സഞ്ജുവിനെ ടീമിലെത്തിച്ചത് കെസിഎല്ലിലെ റെക്കോഡ് തുകയ്ക്ക്; പിന്നാലെ സാലി സാംസണെ അടിസ്ഥാനവിലക്ക് സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്; കേരള ക്രിക്കറ്റ് ലീഗില്‍ സഹോദരങ്ങള്‍ ഒരുമിച്ച് കളിക്കും

കേരള ക്രിക്കറ്റ് ലീഗില്‍ സഹോദരങ്ങള്‍ ഒരുമിച്ച് കളിക്കും

Update: 2025-07-05 11:27 GMT

തിരുവനന്തപുരം: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണും സഹോദരന്‍ സാലി സാംസണും കേരള ക്രിക്കറ്റ് ലീഗ് സീസണില്‍ ഒരുമിച്ച് കളിക്കാനിറങ്ങും. സാലി സാംസണിനെ കൊച്ചി ബ്ലൂ ടൈഗേഴ്സാണ് സ്വന്തമാക്കിയത്. സഞ്ജുവിന് വേണ്ടി റെക്കോഡ് തുക മുടക്കിയപ്പോള്‍ അടിസ്ഥാനവിലയായ 75,000 രൂപയ്ക്കാണ് സാലിയെ കൊച്ചി വാങ്ങിയത്. ലേലത്തില്‍ താരത്തിന് വേണ്ടി മറ്റു ടീമുകളൊന്നും മുന്നോട്ടുവന്നില്ല. പിന്നാലെ കൊച്ചി താരത്തെ സ്വന്തമാക്കുകയായിരുന്നു. കഴിഞ്ഞ സീസണിലും കൊച്ചിയുടെ താരമായിരുന്നു സാലി സാംസണ്‍.

ഓള്‍ റൗണ്ടറായ സാലി പ്ലേയര്‍ ഡ്രാഫ്റ്റില്‍ സി കാറ്റഗറിയിലാണ് ഉള്‍പ്പെട്ടിരുന്നത്. സാലിയുടെ പേരു വിളിച്ചപ്പോള്‍, അവതാരകനായ ചാരു ശര്‍മയോട് സഞ്ജു സാംസണിന്റെ സഹോദരനാണെന്നു വേദിയില്‍നിന്ന് വിളിച്ചുപറയുന്നുണ്ടായിരുന്നു. തൊട്ടുപിന്നാലെ മുന്‍ താരത്തില്‍ താല്‍പര്യം അറിയിച്ച് കൊച്ചി തന്നെ വീണ്ടും രംഗത്തെത്തി. താരത്തിനു വേണ്ടി മറ്റു ടീമുകളൊന്നും മുന്നോട്ടുവരാതിരുന്നതോടെ അടിസ്ഥാന വിലയ്ക്കു സാലി സാംസണ്‍ വിറ്റുപോയി.

ഓള്‍റൗണ്ടറായ താരം അണ്ടര്‍ 16 വിഭാഗത്തില്‍ സൗത്ത് സോണിനു വേണ്ടി കളിച്ചിട്ടുണ്ട്. കേരളത്തിന്റെ അണ്ടര്‍ 23, 25 ടീമുകളിലും അംഗമായിരുന്നു. 34 വയസ്സുകാരനായ സാലി ലിസ്റ്റ് എയില്‍ ആറു മത്സരങ്ങളില്‍ കളിക്കാനിറങ്ങി.

റെക്കോഡ് തുകയ്ക്കാണ് സഞ്ജു സാംസണെ കൊച്ചി ബ്ലൂ ടൈഗേഴ്സ് സ്വന്തമാക്കിയത്. 26.80 ലക്ഷം രൂപയ്ക്കാണ് കൊച്ചി സഞ്ജുവിനെ സ്വന്തമാക്കിയത്. മൂന്നു ലക്ഷം രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. ഇതോടെ കെസിഎല്ലിലെ ഏറ്റവും വിലയേറിയ താരമായി സഞ്ജു മാറിയിരുന്നു.

തൃശൂര്‍ ടൈറ്റന്‍സും ട്രിവാന്‍ഡ്രം റോയല്‍സും ഉയര്‍ത്തിയ കടുത്ത പോരാട്ടം അതിജീവിച്ചാണ് കൊച്ചി ടീം സഞ്ജുവിനെ തങ്ങളുടെ പാളയത്തിലെത്തിച്ചത്. സഞ്ജുവിനെ വാങ്ങാന്‍ തുടക്കം മുതല്‍ കൊച്ചി ശ്രമം തുടങ്ങിയിരുന്നു. തൃശൂര്‍ ടൈറ്റന്‍സും ട്രിവാന്‍ഡ്രം റോയല്‍സും താരത്തിനായി മത്സരിച്ചതോടെ വില അതിവേഗം കൂടി. ഒടുവില്‍ 26.80 ലക്ഷമെന്ന റെക്കോര്‍ഡ് തുകയ്ക്ക് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് സഞ്ജുവിനെ സ്വന്തമാക്കുകയായിരുന്നു.

കഴിഞ്ഞ സീസണില്‍ 7.40 ലക്ഷത്തിന് ട്രിവാന്‍ഡ്രം റോയല്‍സ് വിളിച്ചെടുത്ത എം.എസ്. അഖിലിന്റെ പേരിലായിരുന്നു കെസിഎല്ലിലെ ഏറ്റവും ഉയര്‍ന്ന ലേലത്തുക. അഖിലിന് ഇത്തവണയും വലിയ വില ലഭിച്ചു. 8.40 ലക്ഷം രൂപയ്ക്ക് ഏരീസ് കൊല്ലം സെയ്ലേഴ്സാണ് താരത്തെ ടീമിലെത്തിച്ചത്.

Tags:    

Similar News