'പകരം ആ താരമായിരുന്നെങ്കിൽ പാക്കിസ്ഥാനെതിരായ മത്സരം അവസാന ഓവർ വരെ പോകില്ലായിരുന്നു'; സഞ്ജു ഇന്ത്യൻ ബാറ്റിംഗ് നിരയിലെ ദുര്‍ബലകണ്ണിയെന്ന് ഷൊയൈബ് അക്തര്‍

Update: 2025-09-24 14:16 GMT

ദുബായ്: ഏഷ്യാ കപ്പിലെ ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണിന്റെ ബാറ്റിങ് പൊസിഷനെ ചൊല്ലിയുള്ള ചർച്ചകൾ സാജീവമായി തുടരുകയാണ്. മധ്യനിരയിലാണ് താരമിപ്പോൾ കളിക്കുന്നത്. ഇപ്പോഴിതാ സഞ്ജു ഇന്ത്യൻ ടീമിലെ ദുർബല കണ്ണിയാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ പേസർ ഷൊയൈബ് അക്തർ. സഞ്ജുവിന് പകരം കെ.എൽ. രാഹുലിന് ടീമിൽ സ്ഥാനം നൽകേണ്ടിയിരുന്നു എന്നും അക്തർ അഭിപ്രായപ്പെട്ടു.

പാകിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യ വിജയിച്ചത് അവസാന ഓവറുകളിലാണ്. സഞ്ജുവിന് പകരം രാഹുൽ കളിച്ചിരുന്നെങ്കിൽ മത്സരം നേരത്തെ തന്നെ അവസാനിക്കുമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യ രണ്ട് മത്സരങ്ങളിൽ ബാറ്റിംഗിന് അവസരം ലഭിക്കാത്ത സഞ്ജു, ഒമാനെതിരായ മൂന്നാം മത്സരത്തിൽ മൂന്നാം നമ്പറിലിറങ്ങി അർധസെഞ്ചുറി നേടിയിരുന്നു. എന്നാൽ പാകിസ്ഥാനെതിരായ സൂപ്പർ ഫോർ പോരാട്ടത്തിൽ മധ്യനിരയിലേക്ക് മാറ്റിയിരുത്തി.

17 പന്തുകളിൽ നിന്ന് 13 റൺസ് മാത്രം നേടി പുറത്തായ സഞ്ജുവിനെതിരെ വിമർശനങ്ങൾ ഉയർന്നു. തുടർന്ന് ഹാർദിക് പാണ്ഡ്യയും തിലക് വർമ്മയും ചേർന്നാണ് ഇന്ത്യയുടെ വിജയം പൂർത്തിയാക്കിയത്. ഇന്ന് ബംഗ്ലാദേശിനെ നേരിടാനിറങ്ങുന്ന ഇന്ത്യൻ ടീമിലും സഞ്ജു മധ്യനിരയിൽ തന്നെയാകും ബാറ്റിംഗിന് എത്തുകയെന്ന് ഇന്ത്യൻ സഹപരിശീലകൻ റിയാൻ ടെൻ ഡോഷെറ്റ് വ്യക്തമാക്കിയതിന് പിന്നാലെയാണ് അക്തറിന്‍റെ ഈ പ്രസ്താവന. 

Tags:    

Similar News