അര്‍ധ സെഞ്ചുറിക്ക് ഒപ്പം അഞ്ച് വിക്കറ്റ് പ്രകടനവുമായി ബാബാ അപരാജിത്; സെഞ്ചുറിയുമായി വിഷ്ണു വിനോദ്; നായകന്റെ ഇന്നിംഗ്‌സുമായി രോഹന്‍ കുന്നുമ്മലും; ത്രിപുരയെ 145 റണ്‍സിന് തകര്‍ത്ത് കേരളം
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ ത്രിപുരയെ 145 റണ്‍സിന് കീഴടക്കി വിജയ് ഹസാരെ ട്രോഫി ടൂര്‍ണമെന്റില്‍ കേരളത്തിന് വിജയത്തുടക്കം. അഹമ്മദാബാദില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കേരളം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 348 റണ്‍സാണ് നേടിയത്. 62 പന്തില്‍ 102 റണ്‍സ് നേടിയ വിഷ്ണു വിനോദാണ് കേരളത്തെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗിനെത്തിയ ത്രിപുര 36.5 ഓവറില്‍ 203ന് എല്ലാവരും പുറത്തായി. അര്‍ധസെഞ്ചുറിക്ക് പുറമെ അഞ്ച് വിക്കറ്റ് നേട്ടവുമായി ഓള്‍റൗണ്ട് മികവ് പുറത്തെടുത്ത ബാബ അപരാജിതാണ് ത്രിപുരയെ തകര്‍ത്തത്. ജയത്തോടെ എലൈറ്റ് ഗ്രൂപ്പ് എയില്‍ പോയിന്റ് പട്ടികയില്‍ കേരളം ഒന്നാമതെത്തി.
67 റണ്‍സ് നേടിയ ശ്രിദം പോളാണ് ത്രിപുരയുടെ ടോപ് സ്‌കോറര്‍. പോളിന് പുറമെ തേജസ്വി ജയ്സ്വാളിന് (59 പന്തില്‍ 40) മാത്രമാണ് ത്രിപുര നിരയില്‍ തിളങ്ങാന്‍ സാധിച്ചത്. ഉദിയന്‍ ബോസ് (29), രജത് ഡേ (21) എന്നിവരാണ് ത്രിപുര നിരയില്‍ രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ത്രിപുരയ്ക്ക് വേണ്ടി അതിഥി താരമായി കളിക്കുന്ന വിജയ് ശങ്കര്‍ക്ക് (8) തിളങ്ങാന്‍ സാധിച്ചില്ല.
നേരത്തെ കേരളത്തിന് വേണ്ടി വിഷ്ണുവിന് പുറമെ രോഹന്‍ കുന്നുമ്മല്‍ (92 പന്തില്‍ 94), ബാബാ അപരാജിത് (73 പന്തില്‍ 64) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ടോസ് നഷ്ടത്തില്‍ പിന്നാലെ ക്രീസിലിറങ്ങിയ കേരളത്തിന് ഓപ്പണര്‍മാരായ രോഹന്‍ കുന്നുമ്മലും അഭിഷേക് പി നായരും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 49 റണ്‍സെടുത്തു. അഭിഷേക് പി നായര്‍ പുറത്തായശേഷം ക്രീസിലെത്തിയ അഹമ്മദ് ഇമ്രാന്‍ ഗോള്‍ഡന്‍ ഡക്കായെങ്കിലും ബാബാ അപരാജിതും രോഹനും ചേര്‍ന്ന് കേരളത്തെ 30 ഓവറില്‍ 178 റണ്‍സിലെത്തിച്ച് മികച്ച അടിത്തറയിട്ടു. സെഞ്ചുറിക്ക് അരികെ രോഹന്‍ കുന്നുമ്മലിനെ വീഴ്ത്തിയ വിജയ് ശങ്കര്‍ ത്രിപുരക്ക് പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീട് ക്രീസിലെത്തിയ വിഷ്ണു വിനോദ് തകര്‍പ്പനടികളോടെ സ്‌കോറുയര്‍ത്തി.
191 റണ്‍സിലെത്തി നില്‍ക്കെ ബാബാ അപരാജിതും മടങ്ങിയെങ്കിലും അങ്കിത് ശര്‍മയുടെ(28) പിന്തുണയില്‍ വിഷ്ണു തകര്‍ത്തടിച്ചതോടെ കേരളം കൂറ്റന്‍ സ്‌കോര്‍ ഉറപ്പാക്കി. 62 പന്തില്‍ 102 റണ്‍സുമായി പുറത്താകാതെ നിന്ന വിഷ്ണു ഒമ്പത് ഫോറും ആറ് സിക്സും പറത്തി. വാലറ്റത്ത് അഖില്‍ സ്‌കറിയ(18) വിഷ്ണുവിന് പിന്തുണ നല്‍കിയതോടെ കേരളം 348 റണ്‍സിലെത്തി. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പര കളിച്ചെത്തിയ സഞ്ജു സാംസണ്‍ ആദ്യ മത്സരത്തില്‍ കളിക്കാനിറങ്ങിയില്ല.
