ക്രിക്കറ്റില്‍ കൂടുതല്‍ അവസരങ്ങള്‍ ഒരുക്കാമെന്ന വാഗ്ദാനം നല്‍കി; ഐപിഎല്‍ മത്സരത്തിനിടെ ഹോട്ടലില്‍ വിളിച്ചുവരുത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന് പരാതി; ആര്‍സിബി താരം യാഷ് ദയാലിനെതിരെ പോക്‌സോ കേസ്; താരം അറസ്റ്റിലായേക്കും
ആര്‍സിബി താരം യാഷ് ദയാലിനെതിരെ പോക്‌സോ കേസ്
ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന പരാതിയില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു പേസര്‍ യാഷ് ദയാലിനെതിരെ പോക്‌സോ കേസ്. ജയ്പൂര്‍ പൊലീസാണ് പോക്‌സോ വകുപ്പുകള്‍ ചുമത്തി ഇന്ത്യന്‍ പേസര്‍ക്കെതിരെ കേസെടുത്തത്. നേരത്തേ യുപി സ്വദേശിനിയായ മറ്റൊരു യുവതിയുടെ പരാതിയില്‍ ദയാലിനെതിരെ യുപി പൊലീസ് കേസെടുത്തിരുന്നു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നായിരുന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഈ യുവതി നല്‍കിയ പരാതി. ഇതിന് പിന്നാലെയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്തത്.
കൗമാരക്കാരിയായ പെണ്‍കുട്ടിക്ക് പ്രഫഷണല്‍ ക്രിക്കറ്റില്‍ വളരാനുള്ള അവസരമൊരുക്കാമെന്ന് വാഗ്ദാനം ചെയ്താണ് രണ്ട് വര്‍ഷത്തോളം യാഷ് ദയാല്‍ പീഡിപ്പിച്ചതെന്നാണ് പരാതി. രണ്ട് വര്‍ഷം മുമ്പ് ക്രിക്കറ്റിലൂടെയാണ് പെണ്‍കുട്ടി യാഷ് ദയാലിനെ പരിചയപ്പെടുന്നത്. പിന്നീട് രണ്ട് വര്‍ഷത്തോളം തുടര്‍ച്ചയായി പീഡിപ്പിച്ചു. കഴിഞ്ഞ ഐപിഎല്‍ സീസണിടെ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിനായി ജയ്പൂരിലെത്തിയപ്പോള്‍ സീതാപുരയിലെ ഹോട്ടല്‍ റൂമിലേക്ക് വിളിച്ചുവരുത്തി യാഷ് ദയാല്‍ പീഡിപ്പിച്ചുവെന്ന ഗുരുതരമായ ആരോപണവും പെണ്‍കുട്ടിയുടെ പരാതിയിലുണ്ട്.
ആദ്യത്തെ പരാതിയില്‍ യാഷ് ദയാലിനെ കസ്റ്റഡിയില്‍ എടുക്കുന്നത് അലഹബാദ് ഹൈക്കോടതി തടഞ്ഞിരുന്നു. ഇതിനു പിന്നാലെയാണു കഴിഞ്ഞ ഐപിഎല്‍ സീസണിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതി ഉയര്‍ന്നത്. പോക്‌സോ കേസായതിനാല്‍ യാഷ് ദയാലിനെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണു പുറത്തുവരുന്ന വിവരം.
ക്രിക്കറ്റില്‍ കൂടുതല്‍ അവസരങ്ങള്‍ ഒരുക്കാമെന്ന വാഗ്ദാനം നല്‍കി രണ്ടു വര്‍ഷത്തോളം യാഷ് ദയാല്‍ പീഡിപ്പിച്ചെന്നാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പരാതിയിലുള്ളത്. ജയ്പുരിലെ സന്‍ഗാനര്‍ പൊലീസ് സ്റ്റേഷനിലാണു പരാതി നല്‍കിയത്. രാജസ്ഥാന്‍ റോയല്‍സിനെതിരെ കളിക്കാന്‍ ആര്‍സിബി താരങ്ങള്‍ ജയ്പൂരിലെത്തിയപ്പോള്‍, ദയാല്‍ ഹോട്ടലിലേക്കു വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്നും പെണ്‍കുട്ടി പൊലീസിനു നല്‍കിയ പരാതിയിലുണ്ട്.
ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയുടെ റിസര്‍വ് ബെഞ്ചില്‍ യാഷ് ദയാലും ഉണ്ടായിരുന്നു. 27 വയസ്സുകാരനായ ദയാല്‍ കഴിഞ്ഞ ഐപിഎലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ കിരീടനേട്ടത്തിലും പങ്കാളിയായി. ഐപിഎലില്‍ ആര്‍സിബിയിലും ഗുജറാത്ത് ടൈറ്റന്‍സിലും കളിച്ചിട്ടുള്ള യാഷ് ദയാല്‍ 43 മത്സരങ്ങളില്‍നിന്ന് 41 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.