'ദു:ഖിക്കേണ്ട അനുജാ, ഇതൊരു വലിയ ടൂര്‍ണമെന്റാണ്; എപ്പോള്‍ വേണമെങ്കിലും അവസരം വരാം; നീ തയ്യാറായിരിക്കണം'; ലോകകപ്പിലെ ആദ്യ മത്സരത്തിന് മുമ്പ് സഞ്ജുവിനെ ചേര്‍ത്തുപിടിച്ച് രോഹിത് പറഞ്ഞ വാക്കുകള്‍; ആ ഉപദേശത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുന്‍ ക്യാപ്റ്റന്‍
അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പിലെ കലാശപ്പോരാട്ടത്തിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ലോകം. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ കിരിടീം നിലനിര്‍ത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സൂപ്പര്‍ 8ലെ അവസാന മത്സരത്തിലും സെമിയിലും മിന്നുന്ന പ്രകടനം കാഴ്ചവച്ച മലയാളി താരം സഞ്ജുവിലാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍. വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇന്ത്യ വിജയിച്ച് സെമി ടിക്കറ്റ് നേടിയത് സഞ്ജുവിന്റെ മികവിലായിരുന്നു. 50 പന്തില്‍ 97 റണ്‍സെടുത്ത് സഞ്ജു പുറത്താവാതെ നിന്നതാണ് നിര്‍ണ്ണായകമായി മാറിയത്. സഞ്ജുവിന് ട്വന്റി 20 ലോകകപ്പ് ആരംഭിക്കുമ്പോള്‍ ബെഞ്ചിലായിരുന്നു സ്ഥാനം. പിന്നീട് അഭിഷേക് ശര്‍മക്ക് അസുഖം ബാധിച്ചപ്പോള്‍ പകരക്കാരന്റെ റോളില്‍ അവസരം ലഭിച്ചു. ഇപ്പോഴിതാ വിന്‍ഡീസിനെതിരേ മാച്ച് വിന്നറായും സഞ്ജു മാറിയിരിക്കുകയാണ്. സഞ്ജു സാംസണ്‍ ഫോമിലേക്ക് തിരിച്ചെത്തിയത് എങ്ങനെയാണെന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.
ഇന്ത്യയെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതിന് പിന്നാലെ, ലോകകപ്പിന്റെ തുടക്കത്തില്‍ സഞ്ജുവിന് നല്‍കിയ ഉപദേശത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുന്‍ നായകന്‍ രോഹിത് ശര്‍മ്മ. സെമിയില്‍ ഇംഗ്ലണ്ടിനെതിരെ സഞ്ജു നടത്തിയ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെയാണ് രോഹിത് ആ വാക്കുകള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തിയത്. ലോകകപ്പിന്റെ ആദ്യ മത്സരങ്ങളില്‍ സഞ്ജു പ്ലേയിംഗ് ഇലവനില്‍ ഉണ്ടായിരുന്നില്ല. യുഎസ്എയ്ക്കെതിരെയുള്ള മത്സരത്തിന് മുന്‍പ് സഞ്ജുവിനെ ചേര്‍ത്തുപിടിച്ച് രോഹിത് പറഞ്ഞ വാക്കുകള്‍ ഐസിസി പങ്കുവെച്ച വീഡിയോയിലൂടെയാണ് പുറംലോകം അറിഞ്ഞത്. ദു:ഖിക്കേണ്ട അനുജാ, ഇതൊരു വലിയ ടൂര്‍ണമെന്റാണ്. എപ്പോള്‍ വേണമെങ്കിലും അവസരം വരാം. നീ തയ്യാറായിരിക്കണം, എന്നായിരുന്നു രോഹിത് സഞ്ജുവിനെ ആലിംഗനം ചെയ്ത് പറഞ്ഞത്.
