ഇംഗ്ലീഷ് പടയെ തകര്‍ക്കാന്‍ ആയുഷ് മാത്രയും കൗമാരപ്പടയും; ഇന്ത്യ കണ്ണുവെക്കുന്നത് ആറാം ലോകകിരീടത്തില്‍! ഹരാരെയില്‍ തീപാറുന്ന ഫൈനല്‍; പ്രതീക്ഷയായി വൈഭവ് സൂര്യവംശി; മലയാളി കരുത്തായി മുഹമ്മദ് ഇനാനും ആരോണ്‍ ജോര്‍ജും; വെല്ലുവിളി മാന്നി ലംസ്ഡന്റെ വേഗപന്തുകള്‍; ലോക ക്രിക്കറ്റിലെ യുവരാജാക്കന്മാരെ ഇന്നറിയാം

Update: 2026-02-06 06:57 GMT

ഹരാരെ: ലോക ക്രിക്കറ്റിലെ യുവരാജക്കന്മാരെ ഇന്നറിയാം. അണ്ടര്‍-19 ലോകകപ്പ് ഫൈനലില്‍ ഇന്ത്യന്‍ കൗമാരനിര ഇംഗ്ലണ്ടിനെ നേരിടും. ആറാം കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ടൂര്‍ണമെന്റിലുടനീളം മികച്ച ഫോമിലുള്ള ബാറ്റിംഗ് നിരയിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ഇംഗ്ലണ്ടിനാകട്ടെ 1998-നുശേഷമൊരു കപ്പാണ് ലക്ഷ്യം. അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലില്‍ അപരാജിതശക്തികള്‍ ഏറ്റുമുട്ടുമ്പോള്‍ ആവേശം കൊട്ടിക്കയറും. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബ് ഗ്രൗണ്ടില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിമുതലാണ് ഇന്ത്യ-ഇംഗ്ലണ്ട് ഫൈനല്‍.

സെമി ഫൈനലില്‍ അഫ്ഗാനിസ്ഥാനെ തകര്‍ത്തെറിഞ്ഞ ആത്മവിശ്വാസത്തിലാണ് ക്യാപ്റ്റന്‍ ആയുഷ് മാത്രയും സംഘവും ഇറങ്ങുന്നത്. ടൂര്‍ണമെന്റിലുടനീളം തകര്‍പ്പന്‍ ഫോമിലുള്ള ഇന്ത്യയുടെ ബാറ്റിംഗ് നിര തന്നെയാണ് ടീമിന്റെ പ്രധാന കരുത്ത്. സെമിയില്‍ അഫ്ഗാനെതിരെ ക്യാപറ്റന്‍ ആയുഷ് മാത്രെയും ഫോമിലായത് ഇന്ത്യക്ക് ആശ്വാസമാണ്.

കിരീടപ്പോരിനിറങ്ങുമ്പോള്‍ 15-കാരന്‍ വൈഭവ് സൂര്യവംശിയുടെ ബാറ്റിലേക്കാണ് രാജ്യം ഉറ്റുനോക്കുന്നത്. ടൂര്‍ണമെന്റില്‍ ഇതിനകം മൂന്ന് അര്‍ധസെഞ്ച്വറികള്‍ നേടിയ വൈഭവ് ഫൈനലിലും ബാറ്റിംഗ് വിസ്‌ഫോടനം തീര്‍ക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. സെമിയില്‍ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി ഫോം കണ്ടെത്തിയ നായകന്‍ ആയുഷ് മാത്രെയും മലയാളി ഓപ്പണര്‍ ആരോണ്‍ ജോര്‍ജും ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. വിഹാന്‍ മല്‍ഹോത്രയും വിക്കറ്റ് കീപ്പര്‍ അഭിഗ്യാന്‍ കുണ്ടുവും മധ്യനിര കാക്കും.

ടൂര്‍ണമെന്റില്‍ ഇന്ത്യയെപ്പോലെ ഇംഗ്ലണ്ടും തോല്‍വിയറിഞ്ഞിട്ടില്ല. സെമിയില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ അട്ടിമറിച്ചാണ് ഇംഗ്ലണ്ടിന്റെ വരവ്. ക്യാപ്റ്റന്‍ തോമസ് റ്യൂ, ഓപ്പണര്‍മാരായ ബെന്‍ ഡ്വാകിന്‍സ്, ജോസഫ് മൂര്‍, വണ്‍ഡൗണ്‍ ബാറ്റര്‍ ബെന്‍ മേയേഴ്‌സ് എന്നിവര്‍ ഒറ്റയ്ക്ക് കളിഗതി മാറ്റിമറിക്കാന്‍ കഴിയുന്നവരാണ്.

