ഗെയ്ക്വാദിന്റെ ബാറ്റിംഗ് വെടിക്കെട്ടിന് കടിഞ്ഞാണിട്ടു; കണ്ണടച്ച് തുറക്കുംമുമ്പെ ദുബേയെയും ഹൂഡയെയും പുറത്താക്കി സ്വപ്‌നതുല്യമായ അരങ്ങേറ്റം; വിഘ്നേഷിന്റെ തോളത്ത് തട്ടി അഭിനന്ദിച്ച് സാക്ഷാല്‍ ധോണി; മലയാളി താരത്തിന്റെ പോരാട്ടവീര്യത്തെ പ്രശംസിച്ച് സൂര്യകുമാര്‍ യാദവ്
വിഘ്നേഷ് പുത്തൂരിനെ അഭിനന്ദിച്ച് ധോണിയും സൂര്യകുമാറും
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ യുവതാരത്തിന്റെ സ്വപ്‌നതുല്യമായ ഒരു അരങ്ങേറ്റത്തിനാണ് ഇന്നലെ ആരാധകര്‍ സാക്ഷിയായത്. മുംബൈ ഇന്ത്യന്‍സിന്റെ മലയാളി സ്പിന്നര്‍ വിഘ്നേഷ് പുത്തൂര്‍ ടീമില്‍ ലഭിച്ച ആദ്യ അവസരം തന്നെ മിന്നുന്ന പ്രകടനത്തിലൂടെ അവിസ്മരണീയമാക്കി. രോഹിത് ശര്‍മയ്ക്കു പകരം മുംബൈ ഇന്ത്യന്‍സിന്റെ ഇംപാക്ട് സബ്സ്റ്റിറ്റിയൂട്ടായി കളത്തിലിറങ്ങിയ മലയാളി താരം വിഘ്‌നേഷ് പുത്തൂര്‍ നേടിയതു ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മൂന്ന് വിലപ്പെട്ട വിക്കറ്റുകളാണ്. ചൈനാമാന്‍ ബോളറായ വിഘ്‌നേഷ് ബോള്‍ ചെയ്ത ആദ്യ ഓവറില്‍ വീണത് ചെന്നൈ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ്. രണ്ടാം ഓവറില്‍ ശിവം ദുബെയും പിന്നാലെ ദീപക് ഹൂഡയും വിഘ്‌നേഷിന്റെ ഇടംകൈ ലെഗ്‌സ്പിന്നിനു മുന്നില്‍ കീഴടങ്ങി.
നാല് ഓവറില്‍ 32 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ്. ആദ്യ മൂന്ന് ഓവറില്‍ 17 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് എന്ന നിലയിലായിരുന്നു വിഘ്‌നേഷ്. താരത്തിന്റെ അവസാന ഓവറില്‍ രചിന്‍ രവീന്ദ്ര രണ്ടു സിക്‌സുകള്‍ ഉള്‍പ്പെടെ 15 റണ്‍സ് അടിച്ചതോടെയാണ് നാല് ഓവറില്‍ 32 റണ്‍സ് വഴങ്ങി 3 വിക്കറ്റ് എന്ന നിലയിലേക്ക് നമ്പറുകള്‍ മാറിയത്. മത്സരം ചെന്നൈ ജയിച്ചെങ്കിലും കളിയില്‍ ശ്രദ്ധേയമായ പ്രകടനമായിരുന്നു ഇരുപത്തിനാലുകാരന്‍ വിഘ്‌നേഷിന്റേത്.
വിഘ്നേഷ് പുത്തൂര്‍ ഐപിഎല്‍ താരലേലത്തിലൂടെ മുംബൈ ഇന്ത്യന്‍സില്‍ എത്തിയത് തന്നെ അപ്രതീക്ഷിതമായിരുന്നു. കേരളത്തിന്റെ സീനിയര്‍ ടീമില്‍പോലും കളിക്കാത്ത വിഘ്നേഷിന്റെ ഐപിഎല്‍ അരങ്ങേറ്റം ഇതിനേക്കാള്‍ അവിശ്വസനീയമായി മാറി.
മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പന്തേല്‍പിച്ച ആദ്യ ഓവറില്‍ തന്നെ വിക്കറ്റ്. അതും തകര്‍പ്പന്‍ ഫോമില്‍ കളിക്കുകയായിരുന്ന സി എസ് കെ നായകന്‍ ഗെയ്ക്വാദിന്റേത്. തൊട്ടടുത്ത ഓവറില്‍ ശിവം ദുബേ. മൂന്നാം ഓവറില്‍ ദീപക് ഹൂഡ. വിഘ്നേഷ് മത്സരം പൂര്‍ത്തിയാക്കിയത് നാലോവറില്‍ 32 റണ്‍സിന് മൂന്നുവിക്കറ്റ്. സ്വപ്നതുല്യ അരങ്ങേറ്റത്തോളം മറക്കാത്ത സമ്മാനമായി മഹേന്ദ്ര സിംഗ് ധോണിയുടെ പ്രശംസ. പെരിന്തല്‍മണ്ണയിലെ ഓട്ടോഡ്രൈവറായ സുനില്‍ കുമാറിന്റെയും കെ പി ബിന്ദുവിന്റെയും മകനായ വിഘ്നേഷ് കേരളത്തിന്റെ ജൂനിയര്‍ ടീമുകളില്‍ കളിച്ചിട്ടുണ്ട്.
