കിരീടം നേടിയ കൊച്ചി ബ്ലൂ ടൈഗേഴ്‌സിലെ സഹതാരങ്ങള്‍ക്ക് സഞ്ജു സാംസണിന്റെ സമ്മാനം; കേരള ക്രിക്കറ്റ് ലീഗില്‍ ലഭിച്ച മുഴുവന്‍ ലേലത്തുകയും സഹതാരങ്ങള്‍ക്കും പരിശീലകര്‍ക്കും വീതിച്ചു നല്‍കും; മാന്‍ ഓഫ് ദി മാച്ച് ട്രോഫി ജെറിന്‍ പിഎസിന് നല്‍കി ഇന്ത്യന്‍ താരം

കിരീടം നേടിയ കൊച്ചി ബ്ലൂ ടൈഗേഴ്‌സിലെ സഹതാരങ്ങള്‍ക്ക് സഞ്ജു സാംസണിന്റെ സമ്മാനം

Update: 2025-09-08 11:12 GMT

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ കിരീടം നേടിയ കൊച്ചി ബ്ലൂ ടൈഗേഴ്‌സിലെ സഹതാരങ്ങള്‍ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണിന്റെ സ്‌നേഹസമ്മാനം. കേരള ക്രിക്കറ്റ് ലീഗില്‍ ലേലത്തിലൂടെ സഞ്ജുവിന് ലഭിച്ച തുക കൊച്ചി ബ്ലൂ ടൈഗേഴ്‌സ് താരങ്ങള്‍ക്കു വീതിച്ചുനല്‍കും. പ്രധാന താരമായ സഞ്ജുവില്ലാതെ കെസിഎല്‍ സെമി ഫൈനലും ഫൈനലും കളിച്ച കൊച്ചി, കലാശപ്പോരില്‍ കൊല്ലം സെയ്‌ലേഴ്‌സിനെയാണ് കീഴടക്കിയത്.

കേരള ക്രിക്കറ്റ് ലീഗില്‍ ലഭിച്ച തുക മുഴുവനും സഹതാരങ്ങള്‍ക്കും പരിശീലകര്‍ക്കുമായാണ് സഞ്ജു വീതിച്ചു നല്‍കുക. ലേലത്തില്‍ ലഭിച്ച 26.8 ലക്ഷം രൂപയാണ് സഞ്ജു നല്‍കുക. കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ കിരീട നേട്ടത്തിന് പിന്നാലെയാണ് സഞ്ജുവിന്റെ പ്രഖ്യാപനം. കെസിഎല്‍ ചരിത്രത്തിലെ റെക്കോര്‍ഡ് തുകയായ 26.8 ലക്ഷത്തിനായിരുന്നു സഞ്ജുവിനെ കൊച്ചി ടീം സ്വന്തമാക്കിയത്.

നേരത്തെ ആലപ്പി റിപ്പിള്‍സിനെതിരേ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ വിജയത്തിലേക്കെത്തിക്കാന്‍ സഞ്ജുവിന്റെ പ്രകടനം സഹായിച്ചു. കളിയിലെ താരമായത് സഞ്ജുവായിരുന്നു. എന്നാല്‍ സീനിയര്‍ താരമായ സഞ്ജു തനിക്ക് ലഭിച്ച മാന്‍ ഓഫ് ദി മാച്ച് ട്രോഫി കൊച്ചി ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ഓള്‍റൗണ്ടര്‍ ജെറിന്‍ പിഎസിന് നല്‍കി.

ഇതിന്റെ ചിത്രം കെസിഎല്‍ മീഡിയ പുറത്തുവിട്ടിട്ടുണ്ട്. മത്സരത്തില്‍ പന്തുകൊണ്ടും ബാറ്റുകൊണ്ടും ജെറിന്‍ തിളങ്ങിയിരുന്നു. യുവതാരത്തിന്റെ ഓള്‍റൗണ്ട് മികവിനുള്ള അംഗീകാരമായാണ് സഞ്ജു തന്റെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം യുവതാരത്തിന് നല്‍കിയത്.

കെസിഎല്ലില്‍ നേരത്തേയും സഞ്ജു തന്റെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം കൈമാറി യുവ പ്രതിഭകളെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ് സഞ്ജു. അതുകൊണ്ടുതന്നെ യുവതാരങ്ങളെ എങ്ങനെ പിന്തുണക്കണമെന്നും എങ്ങനെ പ്രോത്സാഹിപ്പിക്കണമെന്നും സഞ്ജുവിന് നന്നായി അറിയാം.

രാജസ്ഥാനൊപ്പം അവസാന സീസണില്‍ അത്ഭുത പ്രകടനം കാഴ്ചവെച്ച 14കാരനായ വൈഭവ് സൂര്യവംശി സഞ്ജു നല്‍കിയ പിന്തുണ മികച്ച പ്രകടനം നടത്താന്‍ സഹായിച്ചിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞിട്ടുണ്ട്. യുവതാരങ്ങള്‍ക്കായി തന്റെ ബാറ്റിങ് പൊസിഷനടക്കം സഞ്ജു വിട്ടുകൊടുത്തിട്ടുണ്ട്.

കെസിഎല്ലില്‍ അവസാനം കളിച്ച നാല് മത്സരത്തിലും സഞ്ജു ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടി തിളങ്ങിയിരുന്നു. കെസിഎല്ലിന്റെ രണ്ടാം സീസണില്‍ അഞ്ച് മത്സരത്തില്‍ നിന്ന് 368 റണ്‍സാണ് സഞ്ജു നേടിയിരിക്കുന്നത്. 186.80 സ്‌ട്രൈക്ക് റേറ്റിലാണ് സഞ്ജുവിന്റെ കടന്നാക്രമണം. 51 പന്തില്‍ 121, 46 പന്തില്‍ 89, 37 പന്തില്‍ 62, 41 പന്തില്‍ 83 എന്നിങ്ങനെയാണ് സഞ്ജുവിന്റെ കഴിഞ്ഞ മത്സരങ്ങളിലെ പ്രകടനം.

ഫൈനലില്‍ കൊല്ലം സെയിലേഴ്‌സിനെതിരെ 75 റണ്‍സ് വിജയമാണ് കൊച്ചി സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്ലം 16.3 ഓവറില്‍ 106 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.

ഏഷ്യാകപ്പ് തയാറെടുപ്പുകള്‍ക്കു വേണ്ടി ദുബായിലേക്കു പോകേണ്ടതിനാല്‍ പ്ലേ ഓഫിനു മുന്‍പ് സഞ്ജു കൊച്ചി ടീം ക്യാംപ് വിട്ടു. സഞ്ജുവിന്റെ അഭാവത്തില്‍ മുഹമ്മദ് ഷാനുവായിരുന്നു കൊച്ചിയുടെ വൈസ് ക്യാപ്റ്റന്‍. സഞ്ജുവിന്റെ സഹോദരന്‍ സലി സാംസണാണ് 2025 സീസണില്‍ കൊച്ചിയെ നയിച്ചത്.

Tags:    

Similar News