ഐപിഎല്ലിന് വേദിയാകാന്‍ തിരുവനന്തപുരം; സാധ്യത പട്ടികയിൽ ഗ്രീൻഫീൽഡ് സ്റ്റേഡിയവും; പ്രതീക്ഷയോടെ മലയാളി ക്രിക്കറ്റ് ആരാധകർ
തിരുവനന്തപുരം: വരാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സീസണിലെ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ സാധ്യതയുള്ള വേദികളുടെ പട്ടികയിൽ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയവും. പട്ടികയിൽ പുറത്ത് വന്നതോട് കേരളത്തിലെ ക്രിക്കറ്റ് ആരാധകരും വലിയ പ്രതീക്ഷയിലാണ്. ആകെ 18 വേദികളിലായിട്ടാണ് ഐപിഎൽ മത്സരങ്ങൾ സംഘടിപ്പിക്കാൻ ആലോചിക്കുന്നത്.
തിരുവനന്തപുരത്ത് ഏത് ടീമിന്റെ മത്സരമാണ് നടക്കുകയെന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ക്രിക്കറ്റ് ആരാധകർക്ക് ഐപിഎൽ മത്സരങ്ങൾ നേരിട്ട് കാണാൻ കൂടുതൽ അവസരങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് വേദികളുടെ എണ്ണം ഇത്തരത്തിൽ വിപുലീകരിക്കുന്നത്.
ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലും മത്സരങ്ങൾ നടക്കും. ചിന്നസ്വാമിയിൽ ഐപിഎൽ മത്സരങ്ങൾ നടത്താൻ കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന് (കെഎസ്‌സിഎ) കർണാടക സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഐപിഎൽ വിജയാഘോഷത്തിനിടെ 11 പേർ മരിച്ച ദുരന്തം അന്വേഷിച്ച ജുഡീഷ്യൽ കമ്മിഷന്റെയും സർക്കാരിന്റെയും വ്യവസ്ഥകൾ പ്രകാരമാണ് ഈ അനുമതി. ആൾക്കൂട്ട നിയന്ത്രണത്തിനായി 4.5 കോടി രൂപ ചെലവിൽ 350 എഐ ക്യാമറകൾ സ്ഥാപിക്കാമെന്ന് ടീം അധികൃതർ സർക്കാരിന് വാഗ്ദാനം ചെയ്തിരുന്നു.
തിരുവനന്തപുരത്തിനും ബംഗളൂരുവിനും പുറമെ, ടീമുകളുടെ ഹോം ഗ്രൗണ്ടുകളായ ചെന്നൈ, ഡൽഹി, ലഖ്നൗ, മുംബൈ, കൊൽക്കത്ത, അഹമ്മദാബാദ്, ഹൈദരാബാദ്, ജയ്പൂർ എന്നിവിടങ്ങളിലും ഐപിഎൽ ആവേശം അലതല്ലും. കൂടാതെ ധരംശാല, ന്യൂ ചണ്ഡീഗഢ്, ഗുവാഹത്തി, റാഞ്ചി, റായ്പൂർ, വിശാഖപട്ടണം എന്നിവയും സാധ്യതാ പട്ടികയിലുണ്ട്. മഹാരാഷ്ട്രയിൽ മുംബൈക്ക് പുറമെ പൂനെ, നവി മുംബൈ എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങളും മത്സരങ്ങൾക്കായി പരിഗണിക്കുന്നുണ്ട്.