'ബോളിംഗ് വേഗയും റണ്ണപ്പും മെച്ചപ്പെട്ടു, പക്ഷെ ഏകദിനം കളിക്കാനുള്ള ഫിറ്റ്നെസ് അവനില്ല'; ആ ചെന്നൈ സൂപ്പർ കിങ്‌സ് താരം ടി20 ഫോര്‍മാറ്റിന് മാത്രം അനുയോജ്യനായ ക്രിക്കറ്ററെന്ന് റോബിൻ ഉത്തപ്പ
മുംബൈ: ഇന്ത്യൻ ടി20 ലോകകപ്പ് ടീമിൽ ഇടം നേടിയ ഓൾറൗണ്ടർ ശിവം ദുബെക്ക് ഏകദിന ക്രിക്കറ്റ് കളിക്കാനുള്ള ശാരീരികക്ഷമതയില്ലെന്ന് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. ടി20 ഫോർമാറ്റിനാണ് ദുബെ കൂടുതൽ അനുയോജ്യനെന്നും ഉത്തപ്പ ഒരു യൂട്യൂബ് ചാനലിലൂടെ അഭിപ്രായപ്പെട്ടു. 50 ഓവർ മത്സരത്തിന്റെ ദൈർഘ്യം താങ്ങാൻ ദുബെയുടെ ശരീരത്തിന് നിലവിൽ കഴിയില്ലെന്ന് ഉത്തപ്പ ചൂണ്ടിക്കാട്ടി.
ഫീൽഡിങ്ങിൽ താരം അത്ര വേഗതയുള്ള കളിക്കാരനല്ലെന്നും അദ്ദേഹം വിലയിരുത്തി. ഫിറ്റ്നസ്, ബോളിംഗ് വേഗത, റണ്ണപ്പ് എന്നിവയിൽ ദുബെ ഏറെ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും, അത് താരത്തിന്റെ പരമാവധി നിലയാണെന്നാണ് തനിക്ക് തോന്നുന്നതെന്നും ഉത്തപ്പ പറഞ്ഞു. നിലവിൽ, എതിരാളികൾ റൺസ് നേടാൻ ആഗ്രഹിക്കുന്ന ഒരു ബൗളറാണ് ദുബെ. അവന്റെ ഓവറുകളിൽ റൺസ് സ്കോർ ചെയ്യാൻ ശ്രമിക്കുമ്പോഴാണ് വിക്കറ്റുകൾ ലഭിക്കുന്നതെന്നും ഉത്തപ്പ കൂട്ടിച്ചേർത്തു.
അടുത്ത മാസം ആരംഭിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ 32 വയസ്സുകാരനായ ദുബെ ഇടം നേടിയിട്ടുണ്ട്. ഇന്ത്യക്കായി നാല് ഏകദിനങ്ങളിൽ കളിച്ച ദുബെ 43 റൺസും ഒരു വിക്കറ്റും മാത്രമാണ് നേടിയത്. എന്നാൽ 50 ടി20 മത്സരങ്ങളിൽ നിന്ന് 139.8 സ്ട്രൈക്ക് റേറ്റിൽ 639 റൺസും 23 വിക്കറ്റുകളും ദുബെ സ്വന്തമാക്കിയിട്ടുണ്ട്. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ പ്രധാന താരങ്ങളിൽ ഒരാൾ കൂടിയാണ് ശിവം ദുബെ.