സഞ്ജുവിന് വീണ്ടും സെഞ്ചുറി നഷ്ടം; 46 പന്തില്‍ 89 റണ്‍സ്; വിരാട് കോലിയുടെ റെക്കോര്‍ഡ് മറികടന്നു മലയാളി താരം; അര്‍ധ സെഞ്ചുറിയുമായി ഇഷാന്‍ കിഷനും മടങ്ങി; സൂര്യകുമാറിനെയും അതേ ഓവറില്‍ വീഴ്ത്തി ജെയിംസ് നീഷാം; ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്
അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ ഓപ്പണര്‍ സഞ്ജു സാസംണ്‍, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ എന്നിവരുടെ മിന്നുന്ന അര്‍ധ സെഞ്ചുറികളുടെയും മികവില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്. 18 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സ് എന്ന നിലയിലാണ്. തിലക് വര്‍മയും ഹാര്‍ദിക് പാണ്ഡ്യയുമാണ് ക്രീസില്‍. 46 പന്തില്‍ 89 റണ്‍സെടുത്ത് സഞ്ജു പുറത്തായി. എട്ട് സിക്‌സറുകളും അഞ്ച് ബൗണ്ടറികളും ഉള്‍പ്പെട്ടതായിരുന്നു സഞ്ജുവിന്റെ മനോഹരമായ ഇന്നിംഗ്‌സ്. സെഞ്ചുറിക്കായി കാത്തിരുന്ന ആരാധകരെ നിരാശപ്പെടുത്തി ജെയിംസ് നീഷാമിന്റെ ഫുള്‍ടോസ് പന്തില്‍ ലോങ് ഓണില്‍ കോള്‍ മക്കോഞ്ഞിക്ക് ക്യാച്ച് നല്‍കിയാണ് സഞ്ജു മടങ്ങിയത്.
അതേ ഓവറിലെ അഞ്ചാം പന്തില്‍ ഇഷാന്‍ കിഷന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. 25 പന്തില്‍ 54 റണ്‍സെടുത്താണ് ഇഷാന്‍ പുറത്തായത്. നാല് സിക്‌സും നാല് ബൗണ്ടറികളും ഉള്‍പ്പെട്ടതായിരുന്നു ഇഷാന്റെ ഇന്നിംഗ്‌സ്. തൊട്ടുപിന്നാലെ അതേ ഓവറിലെ അവസാന പന്തില്‍ സൂര്യകുമാര്‍ യാദവിന്റെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി.
തകര്‍പ്പന്‍ തുടക്കമാണ് സഞ്ജു - അഭിഷേക് സഖ്യം ഇന്ത്യക്ക് നല്‍കിയത്. 98 റണ്‍സാണ് ഇരുവരും ഒന്നാം വിക്കറ്റില്‍ ചേര്‍ത്തത്. ഫോമിലേക്ക് തിരിച്ചെത്തിയ അഭിഷേക് 21 പന്തില്‍ 52 റണ്‍സ് നേടി. മൂന്ന് സിക്സും ആറ് ഫോറും നേടിയ അഭിഷേക്. എട്ടാം ഓവറില്‍ രചിന്‍ രവീന്ദ്രയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയാണ് അഭിഷേക് മടങ്ങുന്നത്.
പവര്‍പ്ലേ അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമാകാതെ 92 എന്ന നിലയിലായിരുന്നു ഇന്ത്യ. ട്വന്റി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പവര്‍പ്ലേ സ്‌കോറാണിത്. ഈ ലോകകപ്പില്‍ ആദ്യമായാണ് ഇന്ത്യയ്ക്ക് പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടമാകാതിരിക്കുന്നത്. 7.2 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ നൂറു കടന്നു. ട്വന്റി20 ലോകകപ്പ് നോക്കൗട്ടിലെ അതിവേഗ നൂറാണിത്. അഭിഷേക് ശര്‍മ 18 പന്തിലാണ് അര്‍ധസെഞ്ചറി കുറിച്ചത്. ഒന്നാം വിക്കറ്റില്‍ സഞ്ജുവും അഭിഷേകും ചേര്‍ന്ന് 98 റണ്‍സ് കൂട്ടിചേര്‍ത്തു. ട്വന്റി20 ലോകകപ്പ് ഫൈനല്‍ ചരിത്രത്തില്‍ ആദ്യമായാണ് ഓപ്പണിങ് കൂട്ടുകെട്ട് 50നു മുകളില്‍ സ്‌കോര്‍ നേടുന്നത്. 2009 ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ പാക്കിസ്ഥാന്‍ താരങ്ങളായ കമ്രാന്‍ അക്മലും ഷഹസൈബ് ഹസനും ചേര്‍ന്ന് നേടിയ 48 റണ്‍സായിരുന്നു ഇതുവരെയുള്ള ഉയര്‍ന്ന് ഓപ്പണിങ് കൂട്ടുകെട്ട്.
