'സഞ്ജു അപകടകാരിയായ ബാറ്റ്സ്മാൻ, ഓപ്പണിംഗ് സ്ഥാനത്ത് നിലനിർത്തണം'; ടോപ് ഓർഡറിൽ മൂന്ന് സെഞ്ചുറികൾ നേടിയ താരത്തെ മാറ്റുന്നത് എളുപ്പമാകില്ലെന്ന് രവി ശാസ്ത്രി

Update: 2025-09-08 09:44 GMT

ദുബായ്: ഏഷ്യാ കപ്പിൽ ഇന്ത്യൻ ടീമിന്റെ സഞ്ജു സാംസണെ ടോപ് ഓർഡറിൽ നിന്ന് മാറ്റരുതെന്ന് നിർദ്ദേശവുമായി മുൻ പരിശീലകൻ രവി ശാസ്ത്രി. ശുഭ്മാൻ ഗിൽ വൈസ് ക്യാപ്റ്റനായി ടീമിലുണ്ടെങ്കിലും, ഓപ്പണറായി മികച്ച റെക്കോർഡുള്ള സഞ്ജുവിനെ മാറ്റുന്നത് എളുപ്പമാകില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സഞ്ജു സാംസൺ ടോപ് ത്രീയിൽ കളിക്കുമ്പോൾ ഏറ്റവും അപകടകാരിയായ കളിക്കാരനാണെന്നും, ആ സ്ഥാനങ്ങളിൽ കളിച്ചാണ് അദ്ദേഹം പലപ്പോഴും ഇന്ത്യയെ വിജയത്തിലെത്തിച്ചിട്ടുള്ളതെന്നും ശാസ്ത്രി ചൂണ്ടിക്കാട്ടി. അതിനാൽ, സഞ്ജുവിനെ നിലവിലെ സ്ഥാനത്ത് നിന്ന് മാറ്റരുതെന്നും, ഗില്ലിനെ ഉൾപ്പെടുത്താൻ മറ്റ് ഏതെങ്കിലും താരത്തിന് പകരം അവസരം നൽകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ടി20 ക്രിക്കറ്റിൽ ഇപ്പോൾ കളിക്കുന്നതുപോലെ തന്നെ സഞ്ജു തുടർന്നും കളിക്കണം, കാരണം ടോപ് ഓർഡറിൽ മൂന്ന് സെഞ്ചുറികൾ നേടിയ അദ്ദേഹം വളരെ സ്ഥിരതയുള്ള താരമാണെന്ന് ശാസ്ത്രി കൂട്ടിച്ചേർത്തു.

ഏഷ്യാ കപ്പിൽ യുഎഇയിലെ സാഹചര്യങ്ങൾ സ്പിന്നർമാർക്ക് അനുകൂലമായിരിക്കുമെന്നും അദ്ദേഹം പ്രവചിച്ചു. യുഎഇയുടെ ചൂടും സാഹചര്യങ്ങളും സ്പിന്നർമാരെ തുണക്കുമെന്നും, അഫ്ഗാനിസ്ഥാനെപ്പോലുള്ള ടീമുകൾ നാല് സ്പിന്നർമാരെ ഉൾപ്പെടുത്തിയേക്കുമെന്നും ശാസ്ത്രി പറഞ്ഞു. ടീമിന്റെ സന്തുലനം കണക്കിലെടുത്ത് ഇന്ത്യയും രണ്ടോ മൂന്നോ സ്പിന്നർമാരെ കളിപ്പിക്കാൻ സാധ്യതയുണ്ടെന്നും, റിസ്റ്റ് സ്പിന്നർമാരെയും ഫിംഗർ സ്പിന്നർമാരെയും ഒരുമിച്ച് ടീമിൽ ഉൾപ്പെടുത്തുന്നത് ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നാളെ അഫ്ഗാനിസ്ഥാനും ഹോങ്കോംഗും തമ്മിലുള്ള മത്സരത്തോടെ ഏഷ്യാ കപ്പ് ആരംഭിക്കും. മറ്റന്നാൾ യുഎഇക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. പതിനാലാം തീയതി നടക്കുന്ന മത്സരത്തിൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും.

Tags:    

Similar News