ഉപനായകനായിട്ടും ബാറ്ററെന്ന നിലയില്‍ ദയനീയ പ്രകടനം; ഗില്ലിനെ പുറത്താക്കിയപ്പോള്‍ ചോദ്യമുന സൂര്യകുമാറിന് നേരെ; എന്തുചെയ്യണമെന്ന് എനിക്കറിയാം, സൂര്യയെന്ന ബാറ്ററെ നിങ്ങള്‍ കാണുമെന്നും ക്യാപ്റ്റന്റെ മറുപടി; സെലക്റ്റര്‍മാര്‍ക്ക് വ്യക്തതയില്ലെന്ന് തുറന്നടിച്ച് ദിനേശ് കാര്‍ത്തിക്
മുംബൈ: വൈസ് ക്യാപ്റ്റനായിട്ടും ശുഭ്മന്‍ ഗില്‍ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍നിന്നു പുറത്താക്കാനുള്ള കാരണങ്ങള്‍ ചീഫ് സിലക്ടര്‍ അജിത് അഗാര്‍ക്കറും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും വെളിപ്പെടുത്തിയിരുന്നു. നിലവില്‍ ട്വന്റി20 ഫോര്‍മാറ്റില്‍ സ്‌കോര്‍ കണ്ടെത്താന്‍ സാധിക്കാത്തതിനാലാണ് ഗില്‍ ടീമില്‍നിന്നു പുറത്തായതെന്നാണ് അജിത് അഗാര്‍ക്കര്‍ പറഞ്ഞത്. ഇന്ത്യന്‍ ടീമില്‍ അവസരങ്ങള്‍ക്കായി ഒരുപാടു പേര്‍ കാത്തുനില്‍ക്കുമ്പോള്‍ ആരെങ്കിലും പുറത്തിരിക്കേണ്ടിവരുമെന്നും അഗാര്‍ക്കര്‍ വ്യക്തമാക്കി. എന്നാല്‍ ഗില്ലിന്റെ കാര്യത്തില്‍ ഫോമായിരുന്നില്ല പരിഗണനാ വിഷയമെന്നായിരുന്നു ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ പ്രതികരണം. ഗില്ലിന്റെ ഫോം സംബന്ധിച്ചായിരുന്നില്ല ഇത്. മുന്‍നിര ബാറ്ററായ ഒരു വിക്കറ്റ് കീപ്പറെ വേണമായിരുന്നു. അതുകൊണ്ടാണ് ടോപ് ഓര്‍ഡറില്‍ ഒരു അധിക വിക്കറ്റ് കീപ്പറെ ഉള്‍പ്പെടുത്തിയത് എന്നാണ് സൂര്യ വ്യക്തമാക്കിയത്.
എന്നാല്‍ നായകന്‍ സൂര്യകുമാര്‍ യാദവും സമാനമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. റണ്‍സ് കണ്ടെത്താന്‍ വിഷമിക്കുന്ന സൂര്യയെ കഴിഞ്ഞ മത്സരങ്ങളില്‍ കാണാനായി. ടീം തിരഞ്ഞെടുപ്പിന് ശേഷം ഇതുസംബന്ധിച്ച് പ്രതികരിച്ചിരിക്കുകയാണ് ക്യാപ്റ്റന്‍. എന്തുചെയ്യണമെന്ന് എനിക്കറിയാം, ഞാന്‍ അത് ചെയ്യും. സൂര്യയെന്ന ബാറ്ററെ നിങ്ങള്‍ കാണും. എല്ലാവരും ഇത്തരം ഘട്ടത്തിലൂടെ കടന്നുപോയിട്ടുണ്ട്. എന്റേത് കുറച്ചുകൂടി നീണ്ടുപോയെന്ന് മാത്രം.'- ശനിയാഴ്ച ടീം പ്രഖ്യാപനത്തിന് ശേഷം സൂര്യ പറഞ്ഞു. ശുഭ്മാന്‍ ഗില്ലിന്റെ പുറത്താകലിന് പിന്നാലെ സൂര്യകുമാറിന്റെ ഫോമും മാധ്യമ പ്രവര്‍ത്തകര്‍ എടുത്തിട്ടതോടെയാണ് ക്യാപ്റ്റന്റെ മറുപടി.
