ഐപിഎല്ലിലെ കോടിക്കിലുക്കമില്ല; ദേശീയ ടീമിലെ വന്‍ പ്രതിഫലവുമില്ല; വിജയ് ഹസാരെ ട്രോഫിയില്‍ കളിച്ചാല്‍ കോലിക്കും രോഹിതിനും എത്ര രൂപ കിട്ടും? ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ പുതിയ ചര്‍ച്ച

Update: 2025-12-27 08:06 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളായ വിരാട് കൊഹ്ലിയും രോഹിത് ശര്‍മ്മയും ആഭ്യന്തര ഏകദിന ടൂര്‍ണമെന്റായ വിജയ് ഹസാരെ ട്രോഫിയിലേക്ക് തിരിച്ചെത്തിയത് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. സെഞ്ച്വറിയും അദ്ധസെഞ്ച്വറിയും നേടി രോഹിത്തും കൊഹ്ലിയും മികച്ച ഫോമിലാണ്. ഐപിഎല്ലിലെ തിളക്കമോ കോടികളുടെ കരാറുകളൊന്നുമില്ലെങ്കിലും രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ ഒന്നാണ് വിജയ് ഹസാരെ ട്രോഫി. ഇപ്പോഴിതാ ഇരുവര്‍ക്കും ടൂര്‍ണമെന്റില്‍ നിന്നും ലഭിക്കുന്ന പ്രതിഫലമാണ് ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.

ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ താരങ്ങള്‍ സജീവമാകണമെന്ന ബിസിസിഐ നിര്‍ദേശത്തിന് പിന്നാലെയാണ് വിരാട് കോലിയും രോഹിത് ശര്‍മയും വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാനിറങ്ങിയത്. സൂപ്പര്‍താരങ്ങളുടെ കളി കാണാന്‍ ആരാധകര്‍ പതിവില്ലാത്തവിധം ഇടിച്ചുകയറിയതോടെ ആഭ്യന്തര ടൂര്‍ണമെന്റും കളറായി. ഐപിലിന്റെ ഗ്ലാമറില്ലെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റര്‍മാരെ സംബന്ധിച്ചിടത്തോളം സുപ്രധാന ആഭ്യന്തര ടൂര്‍ണമെന്റാണ് വിജയ് ഹസാരെ.

ഐപിഎലില്‍ കോടികള്‍ കീശയിലെത്തുന്ന താരങ്ങള്‍ക്ക് വിജയ് ഹസാരെ ട്രോഫിയില്‍ കളിച്ചാല്‍ എത്ര രൂപകിട്ടുമെന്നതാണ് സോഷ്യല്‍ ലോകത്തെ ചര്‍ച്ച. ഐപിഎലില്‍ ലേലത്തിലൂടെയാണ് താരങ്ങളുടെ പ്രതിഫലം തീരുമാനിക്കപ്പെടുന്നതെങ്കില്‍ വിജയ് ഹസാരെയില്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട തുകയാവും അക്കൗണ്ടിലെത്തുക. ലിസ്റ്റ് എ മല്‍സരങ്ങള്‍ (ആഭ്യന്തര ഏകദിനങ്ങള്‍) എത്രയെണ്ണം കളിച്ചുവെന്നതിനെ ആശ്രയിച്ചാകും പ്രതിഫലം.

വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാരുടെ അനുഭവസമ്പത്ത് പരിഗണിച്ചാണ് ബിസിസിഐ പ്രതിഫലം നിശ്ചയിക്കുന്നത്. 2025-26 സീസണിലെ കണക്കുകള്‍ പ്രകാരം 40ല്‍ അധികം മത്സരങ്ങള്‍ കളിച്ച മുതിര്‍ന്ന താരങ്ങള്‍ക്ക് 60,000 രൂപയാണ് ഒരു മത്സരത്തില്‍ നിന്നും ലഭിക്കുക. രോ - കോ സഖ്യം 40ലധികം ലിസ്റ്റ് എ മത്സരങ്ങള്‍ കളിച്ചവരായതിനാല്‍ ഒരു മത്സരത്തിന് 60,000 രൂപ വീതമായിരിക്കും ലഭിക്കുന്നത്. നിലവില്‍ ദേശീയ ടീമിനായി ഒരു ഏകദിന മത്സരം കളിക്കുമ്പോള്‍ ഇവര്‍ക്ക് ലഭിക്കുന്നത് ആറ് ലക്ഷം രൂപയാണ്. ഇതിന്റെ പത്തിലൊന്ന് മാത്രമാണ് ആഭ്യന്തര ക്രിക്കറ്റിലെ പ്രതിഫലം.

മാച്ച് ഫീസിന് പുറമെ യാത്ര, ഭക്ഷണം, താമസം എന്നിവയ്ക്കും ബിസിസിഐ പണം നല്‍കും. മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടുന്നവര്‍ക്ക് 10,000 രൂപ അധികമായി ലഭിക്കും. ടൂര്‍ണമെന്റിലെ നോക്കൗട്ട് ഘട്ടങ്ങളിലും ഫൈനലിലും എത്തുന്ന ടീമുകള്‍ക്ക് ലഭിക്കുന്ന വന്‍തുക താരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനുമായി വീതിച്ചു നല്‍കും. ഡല്‍ഹിക്ക് വേണ്ടി കൊഹ്ലിയും മുംബയ്ക്ക് വേണ്ടി രോഹിത്തും കളത്തിലിറങ്ങുമ്പോള്‍ തുകയെക്കാള്‍ ഉപരി ആഭ്യന്തര ക്രിക്കറ്റിന്റെ നിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തിനാണ് ബിസിസിഐ പ്രാധാന്യം നല്‍കുന്നത്.

Similar News