ഇത് ഞങ്ങളുടെ നാടല്ല, ദുബായിയാണ്; ഇവിടെ കളിക്കുന്നത് ടീമിന് ഒരു തരത്തിലുമുള്ള നേട്ടവും നല്‍കുന്നില്ല; സ്റ്റേഡിയത്തിലെ പിച്ചുകള്‍ ഓരോ മത്സരത്തിലും പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍

Update: 2025-03-03 14:46 GMT

ദുബായ്: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഒരേ വേദിയില്‍ തന്നെ ഇന്ത്യ കളിക്കുന്നത് ടീമിന് ആനൂകൂല്യമാണെന്ന് വിമര്‍ശിച്ച് നിരവധി താരങ്ങള്‍ രംഗത്ത് എത്തിയിരുന്നു. ചാമ്പ്യന്‍സ് ട്രോഫിക്ക് പാകിസ്ഥാനിലേക്ക് പോകില്ല എന്ന നിലപാട് എടുത്തതോടെയാണ് ഇന്ത്യക്ക് മാത്രം മത്സരം ദുബായിലേക്ക് ആക്കിയത്. ഈ സ്റ്റേഡിയത്തില്‍ കളിച്ച എല്ലാ മത്സരങ്ങളിലും ഇന്ത്യ ജയിക്കുകയും ചെയ്തു. ഒരു സ്റ്റേഡിയത്തില്‍ തന്നെ കളിക്കുന്നത് കൊണ്ടാണ് ഇന്ത്യക്ക് ജയിക്കാനുള്ള ആനുകൂല്യം ലഭിക്കുന്നതെന്നാണ് വിമര്‍ശനം. എന്നാല്‍ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഓസ്‌ട്രേലിയക്കെതിരായ സെമിക്ക് മുന്‍പായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ക്യാപ്റ്റന്‍.

ദുബായില്‍ കളിക്കുന്നത് ടീമിന് ഒരു തരത്തിലുമുള്ള നേട്ടവും നല്‍കുന്നില്ലെന്ന് രോഹിത് പറഞ്ഞു. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലെ പിച്ചുകള്‍ ഓരോ മത്സരത്തിലും പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ടെന്നും ടീമിന് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടാണെന്നും രോഹിത് വ്യക്തമാക്കി. ഔട്ട്ഫീല്‍ഡിന്റെ സ്വഭാവം അതേപടി തുടര്‍ന്നെങ്കിലും ഓരോ മത്സരത്തിലും പിച്ചുകള്‍ വ്യത്യസ്തമായാണ് പെരുമാറിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവിധ വേദികളിലേക്ക് യാത്രചെയ്യാതെ ഒരേ വേദിയില്‍തന്നെ മത്സരങ്ങള്‍ കളിക്കുന്നത് ഇന്ത്യന്‍ ടീമിന് വലിയ മുന്‍തൂക്കം നല്‍കുന്നുണ്ടെന്ന ചര്‍ച്ച ക്രിക്കറ്റ് ലോകത്ത് സജീവമാണ്. മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍മാരായ നാസര്‍ ഹുസൈന്‍, മൈക്കല്‍ അതേര്‍ട്ടണ്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം ആരോപിച്ചിരുന്നു. ടൂര്‍ണമെന്റ് ഹൈബ്രിഡ് മോഡലിലാക്കുകയും ഇന്ത്യയ്ക്ക് ദുബായ് മാത്രം വേദിയായി നിശ്ചയിക്കുകയും ചെയ്ത ഐസിസി നടപടിക്കെതിരേ മുന്‍ പാകിസ്താന്‍ താരങ്ങളും രംഗത്തെത്തിയിരുന്നു. ഇത്തരത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു രോഹിത്.

''സെമി ഫൈനലില്‍ ഏത് പിച്ചിലാണ് കളിക്കേണ്ടതെന്ന് ഞങ്ങള്‍ക്ക് അറിയില്ല. പക്ഷേ, എന്തു സംഭവിച്ചാലും നമ്മള്‍ അതിനോട് പൊരുത്തപ്പെടുകയും എന്ത് സംഭവിക്കുമെന്ന് മുന്‍കൂട്ടി കാണുകയും വേണം. നമ്മള്‍ ആ പിച്ചില്‍ കളിക്കും. ഇത് ഞങ്ങളുടെ നാടല്ല, ദുബായിയാണ്. ഞങ്ങള്‍ ഇവിടെ അധികം മത്സരങ്ങള്‍ കളിക്കാറില്ല. ഇവിടം ഞങ്ങള്‍ക്കും പുതിയതാണ്. ഞായറാഴ്ച ബൗളര്‍മാര്‍ പന്തെറിയുമ്പോള്‍ അവരുടെ പന്ത് സീം ചെയ്യുകയും അല്‍പം സ്വിങ് ചെയ്യുകയും ചെയ്യുന്നതായി ഞങ്ങള്‍ കണ്ടു. ആദ്യ രണ്ടു മത്സരങ്ങളില്‍ ഞങ്ങളുടെ ബൗളര്‍മാര്‍ പന്തെറിയുമ്പോള്‍ അത് കണ്ടിരുന്നില്ല. വൈകുന്നേരം ഇവിടത്തെ അന്തരീക്ഷം അല്‍പം തണുത്തതാണ്. അതിനാല്‍ സ്വിങ് ലഭിക്കാന്‍ വലിയ സാധ്യതയുണ്ട്'', രോഹിത് പറഞ്ഞു.

Tags:    

Similar News