ഐപിഎല്ലില്‍ ഇന്ന് ക്ലാസിക് പോരാട്ടങ്ങള്‍; രാജസ്ഥാന്‍ ഹൈദരബാദിനെയും, മുംബൈ ചെന്നൈയെയും നേരിടും

Update: 2025-03-23 07:15 GMT

ഹൈദരാബാദ്: ഐപിഎല്‍ മത്സരങ്ങള്‍ക്ക് ഇന്നലെ തുടക്കം ആയിരിക്കുകയാണ്. ഉദ്ഘാടന മത്സരത്തില്‍ കൊല്‍ക്കത്ത ആര്‍സിബിയെ നേരിട്ടു. ആദ്യ മാത്സരത്തില്‍ ആര്‍സിബി ജയിക്കുകയും ചെയ്തു. ഇന്ന് ഐപിഎല്ലില്‍ രണ്ട് പോരാട്ടങ്ങളാണ്. ആദ്യ മത്സരത്തില്‍ സഞ്ജുവിന്റെ രാജസ്ഥാന്‍ ഹൈദരാബാദിനെയും, രണ്ടാം മത്സരത്തില്‍ മുംബൈ ചെന്നൈയേയും നേരിടും. രാജസ്ഥാന്റെ മത്സരം വൈകിട്ട് 3.30നാണ്. പരിക്ക് മാറി എത്തിയെങ്കിലും സഞ്ജുവിനു പകരം ആദ്യ മൂന്ന് കളികളില്‍ റിയാന്‍ പരാഗാണ് രാജസ്ഥാനെ നയിക്കുക. സഞ്ജു ഇംപ്കാട് പ്ലെയറായി കളത്തിലെത്തും. വിരലിലെ പരിക്ക് മൂലം വിക്കറ്റ് കീപ്പറാകാന്‍ സഞ്ജുവിന് സാധിക്കില്ല. അതിനാല്‍ ബാറ്റിങ്ങിന് മാത്രമാകും സഞ്ജു ഇറങ്ങുക.

ജോഫ്ര ആര്‍ച്ചെര്‍, വാനിന്ദു ഹസരങ്ക, യശസ്വി ജയ്‌സ്വാള്‍, ഷിംറോണ്‍ ഹെറ്റ്മയര്‍ എന്നിവരാണ് രാജസ്ഥാന്റെ പ്രധാന താരങ്ങള്‍. പതിമൂന്നുകാരന്‍ വൈഭവ് സൂര്യവന്‍ഷിയും ടീമിലുണ്ട്. ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സാണ് നിലവിലെ റണ്ണറപ്പായ ഹൈദരാബാദിനെ നയിക്കുന്നത്. ഈ ഐപിഎല്‍ സീസണിലെ ഏക വിദേശനായകനും കമ്മിന്‍സാണ്. അഭിഷേക് ശര്‍മയും ഓസ്‌ട്രേലിയന്‍ താരം ട്രാവിസ് ഹെഡുമാണ് ഓപ്പണര്‍മാര്‍. ഹെന്റിച്ച് ക്ലാസെന്‍, ഇഷാന്‍ കിഷന്‍, മുഹമ്മദ് ഷമി, നിതീഷ് കുമാര്‍ റെഡ്ഡി തുടങ്ങിയവരും ഹൈദരാബാദ് ടീമിലുണ്ട്.

ഇന്നു നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ സൂപ്പര്‍ ടീമുകളായ ചെന്നൈ സൂപ്പര്‍ കിങ്സും മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടും. രാത്രി 7.30നാണ് മത്സരം. അഞ്ചുതവണ കിരീടം നേടിയ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്സും തമ്മിലുള്ള പോരാട്ടം തീപാറും. ഹര്‍ദിക് പാണ്ഡ്യ നയിക്കുന്ന ടീമില്‍ രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവുമുണ്ട്. വിലക്കുള്ളതിനാല്‍ ഇന്ന് ഹര്‍ദികിന് പകരം സൂര്യകുമാര്‍ യാദവാകും മുംബൈയെ നയിക്കുക. സ്പിന്‍ കരുത്തിലാണ് ചെന്നൈ ഇറങ്ങുന്നത്. മഹേന്ദ്ര സിങ് ധോണിയാണ് ശ്രദ്ധാകേന്ദ്രം. ഋതുരാജ് ഗെയ്ക്ക്വവാദാണ് ചെന്നൈയുടെ നായകന്‍. ചെന്നൈയിലാണ് മത്സരം.

Tags:    

Similar News