മാറ്റ് ഹെന്ററി എറിഞ്ഞ ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ സിക്‌സറടിച്ച് സഞ്ജു സാംസണാണ് ഇന്ത്യയുടെ അക്കൗണ്ട് തുറന്നത്. ആദ്യ രണ്ട് ഓവറുകളില്‍ താളം കണ്ടെത്താന്‍ വിഷമിച്ചെങ്കിലും പിന്നീട് ഇരു ഓപ്പണര്‍മാരും കത്തിക്കയറി. മൂന്നാം ഓവറില്‍ 15 റണ്ഡസ് നേടിയപ്പോള്‍, ലോക്കി ഫെര്‍ഗൂണ്‍ എറിഞ്ഞ നാലാ ഓവറില്‍ 24 റണ്‍സാണ് അഭിഷേകും സഞ്ജുവും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. അഞ്ചാം ഓവറില്‍ 21 റണ്‍സും ആറാം ഓവറില്‍ 20 റണ്‍സും പിറന്നു.
അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് ന്യൂസിലന്‍ഡ് ഇറങ്ങിയത്. കോള്‍ മക്കോഞ്ഞിക്ക് പകരം പേസര്‍ ജേക്കബ് ഡഫി ടീമില്‍ തിരിച്ചെത്തി. ഇന്ത്യ സെമി ഫൈനല്‍ കളിച്ച ടീമില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. ടോസ് നേടിയാല്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുമായിരുന്നുവെന്ന് സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം...
ഇന്ത്യ: അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രിത് ബുംറ.
ന്യൂസിലന്‍ഡ്: ടിം സെയ്ഫര്‍ട്ട് (വിക്കറ്റ് കീപ്പര്‍), ഫിന്‍ അലന്‍, റാച്ചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്‌സ്, മാര്‍ക്ക് ചാപ്മാന്‍, ഡാരില്‍ മിച്ചല്‍, ജെയിംസ് നീഷാം, മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), മാറ്റ് ഹെന്റി, ലോക്കി ഫെര്‍ഗൂസണ്‍, ജേക്കബ് ഡഫി.
ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ - കിവീസ് നേര്‍ക്കുനേര്‍ വന്നപ്പോഴെല്ലാം ന്യൂസിലന്‍ഡിനെതിരെ ആയിരുന്നു ജയം. മൂന്ന് തവണ ഏറ്റുമുട്ടിയപ്പോള്‍ മൂന്നിലും ന്യൂസീലന്‍ഡിന് ജയം. 2007ല്‍ പത്ത് റണ്‍സിനും 2016ല്‍ 47 റണ്‍സിനും 2021ല്‍ എട്ട് വിക്കറ്റിനും ന്യൂസീലന്‍ഡ് ഇന്ത്യയെ തോല്‍പ്പിച്ചു. ട്വന്റി 20 ലോകകപ്പില്‍ കിവീസിനോട് ജയിക്കാനായിട്ടില്ലെന്ന ചരിത്രം കൂടി തിരുത്തിയെഴുതി വേണം ഇന്ത്യയ്ക്ക് അഹമ്മദാബാദില്‍ കപ്പുയര്‍ത്താന്‍.
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍, ഒരിക്കല്‍ക്കൂടി ലോക കിരീടത്തിനു മുഖാമുഖം നില്‍ക്കുമ്പോള്‍ 2024 ലെ ചാംപ്യന്‍പട്ടത്തിന്റെ സുന്ദരമായ ഒരു ആവര്‍ത്തനമാണ് ടീം ഇന്ത്യ കൊതിക്കുന്നത്. ട്വന്റി20 ഫോര്‍മാറ്റിലെ രാജ്യത്തിന്റെ ഉജ്വല വിജയങ്ങളുടെ പകിട്ടിന് മൂന്നാം കിരീടത്തിലൂടെ ഒരു തിലകക്കുറി. നിലവില്‍ 2 കിരീടങ്ങളുമായി വിന്‍ഡീസിനും ഇംഗ്ലണ്ടിനുമൊപ്പമുള്ള ഇന്ത്യയ്ക്കു ട്വന്റി20 ലോകകപ്പ് നേട്ടങ്ങളില്‍ ഒറ്റയാനാകാനുള്ള സുവര്‍ണാവസരമാണിത്. എന്നാല്‍, ഇന്നുവരെ ഒരു ചാംപ്യന്‍ ടീമിനും ട്വന്റി20 ലോകകപ്പ് നിലനിര്‍ത്താനായിട്ടില്ല.
സ്വന്തം നാട്ടില്‍ ലോകകപ്പ് ജേതാക്കളായവരുമില്ല. അഹമ്മദാബാദില്‍ സൂര്യകുമാറിനും സംഘത്തിനും ഇന്നു തോല്‍പിക്കേണ്ടത് ക്രിക്കറ്റിന്റെ ഈ ചരിത്രത്തെക്കൂടിയാണ്. മറുവശത്ത് ട്വന്റി20 ലോകകപ്പിലെ കന്നിക്കിരീടമാണ് കിവീസിന്റെ ലക്ഷ്യം. മത്സരത്തിനു മുന്‍പ് വൈകിട്ട് 5.30നു വര്‍ണാഭമായ സമാപനസമ്മേളനം നടന്നു. ഗുജറാത്തി ഗാനങ്ങളുമായി ഗായിക ഫാല്‍ഗുനി പഥക്കും പഞ്ചാബി ഗാനങ്ങളും നൃത്തവുമായി സുഖ്ബീര്‍ സിങ്ങും നയിക്കുന്ന പരിപാടിക്കൊപ്പം ലാറ്റിനമേരിക്കന്‍ പോപ് ഗായകന്‍ റിക്കി മാര്‍ട്ടിന്റെ സംഗീത വിരുന്നും സമാപനച്ചടങ്ങിനെ കളര്‍ഫുള്ളാക്കി.