ടൂര്‍ണമെന്റിലെ മികച്ച ബൗളറായ ഇംഗ്ലണ്ടിന്റെ മാന്നി ലംസ്ഡന്‍ (15 വിക്കറ്റുകള്‍) ഉയര്‍ത്തുന്ന വെല്ലുവിളിയാണ് ഇന്ത്യക്ക് മുന്നിലുള്ള പ്രധാന ആശങ്ക. ലംസ്ഡന്റെ വേഗതയെ സൂര്യവംശിയും സംഘവും എങ്ങനെ നേരിടും എന്നത് മത്സരത്തില്‍ നിര്‍ണ്ണായകമാകും. 1998-ന് ശേഷം ആദ്യ കിരീടം ലക്ഷ്യമിട്ടാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. എന്നാല്‍ 2022-ലെ ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം നേടിയതെന്ന ചരിത്രം ഇന്ത്യന്‍ ടീമിന് മുന്‍തൂക്കം നല്‍കുന്നു. ഇതിനുള്ള മധുരപ്രതികാരം കൂടിയാകും ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്.

അഫ്ഗാനിസ്ഥാനെതിരായ സെമിയില്‍ 300-ന് മുകളില്‍ റണ്‍സ് വഴങ്ങിയത് ഇന്ത്യക്ക് ചെറിയ ആശങ്ക നല്‍കുന്നുണ്ട്. എങ്കിലും ദീപേഷ് ദേവേന്ദ്രന്‍, ഹെനില്‍ പട്ടേല്‍ എന്നിവരടങ്ങുന്ന പേസ് നിരയും കനിഷ്‌ക് ചൗഹാന്റെ സ്പിന്‍ കരുത്തും ഫൈനലില്‍ നിര്‍ണ്ണായകമാകും. ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് കരുത്തായ ബെന്‍ മെയ്സിനെയും (399 റണ്‍സ്) ക്യാപ്റ്റന്‍ തോമസ് റ്യൂവിനെയും നേരത്തെ പുറത്താക്കുക എന്നതാണ് ഇന്ത്യന്‍ ബൗളര്‍മാരുടെ ലക്ഷ്യം. ഇംഗ്ലണ്ടിന്റെ വേഗതയും ഇന്ത്യയുടെ ബാറ്റിംഗ് വിസ്‌ഫോടനവും തമ്മിലുള്ള ഈ പോരാട്ടത്തില്‍ ആര് കിരീടം ഉയര്‍ത്തുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം.

ലക്ഷ്യം ആറാം കിരീടം

ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ ടീമാണ് ഇന്ത്യ. അഞ്ചുവട്ടമാണ് കപ്പുയര്‍ത്തിയത്. 2024-ലാണ് അവസാനമായി കിരീടം നേടിയത്. കഴിഞ്ഞതവണ ഓസ്‌ട്രേലിയയോട് ഫൈനലില്‍ കീഴടങ്ങി. തുടര്‍ച്ചയായ മൂന്നാം ഫൈനലാണ് ഇന്ത്യക്ക്. സെമിയില്‍ റെക്കോഡ് റണ്‍ചേസ് നടത്തി അഫ്ഗാനിസ്താനെ കീഴടക്കിയത് ഇന്ത്യയുടെ ആത്മവിശ്വാസം വാനോളമുയര്‍ത്തിയിട്ടുണ്ട്. 310 റണ്‍സ് 55 പന്ത് ബാക്കിനില്‍ക്കെ മറികടക്കാന്‍ കഴിഞ്ഞത് ഇന്ത്യക്ക് പ്രതീക്ഷനല്‍കുന്ന ഘടകമാണ്.

ഓപ്പണര്‍മാരായ വൈഭവ് സൂര്യവംശി, മലയാളി താരം ആരോണ്‍ ജോര്‍ജ് എന്നിവര്‍ മികച്ചഫോമിലാണ്. ക്യാപ്റ്റന്‍ ആയുഷ് മാത്രെ നോക്കൗട്ട് റൗണ്ടില്‍ ഓള്‍റൗണ്ട് പ്രകടനമാണ് പുറത്തെടുക്കുന്നത്. മധ്യനിരബാറ്റര്‍മാരായ വിഹാന്‍ മല്‍ഹോത്ര, അഭിഗ്യാന്‍ കുണ്ടു, വേദാന്ത് ത്രിവേദി എന്നിവരും മികച്ച രീതിയില്‍ കളിക്കുന്നുണ്ട്. ബൗളിങ്ങില്‍ പേസര്‍മാരായ ആര്‍.എസ്. അംബ്രിഷ്, ഹെനില്‍ പട്ടേല്‍, ദീപേഷ് ദേവേന്ദ്രന്‍ എന്നിവരും സ്പിന്നര്‍മാരായ ഖിലന്‍ പട്ടേല്‍, കനിഷ്‌ക് ചൗഹാന്‍ എന്നിവരും നന്നായി പന്തെറിയുന്നുണ്ട്. തൃശ്ശൂര്‍ സ്വദേശിയായ ഓള്‍റൗണ്ടര്‍ മുഹമ്മദ് ഇനാനും ടീമിലുണ്ട്.

Tags:    

Similar News