അടുത്ത സീസണില്‍ ധോണി കളിക്കുമോ ഇല്ലയോ? ഫ്രാഞ്ചൈസിയോട് സമ്മതം മൂളാതെ ധോണി; ആരാധകര്‍ ആശങ്കയില്‍

Update: 2024-10-21 09:21 GMT

2025 ഐപിഎല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി ധോണി കളിക്കുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകര്‍. ധോണി തുടരുന്ന കാര്യത്തില്‍ ഔദ്യോഗികമായി റിപ്പോര്‍ട്ടുകള്‍ ഒന്നും പുറത്ത് വന്നിട്ടില്ല. ധോണി കളിക്കുന്ന കാര്യം അദ്ദേഹത്തിന് മാത്രമേ അറിയികുയുള്ളൂ എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ കാശി വിശ്വനാഥന്‍. അടുത്ത സീസണിലും ധോണി കളിക്കണം എന്നാണ് ഫ്രാഞ്ചൈസിയുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമില്‍ ധോണിയും കളിക്കണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. എന്നാല്‍ ധോണി ഇതുവരെ ഒരു ഉറപ്പ് നല്‍കിയിട്ടില്ല. ഒക്ടോബര്‍ 31ന് മുന്‍പ് അറിയിക്കാം എന്നാണ് ധോണി പറയുന്നത്. ധോണി കളി തുടരും എന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നത്', കാശി വിശ്വനാഥന്‍ പറയുന്നു.

താര ലേലത്തിന് മുന്‍പ് ധോണിയെ അണ്‍ക്യാപ്പ്ഡ് താരമായി പരിഗണിച്ച് ടീമില്‍ നിലനിര്‍ത്താനുള്ള സാധ്യതയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് തേടുന്നതെന്ന വിലയിരുത്തലുകളാണ് ശക്തം. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് അഞ്ച് വര്‍ഷത്തോളം പിന്നിട്ട താരങ്ങളെ അണ്‍ക്യാപ്പ്ഡ് കളിക്കാരായി പരിഗണിക്കാം എന്ന നിയമം ഇത്തവണ ബിസിസിഐ തിരികെ കൊണ്ടു വന്നിരുന്നു. ഇത് ധോണിക്ക് വേണ്ടിയാണെന്ന വിലയിരുത്തലുകളാണ് ശക്തമായത്. അണ്‍ക്യാപ്പ്ഡ് താരമായി പരിഗണിച്ചാല്‍ നാല് കോടി രൂപയാവും ധോണിയുടെ പ്രതിഫലം.

ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ സ്ഥാനം ഋതുരാജ് ഗെയ്ക്വാദിനു നല്‍കിയ ശേഷം, വിക്കറ്റ് കീപ്പര്‍ ബാറ്ററായാണ് ധോണി കഴിഞ്ഞ സീസണില്‍ കളിച്ചത്. ഒരു ടീമിന് പരമാവധി ആറ് താരങ്ങളെ വരെ നിലനിര്‍ത്താനാണ് ബിസിസിഐ അനുമതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഡെത്ത് ഓവറുകളില്‍ ബാറ്റിങ്ങിനിറങ്ങി വെടിക്കെട്ട് ബാറ്റിങ് നടത്തി ധോണി ആരാധകരെ ത്രില്ലടിപ്പിച്ചിരുന്നു. 220.55 എന്നതാണ് കഴിഞ്ഞ സീസണിലെ ധോണിയുടെ ഐപിഎല്ലിലെ സ്‌ട്രൈക്ക്‌റേറ്റ്.

Tags:    

Similar News