'വനിത പ്രീമിയര്‍ ലീഗ് ഫൈനല്‍ ജയിക്കാന്‍ ജെമീമയെ ജീസസ് സഹായിച്ചില്ല; തിരുപ്പതി ബാലാജിയുടെ സഹായത്തോടെ സ്മൃതി മന്ദാന കിരീടം നേടി'; ഡല്‍ഹി ക്യാപ്റ്റനെതിരെ വിദ്വേഷ പ്രചാരണം; എക്‌സ് പോസ്റ്റുമായി രാജ്ദീപ് സര്‍ദേശായി

Update: 2026-02-06 08:51 GMT

ന്യൂഡല്‍ഹി: വനിത പ്രീമിയര്‍ ലീഗ് ഫൈനല്‍ പോരാട്ടത്തിന് പിന്നാലെ ഡല്‍ഹി ക്യാപ്റ്റന്‍ ജെമീമ റോഡ്രിഗസിനെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണത്തില്‍ വിമര്‍ശനവുമായി മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിയുടെ എക്‌സ് പോസ്റ്റ്. ജയ്പുര്‍ ഡയലോഗസ് എന്ന പേരിലുള്ള എക്‌സ് പേജിന്റെ കുറിപ്പ് പങ്കുവെച്ചാണ് സര്‍ദേശായിയുടെ സന്ദേശം. വനിത പ്രീമിയര്‍ ലീഗ് ഫൈനല്‍ ജയിക്കാന്‍ ജെമീമയെ ജീസസ് സഹായിച്ചില്ലെന്നും എന്നാല്‍ തിരുപ്പതി ബാലാജിയുടെ സഹായത്തോടെ സ്മൃതി മന്ദാന കിരീടം നേടിയെന്നായിരുന്നു ജയ്പൂര്‍ ഡയലോഗ്‌സിന്റെ എക്‌സ് കുറിപ്പ്.

ഇതുപങ്കുവെച്ച് ഭയാനകമായ ഒരു കാര്യം പറയാനുണ്ടെന്ന മുഖവുരയോടെയാണ് രാജ്ദീപ് സര്‍ദേശായി എക്‌സിലെ കുറിപ്പ് ആരംഭിക്കുന്നത്. ഇവര്‍ ഭരണകൂട സംരക്ഷണം ആസ്വദിക്കുന്നവരും രാജ്യത്തിന്റെ സാമൂഹികഘടനയെ നശിപ്പിക്കുന്നവരുമായ വര്‍ഗീയവാദികളാണ്. സ്മൃതിയുടെ നല്ല സമയത്തും മോശം സമയത്തും ഒപ്പംനിന്ന സുഹൃത്താണ് ജെമീമയെന്നും എക്‌സിലെ കുറിപ്പില്‍ രാജ്ദീപ് സര്‍ദേശായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വനിതാ ഏകദിന ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ച ശേഷം ജമീമ നടത്തിയ പരാമര്‍ശത്തിന് എതിരെ സമാനമായ വിദ്വേഷ പ്രചാരണം നടന്നിരുന്നു. അന്ന് ജമീമയെ വിമര്‍ശിച്ചവരില്‍ നടിയും തമിഴ്‌നാട്ടിലെ ബിജെപി നേതാവുമായ കസ്തൂരി ശങ്കറുമുണ്ടായിരുന്നു. മത്സരവിജയത്തിന് ശേഷം സംസാരിക്കുമ്പോള്‍ ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞതില്‍ യേശുവിന് നന്ദി പറയുന്നു എന്ന് ജമീമ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കസ്തൂരി ശങ്കര്‍ രംഗത്തെത്തിയത്. ശ്രീരാമന്റെ പേരിലോ ശിവന്റെ അനുഗ്രഹത്താലോ ആരെങ്കിലും നന്ദി പറഞ്ഞാല്‍ എന്തായിരിക്കും പ്രതികരണം എന്ന് എനിക്ക് ചിന്തിക്കാതിരിക്കാന്‍ സാധിക്കുന്നില്ല എന്നായിരുന്നു കസ്തൂരി എക്‌സില്‍ കുറിച്ചത്.

നേരത്തെ മുംബൈയിലെ ജിംഖാന ക്ലബ്ബിന്റെ പരിസരം മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചു എന്ന ആരോപണത്തെത്തുടര്‍ന്ന് ജമീമയുടെ കുടുംബത്തിന്റെ അംഗത്വം ക്ലബ് റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ ജെമീമ റോഡ്രിഗസിനെതിരെ സമൂഹമാധ്യമങ്ങളില്‍ കടുത്ത സൈബര്‍ ആക്രമണമാണ് ഉണ്ടായത്.

വനിത പ്രീമിയര്‍ ലീഗില്‍ ജെമീമ നയിച്ച ഡല്‍ഹിയെ തോല്‍പ്പിച്ച് സ്മൃതി മന്ദാനയുടെ ആര്‍.സി.ബി കിരീടം നേടിയിരുന്നു. ഡല്‍ഹി ഉയര്‍ത്തിയ 204 റണ്‍സ് വിജയലക്ഷ്യം ആറ് വിക്കറ്റ് ശേഷിക്കെ മറികടന്നാണ് ആര്‍.സി.ബിയുടെ കിരീടനേട്ടം. വനിത പ്രീമിയര്‍ ലീഗില്‍ ടീമിന്റെ രണ്ടാം കിരീട നേട്ടമാണിത്. ആര്‍.സി.ബിക്ക് വേണ്ടി സ്മൃതി മന്ദാന(87), ജോര്‍ജിയ വെല്‍(79) എന്നിവര്‍ മികച്ച പ്രകടനം നടത്തി.

204 റണ്‍സ് എന്ന ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ആര്‍.സി.ബിക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ ഒമ്പത് റണ്‍സ് എത്തുമ്പോഴേക്കും ഗ്രേസ് ഹാരിസിനെ ടീമിന് നഷ്ടമായി. എന്നാല്‍, പിന്നീട് ഒത്തുചേര്‍ന്ന സ്മൃതി മന്ദാന, ജോര്‍ജിയ വെല്‍ സഖ്യം മികച്ച രീതിയില്‍ ബാറ്റ് വീശിയതോടെ ബംഗളൂരു വിജയത്തിലേക്ക് കുതിക്കുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കാപിറ്റല്‍സ് 20 ഓവറില്‍ നാല് വിക്കറ്റിനാണ് 203 റണ്‍സ് അടിച്ചെടുത്തത്. 37 പന്തില്‍ 57 റണ്‍സ് നേടി നായിക ജെമീമ റോഡ്രിഗസ് ടോപ് സ്‌കോററായി. ലോറ വോള്‍വാര്‍ട്ട് 25 പന്തില്‍ 44 റണ്‍സ് ചേര്‍ത്തപ്പോള്‍ 15 പന്തില്‍ 35 റണ്‍സുമായി ചിനേലെ ഹെന്‍ട്രി പുറത്താവാതെനിന്നു.

Tags:    

Similar News