'പരിചയസമ്പന്നരായ മുഹമ്മദ് സിറാജിനെയും ഇഷാന്ത് ശർമ്മയെയും നിസാരമായാണ് നേരിട്ടത്'; അടി കണ്ട് കമന്ററിക്ക് ഒപ്പമുണ്ടായിരുന്ന മുൻ താരം ഞെട്ടി; വൈഭവ് സൂര്യവംശിയെ കുറിച്ച് ഹെയ്ഡൻ പറഞ്ഞതിങ്ങനെ
ജയ്പൂർ: 35 പന്തിൽ സെഞ്ച്വറി നേടി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച വൈഭവ് സൂര്യവംശിയുടെ പ്രകടനത്തെക്കുറിച്ച് മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം മാത്യു ഹെയ്ഡൻ പറഞ്ഞ വാക്കുകൾ വെളിപ്പെടുത്തി രവി ശാസ്ത്രി. അന്ന് വൈഭവിന്റെ പ്രായത്തെക്കുറിച്ച് സംശയം പ്രകടിപ്പിച്ച് ഓസ്ട്രേലിയൻ ഇതിഹാസം മാത്യു ഹെയ്ഡൻ നടത്തിയ പരാമർശമാണ് അദ്ദേഹം അനുസ്മരിക്കുന്നത്. 'അയാൾക്ക് പ്രായം 14 ആകാൻ വഴിയില്ല,' എന്നായിരുന്നു ഹെയ്ഡന്റെ വാക്കുകളെന്ന് ശാസ്ത്രി ലിസ്നർ സ്പോർട്സ് പോഡ്കാസ്റ്റിൽ പറഞ്ഞു.
ഇക്കഴിഞ്ഞ ഐ.പി.എൽ സീസണിലാണ് വൈഭവ് സൂര്യവംശിയുടെ പ്രതിഭ ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധയിൽപ്പെട്ടത്. 1.1 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് താരത്തെ ടീമിലെത്തിച്ചത്. ഗുജറാത്ത് ടൈറ്റൻസിനെതിരെ സെഞ്ച്വറി നേടിയതോടെ ആരാധകരുടെ അമ്പരപ്പ് ആവേശമായി മാറി. അനുഭവസമ്പന്നരായ ബൗളർമാരെ അനായാസം നേരിട്ട്, 35 പന്തിൽ സെഞ്ച്വറി തികച്ച വൈഭവിന്റെ പ്രകടനം പലരെയും ഞെട്ടിച്ചു.
തുടർന്ന് ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും നടന്ന അണ്ടർ-19 മത്സരങ്ങളിലും വൈഭവ് തന്റെ ബാറ്റിംഗ് മികവ് തുടർന്നു. ഇംഗ്ലണ്ടിനെതിരെ 78 പന്തിൽ 143 റൺസും ഓസ്ട്രേലിയക്കെതിരെ 62 പന്തിൽ 104 റൺസുമാണ് താരം നേടിയത്. 'അന്ന് ജയ്പുരിലെ ആ മത്സരത്തിന് ഞാൻ കമന്‍റേറ്ററായിരുന്നു. ഒമ്പതോ പത്തോ ഓവറുകൾ പിന്നിടുമ്പോഴേക്കും വൈഭവ് സെഞ്ച്വറി പൂർത്തിയാക്കിയിരുന്നു,' രവി ശാസ്ത്രി പറയുന്നു.
'പരിചയസമ്പന്നരായ മുഹമ്മദ് സിറാജിനെയും ഇഷാന്ത് ശർമയെയും നിസാരമായാണ് അയാൾ നേരിട്ടത്. എക്സ്ട്രാ കവറിനും മിഡ് വിക്കറ്റിനും മുകളിലൂടെ പത്ത് ബൗണ്ടറികൾ അപ്പോഴേക്കും നേടിയിരുന്നു. അതുകണ്ട് എന്റെ അരികിലിരുന്ന മാത്യു ഹെയ്ഡൻ പറഞ്ഞത്, '14 വയസ്സുള്ള പയ്യനാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല' എന്നാണ്. നിലവിൽ കരിയറിലെ ഒരു നിർണ്ണായക ഘട്ടത്തിലൂടെയാണ് വൈഭവ് കടന്നുപോകുന്നതെന്ന് രവി ശാസ്ത്രി സൂചിപ്പിച്ചു.
ഇത്രയധികം ചെറുപ്പത്തിൽത്തന്നെ വലിയ കളിമികവ് കാഴ്ചവെക്കുന്ന താരങ്ങൾക്ക് സച്ചിൻ തെണ്ടുൽക്കറെപ്പോലെ കൃത്യമായ മാർഗനിർദ്ദേശങ്ങളും പരിശീലനവും ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 'അടുത്ത രണ്ടോ മൂന്നോ വർഷം അദ്ദേഹത്തിന് കൃത്യമായ പരിശീലനവും മാർഗനിർദ്ദേശവും ലഭിക്കണം. വലിയ ആത്മവിശ്വാസമുണ്ടെങ്കിലും എല്ലാ സമയത്തും കാര്യങ്ങൾ ഒരുപോലെ കൈകാര്യം ചെയ്യാൻ കഴിഞ്ഞെന്ന് വരില്ല. ചിലപ്പോഴെല്ലാം പരാജയപ്പെടാനുള്ള സാധ്യതയുണ്ടെന്ന് അയാളെ പറഞ്ഞുമനസ്സിലാക്കണം. അതിൽ നിരാശപ്പെടരുത്. ചെയ്യുന്ന കാര്യങ്ങൾ തുടർന്നുകൊണ്ടേയിരിക്കാൻ അയാളെ പ്രചോദിപ്പിക്കണം,' ശാസ്ത്രി പറഞ്ഞു.