ദേശീയ ഗെയിംസ് തുടങ്ങാന്‍ രണ്ടാഴ്ച മാത്രം; അറുനൂറോളം ടീം അംഗങ്ങളുടെ യാത്രക്ക് വേണ്ടത് 1.35 കോടിയോളം രൂപ; ഫണ്ടില്ലാതെ ക്യാംപ്, ഭക്ഷണം, താമസം എല്ലാം പ്രതിസന്ധിയില്‍; സര്‍ക്കാര്‍ കനിഞ്ഞില്ലെങ്കില്‍ മത്സരിക്കാന്‍ സാധിക്കില്ല; താരങ്ങള്‍ക്കും പരിശീലകര്‍ക്കും ഈ പ്രതിസന്ധി വലിയ തിരിച്ചടി

Update: 2025-01-12 04:30 GMT

തിരുവനന്തപുരം: ദേശീയ ഗെയിംസിന് മുന്നോടിയായി കേരള ടീം അഭിമാനമായി മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുമ്പോള്‍, ഫണ്ട് ലഭ്യമാക്കാതെ വന്നതോടെ ടീമിന്റെ എല്ലാ ഒരുക്കങ്ങളും അവതാളത്തിലായി. താരങ്ങളുടെ ക്യാംപ്, യാത്ര, ഭക്ഷണം, താമസം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളും സാമ്പത്തിക പ്രയാസങ്ങളില്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. സര്‍ക്കാരിന്റെ പിന്തുണ ഇല്ലാതെ താരങ്ങള്‍ വെല്ലുവിളികള്‍ക്കൊപ്പം സ്വപ്‌നങ്ങളെയും പൊരുതുകയാണ്. സ്‌പോര്‍ട്‌സില്‍ സംസ്ഥാനത്തിന്റെ അഭിമാനം ഉയര്‍ത്താന്‍ ശ്രമിക്കുന്ന താരങ്ങള്‍ക്കും പരിശീലകര്‍ക്കും ഇത് വലിയ തിരിച്ചടിയാണ്.

ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ 28നാണ് ദേശീയ ഗെയിംസ് ആരംഭിക്കുന്നത്. അറുനൂറോളം ടീം അംഗങ്ങളുടെ യാത്രയാണ് പണം ഇല്ലാത്തിന്റെ പേരില്‍ പ്രതിസന്ധിയിലായിരിക്കുന്നത്. ആവശ്യമായ മത്സര ഉപകരണങ്ങള്‍ പോലും വാങ്ങാന്‍ ഉതുവരെ കഴിഞ്ഞിട്ടില്ല. ട്രെയിനിന് ടിക്കറ്റ് ഇല്ല. ഫൈ്‌ളറ്റ് നോക്കുകയാണെങ്കില്‍ 1.35 കോടി രൂപ വേണം. തൊഴില്‍ വകുപ്പിനു കീഴിലുള്ള ഏജന്‍സിയായ ഒഡേപകിനെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സമീപിച്ചെങ്കിലും മുന്‍കൂര്‍ പണം നല്‍കണമെന്നായിരുന്നു മറുപടി.

പരിശീലനത്തിനായി ക്യംപുകള്‍ സംഘടിപ്പിക്കേണ്ട കായിക അസോസിയേഷന്‍ പണമില്ലാതെ വലയുകയാണ്. നിലവില്‍ 6 ഇനങ്ങള്‍ക്ക് മാത്രമാണ് ക്യാംപുകള്‍ ആരംഭിച്ചിരിക്കുന്നത്. സര്‍ക്കാരില്‍ നിന്നുള്ള ഫണ്ട് ലഭിക്കാത്തതിനാല്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലും കൈമലര്‍ത്തി. പണം കിട്ടാതെ ക്യാംപ് നടത്താനാകില്ലെന്ന നിലപാടിലാണ് പല അസോസിയേഷനുകളും. പരിശീലന ഉപകരണങ്ങള്‍ വാങ്ങുന്നതിനായി അതാത് അസോസലിയേഷനെ ഏല്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ അവര്‍ മുടക്കുന്ന പണം എപ്പോള്‍ ലഭിക്കുമെന്ന കാര്യത്തില്‍ വ്യക്തത ഇല്ല. 3 കോടിയോളം രൂപയാണ് ഉപകരണങ്ങള്‍ വാങ്ങാനായി മാത്രം വേണ്ടത്. ഓരോ താരത്തിനുമുള്ള സ്‌പോര്‍ട്‌സ് കിറ്റിനും ശരാശരി 20,000 രൂപ വേണം.

പരിശീലന ക്യാംപുകള്‍ക്കും കിറ്റും ഉപകരണങ്ങളും വാങ്ങാനും യാത്രയ്ക്കും അലവന്‍സിനുമായി 9.9 കോടി രൂപയാണു കൗണ്‍സില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പക്ഷേ, ഗെയിംസിന് രണ്ടര ആഴ്ച മാത്രം ശേഷിക്കെ ധനവകുപ്പ് കനിഞ്ഞിട്ടില്ല. കഴിഞ്ഞ തവണ 10 കോടി രൂപ ആവശ്യപ്പെട്ടപ്പോള്‍ 5 കോടിയാണ് അനുവദിച്ചത്. മൂന്നാഴ്ചത്തെയെങ്കിലും പരിശീലന ക്യാംപ് നടത്തിയാലേ ഗുണമുണ്ടാകൂവെന്നു അസോസിയേഷനുകള്‍ പറയുന്നു. ക്യാംപില്‍ ഒരു താരത്തിന് പ്രതിദിന ഭക്ഷണ താമസ അലവന്‍സായി 800 രൂപയാണ് അനുവദിക്കുക. ഇതില്‍ 500 രൂപ ഭക്ഷണത്തിനാണ്. കഴിഞ്ഞ തവണ ക്യാംപുകള്‍ക്കായി 60% തുക മുന്‍കൂറായി നല്‍കിയിരുന്നു.

അതേസമയം, ക്യാംപുകള്‍ തുടങ്ങാനും ഉപകരണങ്ങള്‍ വാങ്ങാനും അസോസിയേഷനുകള്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ടെന്‍ഡര്‍ നടപടികളും ആരംഭിച്ചു. കുറച്ച് തുക അഡ്വാന്‍സായി നല്‍കി ഒഡേപക് വഴി വിമാന ടിക്കറ്റ് ബുക്ക് ചെയ്യാനും ശ്രമിക്കുന്നുണ്ട്. പണം അനുവദിച്ചു കിട്ടാന്‍ കാത്തിരിക്കുകയാണെന്ന് കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി പറഞ്ഞു.

Tags:    

Similar News