3 വിക്കറ്റുമായി തിളങ്ങി ആര്‍ച്ചര്‍; ബാറ്റിങ്ങിനൊപ്പം ബൗളിങ്ങിലും മികവുമായി രാജസ്ഥാന്‍; നായകനായ തിരിച്ചുവരവില്‍ ജയത്തോടെ തുടങ്ങി സഞ്ജുവും; പഞ്ചാബിനെ വീഴ്ത്തിയത് 50 റണ്‍സിന്; രാജസ്ഥാന് സീസണിലെ രണ്ടാം ജയം
3 വിക്കറ്റുമായി തിളങ്ങി ആര്‍ച്ചര്‍
മുല്ലന്‍പുര്‍ (പഞ്ചാബ്): ബാറ്റിങ്ങിന് പിന്നാലെ ബൗളിങ്ങിലും താളം കണ്ടെത്തിയതോടെ രാജസ്ഥാന്‍ റോയല്‍സിന് സീസണിലെ രണ്ടാം ജയം.കളിച്ച രണ്ടു മത്സരങ്ങളിലും ആധികാരിക ജയം നേടി എത്തിയ പഞ്ചാബിനെതിരെ 50 റണ്‍സിന്റെ ആധികാരിക ജയമാണ് രാജസ്ഥാന്‍ കുറിച്ചത്.ക്യാപ്റ്റാനായി എത്തിയ ആദ്യ മത്സരത്തില്‍ ജയം നേടിയത് സഞ്ജുവിനും ഇരട്ടിമധുരമായി.205 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് 9 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുക്കാനെ സാധിച്ചുള്ളു.നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങി 3 വിക്കറ്റെടുത്ത ജോഫ്രെ ആര്‍ച്ചറാണ് പഞ്ചാബിനെ തകര്‍ത്തത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് ആദ്യ ഓവറില്‍തന്നെ രണ്ടു വിക്കറ്റുകള്‍ നഷ്ടമായി.ആദ്യ പന്തില്‍ തന്നെ പ്രായിന്‍ഷ് ആര്യ (0) ഗോള്‍ഡന്‍ ഡക്ക്. പിന്നാലെ ശ്രേയസ് രണ്ട് ഫോറടിച്ച് തുടങ്ങിയെങ്കിലും അതേ ഓവറിലെ അവസാന പന്തില്‍ പുറത്തായി. ഇരുവരും ആര്‍ച്ചറുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു. നാലാം ഓവറില്‍ മാര്‍കസ് സ്റ്റോയിനിസും (1) മടങ്ങി. സന്ദീപിനായിരുന്നു വിക്കറ്റ്. ഏഴാം ഓവറില്‍ പ്രഭ്‌സിമ്രാന്‍ സിംഗിനെ കുമാര്‍ കാര്‍ത്തികേയ പുറത്താക്കിയതോടെ പഞ്ചാബ് നാലിന് 43 എന്ന നിലയിലായി.
തുടര്‍ന്ന് നെഹല്‍ വധേര - ഗ്ലെന്‍ മാക്‌സ്വെല്‍ (21 പന്തില്‍ 30) സഖ്യം 88 റണ്‍സ് കൂട്ടിചേര്‍ത്ത് പഞ്ചാബിന് പ്രതീക്ഷ നല്‍കി. എന്നാല്‍ ഇരുവരും അടുത്തടുത്ത ഓവറുകളില്‍ മടങ്ങിയത് പഞ്ചാബിന് തിരിച്ചടിയായി.15ാം ഓവറിന്റെ അവസാന പന്തില്‍ മാക്‌സിയെ മഹീഷ് തീക്ഷണ പുറത്താക്കി. തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ വധേരയെ വാനിന്ദു ഹസരങ്കയും മടക്കി. സുര്യാന്‍ഷ് ഷെഡ്‌ജെ (2) 17ാം ഓവറിലും മടങ്ങി. ഇതോടെ ഏഴിന് 136 എന്ന നിലയിലായി പഞ്ചാബ്.
പിന്നീടെത്തിയ മാര്‍കോ ജാന്‍സനും (2) തിളങ്ങാനായില്ല. അര്‍ഷ്ദീപ് സിംഗാണ് (1) പുറത്തായ മറ്റൊരു താരം. ശശാങ്ക് സിംഗ് (10), ലോക്കി ഫെര്‍ഗൂസണ്‍ (4) എന്നിവര്‍ പുറത്താവാതെ നിന്നു.ആര്‍ച്ചറിന് പുറമെ സന്ദീപ് ശര്‍മ, മഹീഷ് തീക്ഷണ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.നേരത്തെ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാന്‍ റോയല്‍സ് 205 റണ്‍സെടുത്തത്.യശസ്വി ജയ്സ്വാളും സഞ്ജു സാംസണും ചേര്‍ന്ന് രാജസ്ഥാന് മികച്ച തുടക്കമായിരുന്നു നല്‍കിയത്.38 റണ്‍സെടുത്ത സ്ഞജു സാംസണെ ഫെര്‍ഗൂസണ്‍ ശ്രേയസ് അയ്യരുടെ കൈയിലെത്തിച്ചു. 89 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടായിരുന്നു ഇരുവരും ചേര്‍ന്ന് നേടിയത്.
ഏറെക്കാലത്തിന് ശേഷം ഫോമിലെത്തിയ ജയ്സ്വാള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മൂന്നും ഫോറും അഞ്ച് സിക്സറും പറത്തിയാണ് ജയ്സ്വാള്‍ 67 റണ്‍സെടുത്തത്. നിധീഷ് റാണ ആക്രമിച്ചു കളിക്കാന്‍ ശ്രമിച്ചെങ്കിലും 12 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷം പുറത്തായി. പരാഗം ഹെയ്റ്റ്മെയറും ചേര്‍ന്നാണ് രാജസ്ഥാന്‍ റോയല്‍സിനെ 200 കടക്കാന്‍ സഹായിച്ചത്. ഹെയ്റ്റമയര്‍ 12 പന്തില്‍ 20 റണ്‍സും ജുറൈല്‍ 5 പന്തില്‍ 13 റണ്‍സും നേടി.
പഞ്ചാബിന്റെ ഹോം ഗ്രൗണ്ടായ മുല്ലന്‍പുരില്‍ ഇതാദ്യമായാണ് ഒരു ഐപിഎല്‍ ടീം 200 കടക്കുന്നത്.177 റണ്‍ണ് ആണ് ഈ സ്റ്റേഡിയത്തിലെ ഉയര്‍ന്ന ചെയ്സ് റെക്കോര്‍ഡ്.പരുക്കിനെത്തുടര്‍ന്ന് ആദ്യ മൂന്ന് മത്സരങ്ങളില്‍ ഇംപാക്ട് പ്ലെയഫായാണ് സഞ്ജു ടീമിലിടം നേടിയത്. റിയാന്‍ പരാഗ് ആയിരുന്നു ടീമിനെ നയിച്ചത്. മൂന്ന് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമായിരുന്നു രാജസ്ഥാന്റെ ജയം. പോയിന്റ് ടേബിളില്‍ 9-ാം സ്ഥാനത്താണ് രാജസ്ഥാന്‍.പഞ്ചാബിന്റെ സീസണിലെ ആദ്യ തോല്‍വിയാണിന്നത്തേത്.