ഇന്ത്യക്കായി ട്വന്റി 20യില്‍ ഈ കലണ്ടര്‍ വര്‍ഷം ഒരു അര്‍ധസെഞ്ചുറി പോലും സൂര്യകുമാര്‍ യാദവിന്റെ പേരിലില്ല. പാക്കിസ്ഥാനെതിരേ ഏഷ്യാകപ്പില്‍ പുറത്താകാതെനേടിയ 47 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലും മോശം പ്രകടനമായിരുന്നു ഇന്ത്യന്‍ നായകന്റേത്. 12,5,12,5 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സമ്പാദ്യം. സൂര്യകുമാറിന്റെ മോശം ഫോം വലിയവിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുകയാണ്. ക്യാപ്റ്റനെന്നനിലയില്‍ ടീമിനെ വിജയത്തിലേക്ക് നയിക്കുന്നതുകൊണ്ടുമാത്രമാണ് ഇത്രയുംനാള്‍ ടീമിലെ സ്ഥാനം സംരക്ഷിക്കാന്‍ സാധിച്ചത്.
അഗാര്‍ക്കര്‍ തുറന്നുപറഞ്ഞു:
''ശുഭ്മന്‍ ഗില്ലിന് ആവശ്യത്തിനു റണ്‍സ് കണ്ടെത്താന്‍ സാധിക്കുന്നില്ല. കഴിഞ്ഞ ലോകകപ്പും അദ്ദേഹത്തിനു നഷ്ടമായിരുന്നു. നിങ്ങളുടെ അഭിപ്രായം എന്റേതില്‍നിന്നു വ്യത്യസ്തം ആയിരിക്കാം. ചിലപ്പോഴൊക്കെ താരങ്ങളെ തിരഞ്ഞെടുക്കുമ്പോള്‍ ബുദ്ധിമുട്ടുണ്ടാകും. ഇപ്പോഴും ഗില്‍ ഒരു മികച്ച താരമാണെന്നാണു ഞങ്ങള്‍ കരുതുന്നത്. കളിക്കാര്‍ക്ക് ഫോമിന്റെ കാര്യത്തില്‍ ഉയര്‍ച്ചയും താഴ്ചയും ഉണ്ടാകും. ടീം കോംബിനേഷനുകളും താരങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ പ്രധാനമാണ്. വിക്കറ്റ് കീപ്പര്‍ ബാറ്ററെ ടോപ് ഓര്‍ഡറില്‍ ബാറ്റു ചെയ്യിക്കാനാണു ടീമിനു താല്‍പര്യം. ആരെയെങ്കിലും ഒക്കെ പുറത്തിരുത്തേണ്ടിവരുന്നത് അദ്ദേഹം മോശം താരമായതുകൊണ്ടല്ല. ഇന്ത്യന്‍ ടീമില്‍ അത്രയും ഓപ്ഷനുകള്‍ ലഭ്യമായതിനാലാണ്.'' അഗാര്‍ക്കര്‍ പറയുന്നു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ മൂന്ന് ട്വന്റി20 മത്സരങ്ങള്‍ കളിച്ച ശുഭ്മന്‍ ഗില്ലിന് ഫോം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഓപ്പണറായി ഇറങ്ങിയ ഗില്‍ 32 റണ്‍സാണ് ആകെ നേടിയത്. പരുക്കേറ്റതോടെ അഞ്ചാം മത്സരത്തില്‍ ശുഭ്മന്‍ ഗില്‍ കളിച്ചിരുന്നില്ല. പകരമെത്തിയ സഞ്ജു സാംസണ്‍ തിളങ്ങുകയും ചെയ്തു. അഹമ്മദാബാദില്‍ ഓപ്പണറായി കളിച്ച സഞ്ജു 22 പന്തില്‍ 37 റണ്‍സാണു നേടിയത്. രണ്ടു സിക്‌സും നാലു ഫോറുകളും താരം ബൗണ്ടറി കടത്തി. അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഓപ്പണിങ് ഇറങ്ങി 63 റണ്‍സ് കൂട്ടിച്ചേര്‍ക്കാനും സഞ്ജുവിനു സാധിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പ്രധാന വിക്കറ്റ് കീപ്പറായി കളിച്ച ജിതേഷ് ശര്‍മയും ലോകകപ്പിനില്ല. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയ ഇഷാന്‍ കിഷനാണ് ലോകകപ്പ് ടീമിലെ രണ്ടാം വിക്കറ്റ് കീപ്പര്‍.
