'ജീവിതത്തിലെ പുതിയ അധ്യായം കുടുംബത്തോടൊപ്പം ആരംഭിക്കുന്നു; സ്നേഹത്താല്‍ ബന്ധിക്കപ്പെട്ട് എന്നേക്കും സന്തോഷത്തോടെ'; ഈ നിമിഷത്തില്‍ എത്തിച്ച എല്ലാര്‍ക്കും നന്ദി'; ഒളിമ്പ്യന്‍ നീരജ് ചോപ്ര വിവാഹിതനായി; വധു ടെന്നീസ് താരം
ചണ്ഡീഗഢ്: ജാവലിന്‍ ത്രോ താരവും ഇന്ത്യയുടെ ഇരട്ട ഒളിമ്പിക്‌സ് ഇരട്ട മെഡല്‍ ജേതാവുമായ നീരജ് ചോപ്ര വിവാഹിതനായി. ടെന്നീസ് താരവും അമേരിക്കയില്‍ വിദ്യാര്‍ഥിയുമായ ഹിമാനി മോറിനെയാണ് നീരജ് വിവാഹം ചെയ്തത്. വിവാഹം ശേഷം രണ്ട് പേരും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം.
'ജീവിതത്തിലെ പുതിയ അധ്യായം കുടുംബത്തോടൊപ്പം ആരംഭിക്കുന്നു. ഈ നിമിഷത്തിലേക്ക് ഞങ്ങളെ എത്തിച്ച എല്ലാ അനുഗ്രഹങ്ങള്‍ക്കും നന്ദി. സ്നേഹത്താല്‍ ബന്ധിക്കപ്പെട്ട് എന്നേക്കും സന്തോഷത്തോടെ'- എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കിട്ടത്. വിവാഹ ചടങ്ങുകളുടേയും അമ്മ ആശീര്‍വദിക്കുന്നതിന്റേയും ചിത്രങ്ങളാണ് താരം പങ്കിട്ടത്. സുഹൃത്തുക്കള്‍ക്കും മറ്റു അടുത്തവര്‍ക്കുമായി വിവാഹ സത്കാരം അടുത്ത ദിവസം നടത്തുമെന്നു താരത്തിന്റെ അമ്മാവന്‍ വ്യക്തമാക്കി.
ഹിമാനി ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നു ഫിസിക്കല്‍ എജ്യുക്കേഷനില്‍ ബിരുദം നേടിയിട്ടുണ്ട്. സ്പോര്‍ട്സ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദവുമുണ്ട്. ടെന്നീസ് കരിയറുമായി ബന്ധപ്പെട്ട് ഹിമാനി ഫ്രാംക്ലിന്‍ പിയേഴ്സ് യുനിവേഴ്സിറ്റി ടീമിന്റെ അസിസ്റ്റന്റ് കോച്ചായി നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നേരത്തെ അമേരിക്കയിലെ ആംഹെര്‍സ്റ്റ് കോളജ് ടെന്നീസ് ടീമിനെ പരിശീലിപ്പിച്ചിട്ടുണ്ട്.
ജാവലിന്‍ ത്രോയില്‍ ഒളിംപിക്സ് സ്വര്‍ണം, വെള്ളി മെഡലുകള്‍ നേടിയ താരമാണ് നീരജ്. അത്ലറ്റിക്സില്‍ വ്യക്തിഗത ഇനത്തില്‍ ഇന്ത്യക്കായി ഒളിംപിക്സില്‍ സ്വര്‍ണം നേടിയ ചരിത്രത്തിലെ ആദ്യ താരമെന്ന അനുപമ നേട്ടവും നീരജിനു സ്വന്തം.