'മകനും താനുമായി വലിയ അടുപ്പം; രണ്ടു മാസത്തിലൊരിക്കല്‍ ദുബൈയിലെത്തി അവനെ കാണാറുണ്ട്; എല്ലാ ദിവസവും വീഡിയോ കോള്‍ ചെയ്യും; അവന്‍ എന്നെ ബ്രോ എന്നും വിളിക്കും; ഞാനും'; മകനോടുള്ള അടുപ്പത്തെ കുറിച്ച് പറഞ്ഞ് പാക് ക്രിക്കറ്റര്‍ ശുഐബ് മാലിക്ക്

Update: 2025-03-11 11:12 GMT

വളരെ വിവാദങ്ങള്‍ സൃഷ്ടിച്ച കല്യാണങ്ങളില്‍ ഒന്നായിരുന്നു ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാകിസ്ഥാനി ക്രിക്കറ്റര്‍ ശുഐബ് മാലിക്കും തമ്മിലുള്ള വിവാഹം. നീണ്ട 14 വര്‍ഷത്തെ വിവാഹ ജീവത്തിന് ശേഷം കഴിഞ്ഞ വര്‍ഷമാണ് ഇരുവരും തമ്മില്‍ വേര്‍പിരിയുന്നത്. ഇത് ആരാധകര്‍ക്ക് വലിയ ഷോക്കായിരുന്ന വാര്‍ത്തയായിരുന്നു. വിവാഹമോചനത്തിന് ശേഷം സാനിയക്കൊപ്പമാണ് ഇവരുടെ മകന്‍ ഇസ്ഹാന്‍ മിര്‍സ മാലിക് താമസിക്കുന്നത്.

ശുഐബ് മാലിക്ക് പിതൃദൗത്യത്തില്‍ പരാജയമാണോ എന്ന ചോദ്യം ശക്തമായി ഉയര്‍ന്നുവരുന്നു. കുഞ്ഞുപ്രായത്തില്‍ തന്നെയായ മകന് ശുഐബ് വേണ്ടത്ര സ്നേഹവും വാത്സല്യവും നല്‍കുന്നില്ലെന്നും അകലം പാലിക്കുന്നുവെന്നുമുള്ള ആരോപണങ്ങള്‍ പലരും മുന്നോട്ടുവച്ചിട്ടുണ്ട്. ദാമ്പത്യജീവിതത്തില്‍ വന്ന വിള്ളലുകള്‍ മകനെ ബാധിക്കാതിരിക്കാന്‍ സാനിയ കൂടുതല്‍ ശ്രദ്ധയുന്നുവെന്ന ആക്ഷേപങ്ങളും നിലനില്‍ക്കുന്നു.

എന്നാല്‍, ഈ വിമര്‍ശനങ്ങളില്‍ കഴമ്പില്ലെന്നും മകനും താനുമായി അത്രയേറെ അടുത്ത ബന്ധമാണെന്നും പറയുന്നു ശുഐബ് മാലിക്. രണ്ടു മാസത്തിലൊരിക്കല്‍ ദുബൈയിലെത്തി അവനെ കാണാറുണ്ടെന്നും ദിവസവും വിഡിയോ കാള്‍ ചെയ്യാറുണ്ടെന്നും പാക് ക്രിക്കറ്റര്‍ വ്യക്തമാക്കുന്നു. പാക് ചാനലിലെ ഒരു ഷോയില്‍ പങ്കെടുത്താണ് മകനുമായുള്ള ബന്ധത്തെക്കുറിച്ച് ശുഐബ് വിശദീകരിച്ചത്. പിതാവും മകനുമെന്നതിനേക്കാള്‍ തങ്ങള്‍ അടുത്ത സുഹൃത്തുക്കളെപ്പോലെയാണെന്നും അദ്ദേഹം പറയുന്നു.

'അവനുമായുള്ള ബന്ധം അടുത്ത സുഹൃത്തിനോടെന്ന പോലെയാണ്. അവന്‍ എന്നെ ബ്രോ എന്ന് വിളിക്കും. ഇടക്ക് ഞാന്‍ അവനെയും അങ്ങനെ വിളിക്കും. ദുബൈയില്‍ രണ്ടു മാസത്തില്‍ ഒരിക്കല്‍ അവനെ സന്ദര്‍ശിക്കുന്നതില്‍ ഞാന്‍ വീഴ്ച വരുത്താറില്ല. അവിടെ ചെന്നാല്‍ അവനെ സ്‌കൂളില്‍ വിടാനും വൈകീട്ട് വീട്ടില്‍ തിരിച്ചെത്തിക്കാനും ഞാന്‍ തന്നെ പോകും.

അവനോടൊപ്പം കളിക്കാനും ഞാന്‍ സമയം കണ്ടെത്താറുണ്ട്. ഫുട്ബാളാണ് അവന് ഏറെ ഇഷ്ടം. ഞാനും അവനും തമ്മില്‍ നല്ല അടുപ്പമാണുള്ളത്. എല്ലാ ദിവസവും ഞാന്‍ വിഡിയോ കാള്‍ ചെയ്യും. ഞങ്ങള്‍ കുറേ കാര്യങ്ങള്‍ സംസാരിക്കും' -ശുഐബ് മാലിക് പറഞ്ഞു. സാനിയ മിര്‍സയുമായി വിവാഹ മോചിതനായ ശേഷം പാക് നടി സന ജാവേദിനെയാണ് ശുഐബ് വിവാഹം ചെയ്തത്. സാനിയ മകനോടൊപ്പം ദുബൈയിലാണിപ്പോള്‍ താമസം.

Similar News