മൂന്നു ലക്ഷം രൂപയ്ക്ക് തുടങ്ങിയ ലേലംവിളി; തൃശൂര്‍ ടൈറ്റന്‍സും ട്രിവാന്‍ഡ്രം റോയല്‍സും മത്സരിച്ചതോടെ അതിവേഗം; ഒടുവില്‍ 26.80 ലക്ഷമെന്ന റെക്കോര്‍ഡ് തുകയ്ക്ക് സഞ്ജു സാംസണ്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സില്‍; വിഷ്ണു വിനോദിന് 12.80 ലക്ഷം, ജലജിന് 12.40 ലക്ഷം; കേരള ക്രിക്കറ്റ് ലീഗ് താരലേലം പുരോഗമിക്കുന്നു
റെക്കോര്‍ഡ് തുകയ്ക്ക് സഞ്ജു സാംസണ്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സില്‍
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണില്‍ ഇന്ത്യന്‍ ട്വന്റി 20 വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജു സാംസണ്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിന് വേണ്ടി കളിക്കും. കെസിഎല്ലിലെ റെക്കോഡ് തുകയായ 26.80 ലക്ഷത്തിനാണ് കൊച്ചി സഞ്ജുവിനെ സ്വന്തമാക്കിയത്. ലീഗില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകളും സഞ്ജുവിന് വേണ്ടി ആവേശത്തോടെ വിളിച്ചെങ്കിലും കൊച്ചിയുടെ വലിയ തുകയ്ക്ക് മുന്നില്‍ ശേഷിക്കുന്ന ടീമുകള്‍ മുട്ടുമടക്കുകയായിരുന്നു.
മൂന്നു ലക്ഷം രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. സഞ്ജുവിനെ സ്വന്തമാക്കാന്‍ തുടക്കം മുതല്‍ കൊച്ചി രംഗത്തുണ്ടായിരുന്നു. തൃശൂര്‍ ടൈറ്റന്‍സും ട്രിവാന്‍ഡ്രം റോയല്‍സും താരത്തിനായി മത്സരിച്ചതോടെ വില അതിവേഗം കൂടി. ഒടുവില്‍ 26.80 ലക്ഷമെന്ന റെക്കോര്‍ഡ് തുകയ്ക്ക് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് സഞ്ജുവിനെ സ്വന്തമാക്കുകയായിരുന്നു. സഞ്ജുവിന്റെ ആദ്യ കെസിഎല്‍ സീസണാണിത്.
മൂന്ന് ലക്ഷത്തില്‍ നിന്നാണ് സഞ്ജുവിനുള്ള ലേലം വിളി തുടങ്ങിയത്. എന്നാല്‍ തിരുവനന്തപുരം റോയല്‍സ് 20 ലക്ഷം വരെയാക്കി ഉയര്‍ത്തി. എങ്കിലും തൃശൂര്‍ ടൈറ്റന്‍സ് വിട്ടുകൊടുത്തില്ല. 25 ലക്ഷം ഓഫര്‍ ചെയ്ത് താല്‍പര്യം പ്രകടിപ്പിച്ചു. എന്നാല്‍ ബ്ലൂ ടൈഗേഴ്സ് 26.80 രൂപയ്ക്ക് സഞ്ജുവിനെ ടീമിലെത്തിച്ചു. ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണിത്. ആദ്യ കെസിഎല്ലില്‍ സഞ്ജു കളിച്ചിരുന്നില്ല. സഞ്ജുവിന്റെ വരവ് ലീഗിന് ഉണര്‍വാകുമെന്നുള്ള കാര്യത്തില്‍ സംശയമില്ല. അതേസമയം, വിഷ്ണു വിനോദിനെ 12.8 ലക്ഷത്തിന് ഏരീസ് കൊല്ലം സെയ്ലേഴ്സ് സ്വന്തമാക്കി.
