ഒമ്പതാം ഓവറിലെ ആ നാലാമത്തെ പന്ത് തന്റെ നേർക്ക് പാഞ്ഞെടുക്കുന്നത് കണ്ട സഞ്ജു; ഒന്ന് ഗ്രീസിൽ നിന്നിറങ്ങി കൈകരുത്തിൽ ഒരൊറ്റ ഷോട്ട്; ഗ്രൗണ്ടിൽ അടി കൊണ്ട് വീണ് സാക്ഷാൽ അംപയര്‍

Update: 2025-12-19 15:23 GMT

അഹമ്മദാബാദ്: അഹമ്മദാബാദിൽ നടന്ന ഇന്ത്യ - ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ സഞ്ജു സാംസണിന്റെ ശക്തമായ ഷോട്ട് കൊണ്ട് അംപയർ രോഹൻ പണ്ഡിറ്റിന് പരിക്കേറ്റു. മത്സരത്തിന്റെ ഒമ്പതാം ഓവറിലായിരുന്നു സംഭവം. ദക്ഷിണാഫ്രിക്കൻ താരം ഡോണോവൻ ഫെരേരയുടെ പന്തിൽ സഞ്ജു ഉതിർത്ത കരുത്തുറ്റ ഷോട്ട് അംപയറുടെ വലത് മുട്ടുകാലിൽ നേരിട്ട് പതിക്കുകയായിരുന്നു.

പന്ത് തട്ടിയ ആഘാതത്തിൽ വേദന കൊണ്ട് പുളഞ്ഞ അംപയർക്ക് നിൽക്കാൻ കഴിയാതെ ഗ്രൗണ്ടിൽ വീണു. ഉടൻ തന്നെ ഇന്ത്യൻ, ദക്ഷിണാഫ്രിക്കൻ ടീമുകളുടെ ഫിസിയോകൾ ഗ്രൗണ്ടിലേക്ക് ഓടിയെത്തി അദ്ദേഹത്തിന് ആവശ്യമായ വൈദ്യസഹായം നൽകി. സഞ്ജുവും അംപയറുടെ അടുത്തേക്ക് എത്തി ക്ഷമ ചോദിക്കുകയും ആരോഗ്യവിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു.

ഈ മത്സരത്തിൽ സഞ്ജു സാംസൺ മറ്റൊരു നാഴികക്കല്ലും പിന്നിട്ടു. അന്താരാഷ്ട്ര ടി20യിൽ 1000 റൺസ് തികയ്ക്കുന്ന നേട്ടം അദ്ദേഹം സ്വന്തമാക്കി. കൂടാതെ ടി20 ക്രിക്കറ്റിൽ (ആഭ്യന്തര മത്സരങ്ങൾ ഉൾപ്പെടെ) 8000 റൺസ് തികയ്ക്കുന്ന ആറാമത്തെ ഇന്ത്യൻ താരമെന്ന ബഹുമതിയും സഞ്ജുവിന് ലഭിച്ചു. വിരാട് കോലി, രോഹിത് ശർമ തുടങ്ങിയ പ്രമുഖരുടെ പട്ടികയിലേക്കാണ് സഞ്ജുവും എത്തിയത്. മത്സരത്തിൽ 22 പന്തിൽ 37 റൺസെടുത്താണ് സഞ്ജു പുറത്തായത്. ഇതിൽ രണ്ട് സിക്സറുകളും നാല് ഫോറുകളും ഉൾപ്പെടുന്നു. പരിക്കേറ്റ ശുഭ്മാൻ ഗില്ലിന് പകരം ഓപ്പണറായാണ് സഞ്ജു ഈ മത്സരത്തിൽ ഇറങ്ങിയത്.

Tags:    

Similar News