സീനിയര്‍ തലത്തില്‍ കേരളത്തിനായി ഒരു മത്സരം പോലും കളിക്കാതെയാണ് വിഘ്‌നേഷ് ഇത്തവണത്തെ ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിലെത്തിയത്. അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കു വിഘ്‌നേഷിനെ മുബൈ ടീമിലെടുക്കാന്‍ കാരണം, കഴിഞ്ഞ കേരള ക്രിക്കറ്റ് ലീഗില്‍ (കെസിഎല്‍) ആലപ്പി റിപ്പിള്‍സിനായി നടത്തിയ മികച്ച പ്രകടനമാണ്.
ട്രയല്‍സില്‍ മികച്ച പ്രകടനം നടത്തിയ വിഘ്‌നേഷിന് ദക്ഷിണാഫ്രിക്കന്‍ ട്വന്റി20 ലീഗില്‍ മുംബൈയുടെ ഉടമസ്ഥതയിലുള്ള ടീമായ എംഐ കേപ്ടൗണിന്റെ ക്യാംപില്‍ നെറ്റ്‌ബോളറാകാനും അവസരം കിട്ടി. അവിടെ അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാനുമായി അടുത്ത് ഇടപഴകാന്‍ സാധിച്ചതും വിഘ്‌നേഷിന്റെ കരിയറില്‍ നിര്‍ണായകമായി.
കേരള ക്രിക്കറ്റ് ലീഗിലെ മികച്ച പ്രകടനത്തിലൂടെ മുംബൈ ഇന്ത്യന്‍സിന്റെ സെലക്ഷന്‍ ട്രയല്‍സിലേക്ക് അവസരം. പരിശീലന ക്യാംപിലും നെറ്റ്സിലും ഹാര്‍ദിക് പണ്ഡ്യ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ തുടങ്ങിയ വെടിക്കെട്ട് ബാറ്റര്‍മാര്‍ക്കെതിരെ കണിശതയോടെ പന്തെറിഞ്ഞപ്പോള്‍ സീസണിലെ ആദ്യമത്സരത്തില്‍ തന്നെ 23കാരന് അവസരം. രോഹിത് ശര്‍മ്മയ്ക്ക് പകരം ഇംപാക്ട് പ്ലെയറയാണ് വിഘ്നേഷ് ടീമിലെത്തുന്നത്. പെരിന്തല്‍മണ്ണ പിടിഎം കോളേജിലെ എം എ വിദ്യാര്‍ഥിയാണ് വിഘ്നേഷ് പുത്തൂര്‍.
മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ വിഘ്‌നേഷ് മീഡിയം പേസറായാണ് ക്രിക്കറ്റിലെത്തിയത്. പ്രാദേശിക പരിശീലകനായ മുഹമ്മദ് ഷെരീഫാണ് വിഘ്‌നേഷിനെ ചൈനാമാന്‍ പന്തുകളെറിയാന്‍ പ്രേരിപ്പിച്ചത്. തൃശൂര്‍ സെന്റ് തോമസ് കോളജ് വിദ്യാര്‍ഥിയായ വിഘ്‌നേഷ് കേരള കോളജ് പ്രിമിയര്‍ ലീഗില്‍ നടത്തിയ മികച്ച പ്രകടനം വഴിയാണു കെസിഎലിലെത്തിയത്.
പ്രശംസിച്ച് സൂര്യകുമാര്‍ യാദവ്
രോഹിത് ശര്‍മ്മയ്ക്ക് പകരം ഇംപാക്ട് പ്ലെയറയാണ് വിഘ്നേഷ് ടീമിലെത്തുന്നത്. മലപ്പുറം, പെരിന്തല്‍മണ്ണ പിടിഎം കോളേജിലെ എം എ വിദ്യാര്‍ഥിയാണ് വിഘ്നേഷ് പുത്തൂര്‍. ഇപ്പോള്‍ മുംബൈ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാവദും വിഘ്നേഷിനെ കുറിച്ച് സംസാരിക്കുകയാണ്.
സൂര്യയുടെ വാക്കുകള്‍.. ''ഞങ്ങള്‍ക്ക് 15-20 റണ്‍സ് കുറവായിരുന്നു. പക്ഷേ ഞങ്ങളുടെ താരങ്ങള്‍ പുറത്തെടുത്ത കാണിച്ച പോരാട്ടവീര്യം പ്രശംസനീയമായിരുന്നു. മുംബൈ യുവതാരങ്ങള്‍ക്ക് എപ്പോഴും അവസരങ്ങള്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 10 മാസമായി സ്‌കൗട്ടുകളിലൂടെ താരങ്ങളെ കണ്ടെത്തുന്നു. അതിന്റെ ഫലമാണ് വിഘ്നേഷ്. 18-ാമത്തെ ഓവര്‍ അദ്ദേഹത്തിന് നല്‍കാന്‍ എനിക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. കളി കൂടുതല്‍ കൂടുതല്‍ സമയം മുന്നോട്ട് പോവുകയാണെങ്കില്‍ അവനെകൊണ്ട് ഒരു ചെയ്യിപ്പിക്കാന്‍ കരുതിയിരുന്നു. മാത്രമല്ല, രണ്ടാം ഇന്നിംഗ്സില്‍ റുതുരാജ് ബാറ്റ് ചെയ്ത രീതി കളിയെ ഞങ്ങളില്‍ നിന്ന് അകറ്റി.'' സൂര്യ പറഞ്ഞു. മത്സരശേഷം ഇതിഹാസ വിക്കറ്റ് കീപ്പര്‍ എം എസ് ധോണിയും വിഘ്നേഷിനെ തോളില്‍ തട്ടി പ്രശംസിച്ചിരുന്നു.