ജലജ് സക്സേനയെ 12.40 ലക്ഷത്തിന് ആലപ്പി റിപ്പിള്‍സ് സ്വന്തമാക്കി. പേസര്‍ ബേസില്‍ തമ്പി തിരുവനന്തപുരം റോയല്‍സിന് വേണ്ടി കളിക്കും. 8.4 ലക്ഷത്തിലാണ് ബേസില്‍ തിരുവനന്തപുരത്തെത്തിയത്. ഷോണ്‍ റോജര്‍ തൃശൂര്‍ ടൈറ്റന്‍സിന് വേണ്ടി കളിക്കും. 4.40 ലക്ഷത്തിലാണ് ഷോണിനെ ടൈറ്റന്‍സ് സ്വന്തമാക്കിയത്. സിജോമോന്‍ ജോസഫും തൃശൂരിലെത്തി 5.20 ലക്ഷമാണ് താരത്തിനായി മുടക്കിയത്. വിനൂപ് മനോഹരനെ മൂന്ന് ലക്ഷത്തിന് കൊച്ചി സ്വന്തമാക്കി. എം എസ് അഖിലിനെ 8.40 ലക്ഷം മടക്കി കൊല്ലം ടീമിലെത്തിച്ചു. അഭിജിത് പ്രവീണ്‍ 4.20 ലക്ഷത്തിന് തിരുവനന്തപുരം റോയല്‍സിലെത്തി.
ഓള്‍റൗണ്ടര്‍ എം.എസ്. അഖിലിന് ഇത്തവണയും വലിയ വില ലഭിച്ചു. 8.40 ലക്ഷം രൂപയ്ക്ക് ഏരീസ് കൊല്ലം സെയ്‌ലേഴ്‌സില്‍ കളിക്കും.കഴിഞ്ഞ സീസണിലെ വിലയേറിയ താരമാണ് എം.എസ്. അഖില്‍. 7.4 ലക്ഷം രൂപയ്ക്ക് ട്രിവാന്‍ഡ്രം റോയല്‍സിലാണ് കഴിഞ്ഞ സീസണില്‍ അഖില്‍ കളിച്ചത്. സിജോ മോന്‍ ജോസഫിനായി തൃശൂര്‍ ടൈറ്റന്‍സും ഏരീസ് കൊല്ലം സെയ്‌ലേഴ്‌സും തമ്മില്‍ പോരാട്ടം നടന്നു. മൂന്നു ലക്ഷം അടിസ്ഥാന വിലയുള്ള താരത്തെ 5.20 ലക്ഷം രൂപയ്ക്ക് തൃശൂര്‍ ടൈറ്റന്‍സ് സ്വന്തമാക്കി. ഓള്‍റൗണ്ടര്‍ വിനൂപ് മനോഹരന്‍ അടിസ്ഥാന വിലയായ മൂന്നു ലക്ഷം രൂപയ്ക്ക് കൊച്ചി ബ്ലൂ ടൈഗേഴ്‌സില്‍ കളിക്കും. പേസര്‍ ബേസില്‍ എന്‍.പി. 5.40 ലക്ഷം രൂപയ്ക്ക് ആലപ്പി റിപ്പിള്‍സില്‍ കളിക്കും. കഴിഞ്ഞ സീസണില്‍ കൊല്ലം സെയ്‌ലെഴ്‌സ് ടീമിന്റെ താരമായിരുന്നു ബേസില്‍. വരുണ്‍ നായനാര്‍ 3.20 ലക്ഷത്തിന് തൃശൂര്‍ ടൈറ്റന്‍സില്‍. കഴിഞ്ഞ സീസണില്‍ തൃശൂരിന്റെ ക്യാപ്റ്റനായിരുന്നു വരുണ്‍.
എ, ബി, സി കാറ്റഗറികളിലായി 170 താരങ്ങളെയാണ് ലേലത്തിനായി ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഇതില്‍ 15 താരങ്ങളെ വിവിധ ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തിയിട്ടുണ്ട്. ശേഷിക്കുന്ന 155 താരങ്ങള്‍ക്കായാണ് ശനിയാഴ്ചത്തെ ലേലം. ബിസിസിഐ ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ, ഐപിഎല്‍ എന്നിവയില്‍ കളിച്ചിട്ടുളള താരങ്ങളെയാണ് എ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മൂന്ന് ലക്ഷം രൂപയാണ് ഇവരുടെ അടിസ്ഥാന തുക. അണ്ടര്‍ 19, അണ്ടര്‍ 23 വിഭാഗങ്ങളില്‍ കളിച്ച ബി കാറ്റഗറിയിലെ താരങ്ങള്‍ക്ക് ഒരു ലക്ഷവും ജില്ലാ, സോണല്‍, കെസിഎ ടൂര്‍ണമെന്റുകളില്‍ കളിച്ച സി കാറ്റഗറിയിലെ അംഗങ്ങള്‍ക്ക് 75000വുമാണ് അടിസ്ഥാന തുക.