തിരുച്ചുവരവിനൊരുങ്ങി റിഷഭ് പന്ത്; ഡല്‍ഹിക്കായി രഞ്ജി ട്രോഫിയില്‍ കളിക്കും; ലക്ഷ്യം ദക്ഷണാഫ്രിക്കൻ പരമ്പര
ന്യൂഡൽഹി: ക്രിക്കറ്റിലേക്ക് തിരിച്ചുവരാനൊരുങ്ങി റിഷഭ് പന്ത്. രഞ്ജി ട്രോഫി ടൂർണമെന്റിലൂടെയാണ് പന്ത് തിരിച്ചുവരവ് ലക്ഷ്യമിടുന്നത്. ഈ മാസം 25ന് ആരംഭിക്കുന്ന മത്സരങ്ങളിൽ ഡൽഹി ടീമിനായി അദ്ദേഹം കളിക്കും. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ തിരിച്ചെത്തുക എന്നതാണ് പന്തിന്റെ പ്രധാന ലക്ഷ്യം.
കഴിഞ്ഞ വർഷം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിനിടെയാണ് പന്തിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റത്. ക്രിസ് വോക്സിന്റെ ബൗളിംഗിലാണ് താരത്തിന് പരിക്കേറ്റത്. തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹം ബാംഗ്ലൂരിലെ എൻ.സി.എ.യിൽ ചികിത്സയിലായിരുന്നു. വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ താരത്തിന് കളിക്കാൻ സാധിച്ചിരുന്നില്ല.
രഞ്ജി ട്രോഫിയിൽ കളിക്കുന്നതിലൂടെ തന്റെ ഫിറ്റ്നസ് തെളിയിക്കാനാകും എന്ന് പന്ത് ഡൽഹി ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചിട്ടുണ്ട്. ബി.സി.സി.ഐയുടെ മെഡിക്കൽ ടീമിന്റെ അനുമതി ലഭിച്ചാൽ അദ്ദേഹം കളത്തിലിറങ്ങും. പരിക്ക് പൂർണ്ണമായും മാറിയെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ ടീം മാനേജ്‌മെന്റ് പന്തിനെ ടീമിൽ ഉൾപ്പെടുത്തുകയുള്ളൂ.
"ഡൽഹി ക്യാമ്പിൽ ചേരാൻ കഴിയുന്ന തീയതിയെക്കുറിച്ച് പന്ത് ഇതുവരെ ഉറപ്പ് നൽകിയിട്ടില്ല. സിഒഇയുടെ അനുമതിക്കായി കാത്തിരിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബർ 15 മുതൽ ആരംഭിക്കുന്ന ആദ്യ റൗണ്ട് രഞ്ജി ട്രോഫി മത്സരം കളിക്കുന്നത് പന്തിന് വളരെ ബുദ്ധിമുട്ടായിരിക്കും. അദ്ദേഹം ലഭ്യമാണെങ്കിൽ, പന്ത് ടീമിനെ നയിക്കാൻ സാധ്യതയുണ്ട്," ഡിഡിസിഎ ഉദ്യോഗസ്ഥൻ പറഞ്ഞു.
മുൻപ് ചീഫ് സെലക്ടർ അജിത് അഗാർക്കറും ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ പന്ത് തിരിച്ചെത്തുമെന്ന പ്രതീക്ഷ പങ്കുവെച്ചിരുന്നു. 47 ടെസ്റ്റുകളിൽ എട്ട് സെഞ്ച്വറികളോടെ 3427 റൺസ് നേടിയ താരത്തിന്റെ അഭാവത്തിൽ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനം രവീന്ദ്ര ജഡേജയ്ക്കായിരുന്നു.