സീസണിടെ പരുക്കേറ്റ് താരം പുറത്താകുകയും ചെയ്തിരുന്നു. 13 സീസണുകളില്‍ നിന്നായി 2819 റണ്‍സാണ് മാക്‌സ്‌വെല്‍ നേടിയിട്ടുള്ളത്. 2014ല്‍ പഞ്ചാബിനായി 552 റണ്‍സാണ് മാക്‌സ്‌വെല്‍ അടിച്ചുകൂട്ടിയത്. പക്ഷേ കഴിഞ്ഞ സീസണുകളില്‍ തീര്‍ത്തും നിരാശാജനകമായിരുന്നു പ്രകടനം. ഒടുവിലത്തെ 16 ഇന്നിങ്‌സുകളിലായി ആകെ 100 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്.ഐപിഎലിനുണ്ടാകില്ലെന്നും പകരം പാക് സൂപ്പര്‍ ലീഗിലേക്ക് പോവുകയാണെന്ന് ഫാഫ് ഡു പ്ലെസിസും വ്യക്തമാക്കിയിരുന്നു.

അതേസമയം, ഡിസംബര്‍ 16ന് അബുദാബിയില്‍ നടക്കുന്ന മിനി ലേലത്തില്‍ പങ്കെടുക്കുന്നതിനായി 1355 താരങ്ങളാണ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ 1062 പേര്‍ ഇന്ത്യന്‍ താരങ്ങളാണ്. മായങ്ക് അഗര്‍വാള്‍, കെ.എസ്.ഭരത്, രാഹുല്‍ ചഹര്‍, രവി ബിഷ്‌ണോയ്, ആകാശ് ദീപ്, ദീപക് ഹൂഡ, വെങ്കിടേഷ് അയ്യര്‍, സര്‍ഫറാസ് ഖാന്‍, പൃഥ്വി ഷാ, ഉമേഷ് യാദവ് എന്നിവരാണ് ഇന്ത്യന്‍ താരങ്ങളില്‍ പ്രമുഖര്‍. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാന്‍, ന്യൂസീലന്‍ഡ്, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവിടങ്ങളില്‍ നിന്നായി 293 വിദേശതാരങ്ങളും ലേലത്തിനുണ്ട്. കാമറൂണ്‍ ഗ്രീന്‍, മാത്യു ഷോട്, സ്റ്റീവ് സ്മിത്ത് തുടങ്ങിയവരാണ് വിദേശതാരങ്ങളിലെ പ്രമുഖര്‍.

ഓസ്‌ട്രേലിയന്‍ സൂപ്പര്‍താരം കാമറൂണ്‍ ഗ്രീനടക്കം 45 താരങ്ങളാണ് ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയായ രണ്ടു കോടി രൂപ പട്ടികയിലുള്ളത്. ഇന്ത്യന്‍ താരങ്ങളായ വെങ്കടേഷ് അയ്യരും രവി ബിഷ്‌ണോയിയുമാണ് രണ്ടു കോടി അടിസ്ഥാന വിലയുള്ള ഇന്ത്യന്‍ താരങ്ങള്‍. നെതര്‍ലന്‍ഡ്‌സ്, സ്‌കോട്ട്‌ലന്‍ഡ്, യു.എസ്.എ ഉള്‍പ്പെടെ 14 രാജ്യങ്ങളില്‍നിന്നുള്ള താരങ്ങളാണ് ലേല മേശയിലെത്തുന്നത്. ഓസീസ് ക്രിക്കറ്റര്‍ സ്റ്റീവ് സ്മിത്തും മിനി ലേലത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2022 മുതല്‍ തരം ഐ.പി.എല്‍ ലേലത്തില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും ആരും വാങ്ങിയിരുന്നില്ല. പഞ്ചാബ് കിങ്‌സ് (പി.ബി.കെ.എസ്) ഇത്തവണ ഒഴിവാക്കിയ ജോഷ് ഇംഗ്ലിസും ലേല പട്ടികയിലുണ്ട്. കഴിഞ്ഞ സീസണില്‍ 23.75 കോടി രൂപക്കാണ് വെങ്കടേഷ് അയ്യരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെ.കെ.ആര്‍) ടീമിലെടുത്തത്. രവി ബിഷ്‌ണോയിയെ ലഖ്‌നോ സൂപ്പര്‍ ജയന്റ്‌സ് (എല്‍.സ്.ജി) 14 കോടി രൂപക്ക് നിലനിര്‍ത്തി. ഇത്തവണ ഇരുവരെയും ടീമുകള്‍ ഒഴിവാക്കുകയായിരുന്നു.

