യുഎഇക്കെതിരെ സഞ്ജു സാംസണ്‍ ഓപ്പണറാകുമോ? ചോദ്യത്തിന് തമാശകലര്‍ന്ന മറുപടി നല്‍കി സൂര്യകുമാര്‍ യാദവ്; യുഎഇയെ എഴുതിത്തള്ളാനാവില്ലെന്നും ഇന്ത്യന്‍ നായകന്‍

യുഎഇക്കെതിരെ സഞ്ജു സാംസണ്‍ ഓപ്പണറാകുമോ?

Update: 2025-09-09 12:14 GMT

ദുബായ്: ഏഷ്യാകപ്പില്‍ ബുധനാഴ്ച ആദ്യ മത്സരത്തിന് ഇറങ്ങാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ആതിഥേയരായ യുഎഇയ്ക്കെതിരേയാണ് ഇന്ത്യ നാളെ പോരാട്ടത്തിന് ഇറങ്ങുന്നത്. ഇന്ത്യയുടെ പ്ലെയിങ് ഇലവനെ കുറിച്ചുള്ള ചര്‍ച്ചകളിലാണ് ആരാധകര്‍. ആരാകും ഓപ്പണര്‍മാരാകുക. ആരാണ് വിക്കറ്റ് കീപ്പിംഗ് ഗ്ലൗസ് അണിയുക എന്ന കാര്യത്തിലാണ് പ്രധാന ചര്‍ച്ച. മലയാളി താരം സഞ്ജു സാംസണിന്റെ ടീമിലെ സാന്നിധ്യം സംബന്ധിച്ചാണ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍. ഏഷ്യാ കപ്പ് ഉദ്ഘാടനത്തോടനുബന്ധിച്ച് ചൊവ്വാഴ്ച ദുബായില്‍ എട്ട് ടീം ക്യാപ്റ്റന്‍മാരുടെയും ഒരു വാര്‍ത്താസമ്മേളനം നടത്തുകയുണ്ടായി.

ടീമുകളുടെ തയ്യാറെടുപ്പുകളെക്കുറിച്ചും മറ്റുമാണ് ക്യാപ്റ്റന്മാര്‍ പങ്കുവെച്ചത്. സഞ്ജു സാംസണെ കുറിച്ചുള്ള ഒരു ചോദ്യം ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് നേരിടേണ്ടി വന്നു. ശുഭ്മാന്‍ ഗില്ലിനെ ടീമില്‍ ഉള്‍പ്പെടുത്തി വൈസ് ക്യാപ്റ്റനായി നിയമിച്ചതിന് പിന്നാലെ, സഞ്ജുവിന്റെ പ്ലേയിംഗ് ഇലവനിലെ സ്ഥാനം സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. സമര്‍ത്ഥമായ ചോദ്യത്തിന് അതിലും സമര്‍ത്ഥമായിട്ടാണ് സൂര്യകുമാര്‍ മറുപടി നല്‍കിയത്. ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ സഞ്ജു സാംസണ്‍ സ്ഥാനം അര്‍ഹിക്കുന്നുണ്ടോ എന്നായിരുന്നു ചോദ്യം.'സര്‍, ഞാന്‍ നിങ്ങള്‍ക്ക് പ്ലേയിംഗ് ഇലവന്‍ മെസ്സേജ് ചെയ്യാം' എന്നു മറുപടി നല്‍കിയ സൂര്യകുമാര്‍ യാദവ് 'ഞങ്ങള്‍ അദ്ദേഹത്തെ ശരിക്കും നന്നായി പരിപാലിക്കുന്നുണ്ട്. വിഷമിക്കേണ്ട. നാളെ ഞങ്ങള്‍ ശരിയായ തീരുമാനമെടുക്കും' എന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

ആദ്യ മത്സരത്തിലെ എതിരാളികളായ യുഎഇയെ എഴുതിത്തള്ളാനാവില്ലെന്നും സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി. 'അവര്‍ വളരെ ആവേശകരമായ ശൈലിയിലുള്ള ക്രിക്കറ്റാണ് കളിക്കുന്നത്. അടുത്തിടെ കളിച്ച പരമ്പരയില്‍ അവര്‍ എല്ലാ ടീമുകള്‍ക്കും കടുത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നു. ഇതൊരു ചവിട്ടുപടി മാത്രമാണ്. ഏഷ്യാ കപ്പില്‍ അവര്‍ വിജയതീരം കാണുമെന്ന് എനിക്കുറപ്പുണ്ട്, ഞാനത് പ്രതീക്ഷിക്കുന്നു, അവര്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു. ആവേശത്തോടെയാണ് ഞങ്ങള്‍ അവരുമായി കളിക്കാന്‍പോകുന്നത്' സൂര്യകുമാര്‍ കൂട്ടിച്ചേര്‍ത്തു

പാകിസ്ഥാനെതിരായ മത്സരത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ എല്ലാ മത്സരത്തിലും ആക്രമണോത്സുകതയോടെ കളിക്കാനാണ് ടീം ശ്രമിക്കുന്നതെന്നും ആക്രമണോത്സുകതയില്ലാതെ ഒരു ടീമിനും ഗ്രൗണ്ടിലിറങ്ങാനാവില്ലെന്നുമായിരുന്നു സൂര്യകുമാറിന്റെ മറുപടി. ഏഷ്യാ കപ്പില്‍ ഇന്ത്യയാണോ ഫേവറൈറ്റുകള്‍ എന്ന ചോദ്യത്തിന് ആര് പറഞ്ഞു, ഞാനത് കേട്ടില്ലെന്ന് സൂര്യകുമാര്‍ മറുപടി നല്‍കി. ഏഷ്യാ കപ്പിന് മികച്ച തയാറെടുപ്പോടെയാണ് ഇന്ത്യന്‍ ടീം എത്തിയിരിക്കുന്നതെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു.

ജനുവരി-ഫെബ്രുവരിയിലാണ് ടീം അവസാനം ടി20 പരമ്പര കളിച്ചത്. അതിനുശേഷം ടീം അംഗങ്ങളെല്ലാം ഐപിഎല്ലില്‍ കളിച്ചു. കഴിഞ്ഞ ജൂണിന് ശേഷം ആദ്യമായാണ് ടീം അംഗങ്ങള്‍ ഒരുമിച്ച് കളിക്കാനിറങ്ങുന്നതെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു. ടി20 ക്രിക്കറ്റില്‍ ഫേവറൈറ്റുകളില്ലെന്നായിരുന്നു പാക് നായകന്‍ സല്‍മാന്‍ ആഗയുടെ പ്രതികരണം. ഒന്നോ രണ്ടോ ഓവറുകള്‍ക്കിടയില്‍ കളിയുടെ ഗതി തന്നെ മാറിമറിയാമെന്നും തങ്ങളുടേതായ ദിവസം ഏത് ടീമിനും ഏത് ടീമെനയും തോല്‍പ്പിക്കാന്‍ കഴിയുമെന്നും പാക് ക്യാപ്റ്റന്‍ വ്യക്തമാക്കി. ഇന്ന് അഫ്ഗാനിസ്ഥാന്‍-ഹോങ്കോംഗ് പോരാട്ടത്തോടെ തുടങ്ങുന്ന ഏഷ്യാ കപ്പില്‍ നാളെ യുഎഇക്കെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. 14നാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം.

Tags:    

Similar News