എന്തായാലും രോഹിത്തിന്റെ വാക്കുകള്‍ സഞ്ജുവില്‍ ആത്മവിശ്വാസം നിറച്ചുവെന്ന് തന്നെ പറയാം. വെസ്റ്റ് ഇന്‍ഡീസിനെതിരേ സഞ്ജു സാംസണ്‍ കരിയറിലെത്തന്നെ ഏറ്റവും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 50 പന്തില്‍ 97 റണ്‍സാണ് സഞ്ജു സാംസണ്‍ നേടിയത്. എപ്പോഴും കടന്നാക്രമിച്ച് കളിക്കുന്നതാണ് സഞ്ജുവിന്റെ ശൈലി. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇത്തരമൊരു പ്രകടനമല്ല സഞ്ജു നടത്തിയത്. ക്ഷമയോടെ ക്രീസില്‍ നില്‍ക്കാനും മത്സരത്തിന്റെ സാഹചര്യത്തിനനുസരിച്ച് കളിക്കാനും സഞ്ജുവിന് സാധിച്ചു. വെസ്റ്റ് ഇന്‍ഡീസിനെതിരായ നിര്‍ണ്ണായക മത്സരത്തില്‍ പുറത്താകാതെ 97 റണ്‍സും, ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലില്‍ 89 റണ്‍സും നേടി സഞ്ജു ഇന്ത്യയെ ഫൈനലിലെത്തിച്ചു. നിലവില്‍ 201.73 എന്ന അമ്പരപ്പിക്കുന്ന സ്‌ട്രൈക്ക് റേറ്റില്‍ കളിക്കുന്ന സഞ്ജു, 'പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്' പുരസ്‌കാരത്തിനായുള്ള പട്ടികയിലും ഇടംപിടിച്ചിട്ടുണ്ട്.
സഞ്ജുവിനോട് താന്‍ അത് പറയാന്‍ ഉണ്ടായ സാഹചര്യം രോഹിത് ഇപ്പോള്‍ വ്യക്തമാക്കി. ഒരു കളിക്കാരന്റെ മനസ് വായിക്കാന്‍ തനിക്ക് കഴിയുമെന്ന് രോഹിത് പറയുന്നു. ഒരു കളിക്കാരന്റെ മനസ് വായിക്കാന്‍ എനിക്കറിയാം. ഞാനും സമാനമായ സാഹചര്യത്തിലൂടെ കടന്നുപോയിട്ടുള്ള ആളാണ് (2011 ഏകദിന ലോകകപ്പ് ടീമില്‍ രോഹിത്തിന് ഇടം ലഭിച്ചിരുന്നില്ല). അത്തരം സമയങ്ങളില്‍ നിരാശപ്പെടാതെ നമ്മുടെ നിയന്ത്രണതതിലുള്ള കാര്യങ്ങള്‍ ചെയ്യുക എന്നത് പ്രധാനമാണ്- രോഹിത് പറഞ്ഞു.
സഞ്ജു ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിക്കൊണ്ടിരുന്ന സമയത്താണ് ലോകകപ്പിന് തൊട്ടുമുന്‍പ് പുറത്തിരിക്കേണ്ടി വന്നത്. അവനെ ഒന്ന് ആശ്വസിപ്പിക്കണമെന്നും നിനക്ക് അവസരം വരുമെന്ന് ഉറപ്പ് നല്‍കണമെന്നും എനിക്കുണ്ടായിരുന്നുവെന്നും രോഹിത് പറഞ്ഞു. രോഹിത്തിന്റെ പ്രവചനം പോലെ തന്നെ സഞ്ജുവിന് അവസരം ലഭിച്ചു. സഞ്ജു സാംസണെ വളരെയധികം പിന്തുണച്ച ക്യാപ്റ്റനായിരുന്നു രോഹിത്. താരസമ്പന്നമായ ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണ് തുടര്‍ അവസരങ്ങള്‍ ലഭിച്ചിരുന്നില്ലെങ്കിലും രോഹിത് ശര്‍മ മലയാളി താരത്തിന് വലിയ പിന്തുണയാണ് നല്‍കിയിരുന്നത്. 2024ലെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഭാഗമായി സഞ്ജു സാംസണും ഉണ്ടായിരുന്നു. കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ലെങ്കിലും ടീമിലിടം നേടാന്‍ സഞ്ജുവിനായി.