കഴിഞ്ഞ തവണ ആരും വാങ്ങാതിരുന്ന ഇന്ത്യന്‍ താരങ്ങളായ ഉമേഷ് യാദവ്, പ്രിഥ്വി ഷാ, സര്‍ഫറാസ് ഖാന്‍ എന്നിവരും പട്ടികയിലുണ്ട്. ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ഡുപ്ലെസിസ്, വിന്‍ഡീസിന്റെ ആന്ദ്രെ റസ്സല്‍, ഇംഗ്ലീഷ് താരം മൊയിന്‍ അലി എന്നിവര്‍ ലേലത്തിനില്ല. ഡുപ്ലെസിസും മൊയിന്‍ അലിയും പാകിസ്താന്‍ പ്രീമിയര്‍ ലീഗിലേക്ക് ചുവടുമാറ്റിയപ്പോള്‍, റസ്സല്‍ കൊല്‍ക്കത്തയുടെ പരിശീലക റോളിലേക്ക് മാറി. ഓള്‍ റൗണ്ടര്‍ എന്ന നിലയില്‍ കാമറൂണ്‍ ഗ്രീനായിരിക്കും മിനി ലേലത്തിലെ ഏറ്റവും വിലയേറിയ താരമെന്നാണ് വിലയിരുത്തല്‍.

ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇത്തവണ ഒഴിവാക്കിയ ന്യൂസിലന്‍ഡ് താരങ്ങളായ ഡെവോണ്‍ കേണ്‍വേ, രചിന്‍ രവീന്ദ്ര, ശ്രീലങ്കയുടെ മതീഷ പതിരന, വാനിന്ദു ഹസരങ്ക എന്നിവരെല്ലാം രണ്ടു കോടി അടിസ്ഥാന വിലയുള്ള താരങ്ങളുടെ പട്ടികയിലുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെയും (64.30 കോടി) ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെയും (43.40 കോടി) പഴ്‌സിലാണ് ഏറ്റവും കൂടുതല്‍ പണമുള്ളത്. ഏറ്റവും കുറവ് മുംബൈ ഇന്ത്യന്‍സിന്റെ (2.75 കോടി) കൈയിലും. 10 ടീമുകളിലായി 77 ഒഴിവുകളാണുള്ളത്. പരമാവധി 31 വിദേശ താരങ്ങളെ ഉള്‍പ്പെടുത്താനാകും.

രണ്ടു കോടി അടിസ്ഥാന വിലയുള്ള താരങ്ങള്‍;

രവി ബിഷ്‌ണോയി, വെങ്കടേഷ് അയ്യര്‍, മുജീബുര്‍ റഹ്‌മാന്‍, നവീനുല്‍ ഹഖ്, സീന്‍ അബോട്ട്, ആഷ്ടണ്‍ ആഗര്‍, കൂപ്പര്‍ കന്നോലി, ജാക് ഫ്രേസര്‍ മഗ്രൂക്, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഇംഗ്ലിസ്, സ്റ്റീവ് സ്മിത്ത്, മുസ്താഫിസുര്‍ റഹ്‌മാന്‍, ഗസ് അറ്റ്കിന്‍സണ്‍, ടോം ബാന്റണ്‍, ടോം കുറാന്‍, ലിയാന്‍ ഡ്വാസണ്‍, ബെന്‍ ഡക്കറ്റ്, ഡാന്‍ ല്വാറന്‍സ്, ലിയാം ലിവിങ്സ്റ്റണ്‍, തൈമല്‍ മില്‍സ്, ജമീ സ്മിത്, ഫിന്‍ അലെന്‍, മൈക്കല്‍ ബ്രേസ്വെല്‍, ഡെവോണ്‍ കോണ്‍വേ, ജേക്കബ് ഡഫി, മാറ്റ് ഹന്റി, കെയില്‍ ജമീസണ്‍, ആദം മില്‍നെ, ഡാരില്‍ മിച്ചല്‍, വില്‍ ഒറൂര്‍ക്കെ, രചിന്‍ രവീന്ദ്ര, ജെറാള്‍ഡ് കോട്‌സീ, ഡേവിഡ് മില്ലര്‍, ലുങ്കി എങ്കിഡി, ആന്റിച് നോര്‍ട്‌ജെ, റൂസോ, ത്രബ്രൈസ് ഷംസി, ഡേവിഡ് വീസ്, വാനിന്ദു ഹസരങ്ക, മതീഷ പതിരന, മഹീഷ് തീക്ഷണ, ജാസണ്‍ ഹോള്‍ഡര്‍, ഷായ് ഹോപ്, അകീര്‍ ഹുസൈന്‍, അല്‍സാരി ജോസഫ്.

Tags:    

Similar News