സെലക്ടര്‍മാര്‍ക്കെതിരെ ദിനേശ് കാര്‍ത്തിക്ക്
ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയില്‍ വൈസ് ക്യാപ്റ്റനായിരുന്ന ശുഭ്മാന്‍ ഗില്ലിനെ ഒഴിവാക്കിയതില്‍ വ്യക്തതയില്ലെന്നാണ് മുന്‍ ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക് പറയുന്നത്. ഗില്ലിനെ കൂടാതെ ജിതേഷ് ശര്‍മയ്ക്കും ടീമിലിടം നേടാന്‍ സാധിച്ചില്ല. ജിതേഷും ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ എല്ലാ മത്സരങ്ങളും കളിച്ചിരുന്നു. ഗില്ലിന് അവസാന മത്സരത്തില്‍ പരിക്കിനെ തുടര്‍ന്ന് കളിക്കാന്‍ സാധിച്ചിരുന്നില്ല. 26കാരനായ ഗില്ലിനെ സെലക്ടര്‍മാര്‍ പിന്തുണച്ചെങ്കിലും ഒരു പ്രധാന ടൂര്‍ണമെന്റിന് തൊട്ടുമുമ്പ് പുറത്താക്കിയ തീരുമാനം ഞെട്ടിക്കുന്നതാണെന്ന് മുന്‍ വിക്കറ്റ് കീപ്പര്‍ പറഞ്ഞു.
''ടി20 ടീമിന്റെ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ ഗില്ലിനെ ആദ്യ പതിനൊന്നില്‍ നിന്ന് മാത്രമല്ല, ടീമില്‍ നിന്നുതന്നെ ഒഴിവാക്കി. ഒരു അധിക ഓപ്പണറെ കൊണ്ടുവരാന്‍ ടീം മാനേജ്മെന്റ് ആഗ്രഹിച്ചു, അതുകൊണ്ട് ഇഷാന്‍ കിഷനെ കൊണ്ടുവന്നു. ജിതേഷ് ശര്‍മ്മയെയും ഒഴിവാക്കി, പകരം റിങ്കു സിംഗിനെ കൊണ്ടുവന്നു. ഇക്കാര്യത്തില്‍ വ്യക്തത കുറവുണ്ട്. അവര്‍ ഇത്രയും കാലം ശുഭ്മാന്‍ ഗില്ലിനെ പിന്തുണച്ചു, പിന്നീട് ടീമിനെ തെരഞ്ഞെടുക്കുന്ന ദിവസം ഒഴിവാക്കുകയും ചെയ്തു. അതില്‍ വ്യക്തതയില്ലായ്മയുണ്ട്.'' കാര്‍ത്തിക് പറഞ്ഞു.
ഇന്ത്യന്‍ നേരിടാന്‍ സാധ്യതയുള്ള ദുര്‍ബലതയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ''സൂര്യകുമാര്‍ യാദവിന്റെ ഫോം ഒരു പ്രധാന പ്രശ്നമാണ്. പക്ഷേ, അദ്ദേഹം എത്രത്തോളം കരുത്തനാണെന്ന് നമുക്കുറിയാം. ഫോമിലേക്ക് തിരിച്ചെത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം. അങ്ങനെ സംഭവിക്കും.'' കാര്‍ത്തിക് വ്യക്തമാക്കി. ഗില്ലിനേയും ജിതേഷിനേയും ഒഴിവാക്കിയത് ഞെട്ടിപ്പിക്കുന്നതാണെന്ന് കാര്‍ത്തിക് കൂട്ടിചേര്‍ത്തു.
ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അക്സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ഹാര്‍ദ്ദിക് പാണ്ഡ്യ, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, റിങ്കു സിംഗ്, ഹര്‍ഷിത് റാണ, ജസ്പ്രീത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍).
