പവർ കോച്ചായി റസ്സൽ; ഐപിഎല്ലിൽ നിന്നും പിന്മാറി മാക്‌സ്‌വെല്ലും; പകരം ലക്ഷ്യമിടുന്നത് ആ ഓസ്‌ട്രേലിയൻ ഓൾ റൗണ്ടറെ; മിനിലേലത്തിൽ കാമറൂൺ ഗ്രീനിന് വമ്പൻ തുക മുടക്കാൻ ടീമുകൾ
അബുദാബി: ഇന്ത്യൻ പ്രീമിയർ ലീഗിനായുള്ള മിനി താരലേലത്തിന് ഇനി രണ്ടാഴ്ച മാത്രം. ഡിസംബർ 16ന് അബുദാബിയിൽ നടക്കുന്ന ലേലത്തിൽ ഓസ്ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ പ്രധാന ആകർഷണമാകും. സ്റ്റാർ ഓൾറൗണ്ടറായ ആന്ദ്രെ റസലിന് പകരക്കാരനെ തേടുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് അടക്കമുള്ള ടീമുകൾ ഗ്രീനിനെ ലക്ഷ്യമിടുമ്പോൾ, ഏറ്റവുമധികം പണം കൈവശമുള്ള ടീമുകളായ കൊൽക്കത്തയും (64 കോടി രൂപ) ചെന്നൈ സൂപ്പർ കിങ്സും (43 കോടി രൂപ) തമ്മിൽ പ്രധാന താരങ്ങൾക്കായി ശക്തമായ മത്സരത്തിന് കളമൊരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പത്ത് ഫ്രാഞ്ചൈസികളിലായി ആകെ 77 സ്ലോട്ടുകളാണ് ഇത്തവണ നികത്താനുള്ളത്. ഇതിൽ 31 എണ്ണം വിദേശ താരങ്ങൾക്കായി നീക്കിവെച്ചിരിക്കുന്നു. 1355 താരങ്ങളാണ് ലേലത്തിൽ ഭാഗ്യം പരീക്ഷിക്കാനെത്തുന്നത്. 13 സ്ലോട്ടുകൾ നികത്താൻ ബാക്കിയുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പ്രധാന വെല്ലുവിളി റസലിന്റെ വിടവ് നികത്തുന്നതിന് അനുയോജ്യനായ ഒരു പകരക്കാരനെ കണ്ടെത്തുക എന്നതാണ്. ഇതിനായി അവർ കാമറൂൺ ഗ്രീനിനെയാണ് പ്രധാനമായും ഉന്നമിടുന്നത്.
വലംകൈയ്യൻ ബാറ്ററും പേസറുമായ ഗ്രീൻ ലേലത്തിലെ ഏറ്റവും മൂല്യമുള്ള താരമായി മാറുമെന്നാണ് വിലയിരുത്തൽ. രണ്ട് ഐപിഎൽ സീസണുകളിൽ മുംബൈ ഇന്ത്യൻസിനും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനുമായി കളിച്ചിട്ടുള്ള ഗ്രീൻ 28 ഇന്നിങ്സുകളിൽ നിന്ന് 41 ശരാശരിയിൽ 707 റൺസ് നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റ് 150-ന് മുകളിലാണ്. കൂടാതെ 16 വിക്കറ്റുകളും സ്വന്തം പേരിലുണ്ട്. ഓസ്ട്രേലിയക്കായി അന്താരാഷ്ട്ര ട്വന്റി 20യിൽ ഓപ്പണിങ് മുതൽ ഏഴാം നമ്പർ വരെ വിവിധ പൊസിഷനുകളിൽ ബാറ്റ് ചെയ്ത ഗ്രീൻ, റസലിന് സമാനമായി ബിഗ് ഹിറ്റിങ് കഴിവുകളുള്ള താരമാണ്. പരുക്കിന് ശേഷമുള്ള വരവിൽ ഫോമിൽ സ്ഥിരത കാണിച്ചില്ലെങ്കിലും, സമീപകാലത്ത് മികച്ച തിരിച്ചുവരവിന്റെ സൂചനകൾ നൽകിയിട്ടുണ്ട്.
ശ്രീലങ്കൻ യുവതാരം മതീഷ പതിരാനയും ലേലത്തിൽ ടീമുകൾ ലക്ഷ്യമിടുന്ന മറ്റൊരു താരമാണ്. ചെന്നൈ സൂപ്പർ കിങ്സ് 13 കോടി രൂപയ്ക്ക് നിലനിർത്തിയിരുന്ന താരമായിരുന്നെങ്കിലും, നിരന്തരമായ പരുക്കുകളും ഫോം നഷ്ടപ്പെട്ടതും അദ്ദേഹത്തിന് തിരിച്ചടിയായി. 2023 സീസണിൽ ചെന്നൈക്കായി മികച്ച പ്രകടനം കാഴ്ചവെച്ച പതിരാനയുടെ സമീപകാല പ്രകടനത്തിൽ എക്കണോമി റേറ്റ് പത്ത് കടന്നിരുന്നു.
