ക്യാപ്റ്റന്‍മാരുടെ വാര്‍ത്താസമ്മേളനത്തില്‍ സൂര്യകുമാര്‍ യാദവ് സല്‍മാന്‍ ആഗയ്ക്ക് കൈ കൊടുത്തിരുന്നു; എന്നാല്‍ മത്സരശേഷം ജനക്കൂട്ടത്തിനുമുന്നില്‍ അവര്‍ അതിന് തയ്യാറായില്ല: ഹസ്തദാന വിവാദത്തില്‍ പ്രതികരണവുമായി മുന്‍ പാക് താരം ഷാഹിദ് അഫ്രീദി
ദുബായ്: ഏഷ്യാ കപ്പ് മത്സരത്തിന് ശേഷമുള്ള ഹസ്തദാന വിവാദത്തില്‍ മുന്‍ പാകിസ്താന്‍ താരം ഷാഹിദ് അഫ്രീദി കടുത്ത പ്രതികരണവുമായി രംഗത്തെത്തി. ഇന്ത്യന്‍ താരങ്ങള്‍ മത്സരശേഷം പാക് താരങ്ങള്‍ക്ക് കൈകൊടുക്കാന്‍ തയ്യാറായില്ലെന്നത് സ്‌പോര്‍ട്സ്മാന്‍ സ്പിരിറ്റിന്റെ പൂര്‍ണ്ണ അഭാവം വ്യക്തമാക്കുന്നതാണെന്ന് അഫ്രീദി ആരോപിച്ചു.
''ക്യാപ്റ്റന്‍മാരുടെ വാര്‍ത്താസമ്മേളനത്തില്‍ സൂര്യകുമാര്‍ യാദവ് സല്‍മാന്‍ ആഗയ്ക്കും മറ്റുള്ളവര്‍ക്കുമായി കൈകൊടുത്തിരുന്നു. എന്നാല്‍ മത്സരശേഷം ജനക്കൂട്ടത്തിനുമുന്നില്‍ അവര്‍ അതിന് തയ്യാറായില്ല. സോഷ്യല്‍ മീഡിയയിലെ സമ്മര്‍ദ്ദം കൈകാര്യം ചെയ്യാന്‍ ബിസിസിഐയ്ക്കും ഇന്ത്യന്‍ സര്‍ക്കാരിനും കഴിഞ്ഞില്ല,'' പാകിസ്താനിലെ സമാ ടിവിയോട് അഫ്രീദി പറഞ്ഞു.
അവരുടെ നിലപാട് ലോകത്തിനു മുന്നില്‍ ഇന്ത്യയെ നാണംകെടുത്തുമെന്നും, പിസിബിയുടെ സമീപനം ശരിയായിരുന്നുവെന്നും അഫ്രീദി അഭിപ്രായപ്പെട്ടു. എന്നാല്‍ ഇന്ത്യന്‍ താരങ്ങളെ വ്യക്തിപരമായി കുറ്റപ്പെടുത്തുന്നില്ലെന്നും, ''മുകളില്‍ നിന്ന് വന്ന നിര്‍ദേശങ്ങളാണ് അവര്‍ അനുസരിച്ചത്'' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മത്സരശേഷം ഹസ്തദാനത്തിനായി കാത്തുനിന്ന പാക് താരങ്ങള്‍ക്ക് നിരാശയാണ് ലഭിച്ചത്. സൂര്യകുമാര്‍ യാദവും ശിവം ദുബെയും നേരിട്ട് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുകയും വാതില്‍ അടയ്ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. അതോടെ പാക് താരങ്ങള്‍ വഴിമാറുകയായിരുന്നു.
ടോസ് സമയത്തും സൂര്യകുമാര്‍ പാക് നായകന്‍ കൈകൊടുത്തിരുന്നില്ല. ഏഷ്യാ കപ്പ് തുടങ്ങുന്നതിനുമുമ്പ് ടീം ക്യാപ്റ്റന്‍മാര്‍ മാധ്യമങ്ങളെ കണ്ടപ്പോഴും വേദിയില്‍വച്ച് സൂര്യയും ആഗയും പരസ്പരം കൈകൊടുക്കാതിരുന്നത് ശ്രദ്ധേയമായിരുന്നു.